Thursday, 29 August 2013

വേദനകളെ നേരംപോക്കാക്കുന്ന രസതന്ത്രം



     ഒരു വ്യക്തിയും താനൊരു രോഗിയാണെന്ന് സ്വയം പറയാന്‍ ഒരിയ്ക്കലും 

ഇഷ്ടപ്പെടുകയില്ല. പ്രത്യേകിച്ചും അത് മാനസികരോഗമാകുമ്പോള്‍. എന്നാല്‍ അത് 

തുറന്നുപറയുകയും അതും തന്റെ ഫലിതമയമായ സൃഷ്ടിയ്ക്കു പരഭാഗശോഭ കൊടുക്കുന്ന 

ഒരു   സ്ഥിതിവിശേഷമായി ഉപയോഗിയ്ക്കുകയും ചെയ്ത ഒരുസാഹിത്യകാരനുണ്ട് നമുക്ക് 

വൈക്കം മുഹമ്മദ്‌ ബഷീര്‍. വല്ലപ്പുഴ പി. സി. ഗോവിന്ദന്‍ നായരുടെ ചികിത്സാലയത്തില്‍ 

ഭ്രാന്തിനു ചികിത്സയിലിരിയ്ക്കെ ( ബഷീറിന്റെ   തന്നെ  ഭാഷയില്‍ പറഞ്ഞാല്‍ “ ശുദ്ധ 

സുന്ദരമായ ഭ്രാന്ത് ” ) അദ്ദേഹം എഴുതിയതാണ് “ പാത്തുമ്മായുടെ ആട് ” എന്ന നോവല്‍. 

“ ഇതൊരു തമാശക്കഥയാണ്. എങ്കിലും ഇതെഴുതുമ്പോള്‍  ഞാനാകെ വെന്തു 

നീറുകയായിരുന്നു ” എന്ന   അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് തന്നെ മനസ്സിലാക്കാം 

അതെത്രത്തോളം സ്വാനുഭവവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന്. 1954 ല്‍

എഴുതിക്കഴിഞ്ഞ ഈ നോവല്‍ അഞ്ചു കൊല്ലം കഴിഞ്ഞാണ് പ്രസിദ്ധീകരിച്ചത്. മറ്റെല്ലാ 

കൃതികളും എഴുതിക്കഴിഞ്ഞാല്‍ ചില തിരുത്തലുകളും മാറ്റലുകളുമൊക്കെ ഉണ്ടാകാറുണ്ട്. 

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നോവല്‍ വായിച്ചപ്പോഴും ഒന്നും തിരുത്താനോ 

പകര്ത്തിയെഴുതാണോ തോന്നിയില്ല എന്ന് പറയുമ്പോള്‍ ഭ്രാന്തമായ മനസ്സില്‍ നിന്ന് 

വാര്‍ന്നു വീണ കാര്യങ്ങള്‍ വാസ്തവവിരുദ്ധങ്ങളായിരുന്നില്ല എന്ന് നാം മനസ്സിലാക്കണം. 

“ ഇതെന്റെ വീട്ടിലെ സത്യമായ കഥയാണെന്നോര്‍ക്കണം ” എന്ന് ബഷീര്‍ ആദ്യമേ 

പറഞ്ഞു വെയ്ക്കുന്നുണ്ട്. കുടുംബാംഗങ്ങളെ കുറ്റപ്പെടുത്തുകയും അവരുടെ കുറവുകള്‍ 

എടുത്തുകാണിയ്ക്കുകയും ചെയ്യുമ്പോള്‍ ബഷീര്‍ തന്നെ ഒഴിവാക്കുന്നില്ല. സ്വന്തം 

സമുദായക്കാരെക്കൂടി  പരിഹസിയ്ക്കാന്‍ മടിയ്ക്കാത്ത കുഞ്ചന്‍നമ്പ്യാരുടെ പിന്‍മുറക്കാരന്‍ 

തന്നെ.


നോവല്‍ വായിയ്ക്കുമ്പോള്‍ ത്തന്നെ ഒരു വ്യത്യസ്തത വായനക്കാരനനുഭൂതമാകും. സ്വന്തം 

കുടുംബാംഗങ്ങളെ കഥാപാത്രങ്ങളാക്കി ക്കൊണ്ട്  നോവലെഴുതിയപ്പോള്‍ ബഷീര്‍ അതില്‍ 

കേന്ദ്ര കഥാപാത്രമാക്കിയത് അവരെയോ, തന്നെയോ അല്ല ഒരാടിനെയാണ് – ബഷീറിന്റെ 

അനുജത്തി പാത്തുമ്മായുടെ ആട്. ഇവിടെ നമുക്ക് കാണാനാകുന്നത് കേവലം ബാലിശമായ 

ഒരു ഭാവനയല്ല , മറിച്ച് ഒരു പ്രപഞ്ച വ്യാപ്തിയുള്ള 

സങ്കല്‍പം തന്നെ ഒരാടിലൂടെ മുന്നോട്ടു 

വെയ്ക്കുകയാണ് നോവലിസ്റ്റ്. ചാമ്പമരം, ഇലിമ്പന്‍ പുളി 

മരം, പ്ലാവ്, പാത്തുമ്മായുടെ ആട്, 

ആനുമ്മായുടെ ആട്, കാക്കകള്‍, കോഴികള്‍, പരുന്ത്, 

എറിയാന്‍, എലി, പൂച്ച – ഇതൊക്കെ 

മനുഷ്യരുമൊന്നിച്ചൊരു വീട്ടില്‍ സ്വതന്ത്രമായി 

വിഹരിയ്ക്കുന്നിടത്ത് ലോകത്തിന്റെ ഒരു 

ചെറിയ പതിപ്പ് തന്നെയാണ് കാണുന്നത്.
  


ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും


     നോവലിലെ പ്രധാനപ്രശ്നം ദാരിദ്ര്യമാണ്. ധാരാളം യാത്ര ചെയ്യുന്ന ബഷീറിന്റെ 

അനുഭവസമ്പത്ത് വിശാലമാണ് , അറിവുമതെ. തന്റെ വീട്ടുകാരുടെ സാമ്പത്തികമായും, 

സാംസ്കാരികമായും, വൈജ്ഞാനികമായുമുള്ള പിന്നോക്കാവസ്ഥ അദ്ദേഹത്തെ 

ചിന്തിപ്പിയ്ക്കുന്നുണ്ട്. ചാമ്പയ്ക്ക പറിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് വിറ്റ്‌ ഉമ്മ കാശുണ്ടാക്കുന്നതു 

കാണുമ്പോള്‍ ബഷീറിനു ദേഷ്യം വരുന്നു. അനുജന്മാരുടെ കൊച്ചു കുഞ്ഞുങ്ങള്‍ ചാമ്പയ്ക്ക 

നിറച്ച കുട്ടയും മുന്നില്‍ വെച്ച് ചന്തയിലിരുന്ന് കണക്കു പറഞ്ഞ് കച്ചവടം നടത്തുമ്പോള്‍ 

വായനക്കാരന്റെ മനസ്സിലുണ്ടാകുന്ന കൌതുകം ബഷീറിനുണ്ടാകാന്‍ സാദ്ധ്യതയില്ലല്ലോ?

കുട്ടികള്‍ മിക്കപ്പോഴും നഗ്നരാണ്, ഹനീഫ തന്റെ കൊച്ചുകുഞ്ഞിനെക്കൊണ്ട് തന്റെ 

കള്ളങ്ങള്‍ ക്കനുകൂലമായി സാക്ഷി പറയാന്‍ പഠിപ്പിയ്ക്കുന്നു –കുട്ടികളെ 

വളര്‍ത്തേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച് ബഷീര്‍ അനുജന്മാരെ ഉപദേശിയ്ക്കുന്നുണ്ട്.  

പക്ഷേ അവരുടെ ചിന്ത അതൊന്നുമല്ല, എങ്ങനെ കാശുണ്ടാക്കാമെന്നാണ് .  മാതൃകാപര 

മായ ജീവിതത്തെക്കുറിച്ച് ബഷീറിന് ധാരണകളുണ്ട്. ബഷീറിനെപ്പോലെ ചിന്തിയ്ക്കാന്‍ 

പക്ഷേ, കുടുംബാംഗങ്ങള്‍ക്ക്  കഴിയുന്നില്ല. അവര്‍ക്കാവശ്യംനിത്യവൃത്തിയ്ക്ക് വേണ്ട 

പണം എങ്ങനെയെങ്കിലും ഉണ്ടാക്കുക എന്നതാണ്. ബഷീര്‍ പറയും പോലെ 

ജീവിയ്ക്കണമെങ്കില്‍ പണം വേണം. അവിടെയില്ലാത്തത്  അതാണ്‌. എല്ലാ കുട്ടികള്‍ക്കും 

കുട കൊടുത്തപ്പോള്‍  ബഷീര്‍  തന്റെ മകള്‍ ഖദീജയെ മറന്നു കളഞ്ഞത് പരിഹരിയ്ക്കാന്‍  

പാത്തുമ്മയ്ക്ക്  സ്വര്‍ണ്ണക്കമ്മല്‍ വേണം. ആനുമ്മയ്ക്ക് പുതിയ വീട്ടിലേയ്ക്ക് പാത്രങ്ങള്‍ 

വേണം, അബുവിന് വീട് ഓടു മേയണം, ഉമ്മ എന്ത് പറഞ്ഞാലും ഒടുവില്‍ കാശ് ചോദിച്ചു 

കൊണ്ടാണ് നിര്‍ത്തുക – എല്ലാവര്ക്കും ആവശ്യങ്ങളുണ്ട്. ബഷീര്‍ ഉമ്മയ്ക്ക് കൊടുക്കുന്ന 

പണം അബ്ദുള്‍ ഖാദര്‍  നിര്‍ബ്ബന്ധം പിടിച്ച് കൈക്കലാക്കും. സ്വന്തം ആവശ്യത്തിനോ , 

  സ്വന്തം  കുടുംബത്തിനു മാത്രം  വേണ്ടിയോ അല്ല, ആ കൂട്ടുകുടുംബത്തിനു മുഴുവന്‍ വേണ്ടി. 

ഹനീഫയാണെങ്കില്‍ വീട്ടുചെലവിനു രണ്ടണയില്‍ കൂടുതല്‍ കൊടുക്കില്ല. കൂട്ടത്തില്‍ ഏറ്റവും 

പരാന്നജീവി അയാളാണ്. സ്വന്തം ആവശ്യങ്ങള്‍ മുഴുവന്‍  ചുളുവില്‍ , മറ്റുള്ളവരുടെ 

ചെലവില്‍ നടത്തിയെടുക്കും അയാള്‍. ഉമ്മ വീട്ടിലേയ്ക്ക് ആവശ്യമായ പാത്രങ്ങള്‍ , 

മെത്തപ്പായ, ചെമ്പുകലം – തുടങ്ങിയവയെല്ലാം ബഷീറിനെക്കൊണ്ട്  ഓരോ ന്യായങ്ങള്‍ 

പറഞ്ഞു വാങ്ങിപ്പിയ്ക്കും. അയല്‍വാസികളായ സ്ത്രീകള്‍ തങ്ങള്‍  പണ്ട് ബഷീറിനു മുല 

കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് അടുപ്പം കാണിച്ച് കാശ് വാങ്ങും. എല്ലാ ഇടത്തരക്കാരുടെയും 

വീട്ടിലെ സാമ്പത്തികാവസ്ഥ കഷ്ടമാണെന്ന് ബഷീര്‍ നോവലില്‍ പറയുന്നുണ്ട്. 

അതുകൊണ്ടാണ്  തന്റെ ദാരിദ്ര്യത്തിനിടയിലും അവര്‍ക്ക് കൂടി കാശ് കൊടുക്കാന്‍ ബഷീര്‍ 

തയ്യാറായത്. നൂറു രൂപ വരെയായപ്പോള്‍  ഇനി താനാരുടേയും മുല കുടിച്ചിട്ടില്ല എന്ന് 

പറഞ്ഞ്  ബഷീര്‍  സംഭാവന നിര്‍ത്തിയത്  നമ്മെ ചിരിപ്പിയ്ക്കുമെങ്കിലും ആ ‘ നൂറു രൂപ 

വരെ ’ കൊടുക്കാനുള്ള  ബഷീറിന്റെ സന്നദ്ധത നാം കാണേണ്ടതുണ്ട്.


പാത്തുമ്മയുടെ ചെയ്തികളെല്ലാം ദു:സാമര്‍ത്ഥ്യമായി നമുക്ക് തോന്നുമെങ്കിലും 

കഥാവസാനം ബഷീര്‍ താന്‍ കണ്ട പാത്തുമ്മയുടെ വീടിന്റെ അവസ്ഥ വിവരിയ്ക്കുമ്പോള്‍ 

അവളുടെ ദയനീയതയും നാമറിയുന്നു. ആടിനു ആവശ്യമായ കഞ്ഞിവെള്ളവും, ഭക്ഷണവും, 

പ്രസവവുമടക്കം തറവാട്ടിലാണ് നടക്കുന്നത് , അവിടെയുള്ളവരാണ് ശ്രദ്ധിയ്ക്കുന്നത്. 

പക്ഷേ ആടിന്റെ പാല് പുറത്ത് വില്‍ക്കാനാണ് പാത്തുമ്മ ശ്രമിച്ചത് . അതവളുടെ ഗതികേട് 

കൊണ്ടാണ് . കൊച്ചുണ്ണിയ്ക്കും ഖദീജയ്ക്കും പോലും അവള്‍ പാല് കൊടുത്തിട്ടില്ല. 

പകലന്തിയോളം പണിയെടുക്കുന്ന ആ വീടിലെ പെണ്ണുങ്ങളുടെ  ഭക്ഷണം കപ്പപ്പുട്ടും ഒരു 

നുള്ള്  തേയിലയിട്ടുണ്ടാക്കുന്ന പാലും പഞ്ചസാരയുമില്ലാത്ത  ചായയുമാണ്. അവര്‍ ആ 

ആടിനെ കട്ടു കറന്നെങ്കില്‍  അതില്‍ തെറ്റ് പറയാനില്ല. ആ വീട്ടില്‍  മോഷണം 

ആദ്യമായൊന്നുമല്ല , കുട്ടിക്കാലം മുതല്‍ക്കേയുള്ള കഥകളിലെല്ലാം ബഷീറിനു മോഷണ 

സംഭവങ്ങളെക്കുറിച്ച് പറയാനുണ്ട്. ബഷീറിന്റെയും അബ്ദുള്‍ ഖാദറിന്റെയും നെയ്‌ 

മോഷണം, മുല കുടിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ ഹനീഫ വെററവട്ടിയില്‍ നിന്നും കാശ് കട്ടത് 

, ഉമ്മയ്ക്കൊരിയ്ക്കലും മനസ്സിലാകാത്ത രീതിയില്‍ ബഷീര്‍ പണം കട്ടത്, വലുതായതിനു 

ശേഷവും അനുജന്മാരെല്ലാവരും ബഷീറിന്റെ മുണ്ടും ഷര്‍ട്ടും കട്ടെടുത്തത് ( ഉമ്മായുമുണ്ട് 

അക്കൂട്ടത്തില്‍ ) – എന്ന് തുടങ്ങി ഉമ്മ മുതല്‍ അബു വരെയുള്ള എല്ലാവരും ആ വീട്ടില്‍ 

മോഷ്ടാക്കളാണ്. പക്ഷേ പാല്‍ മോഷണം ബഷീറിനു പൊറുക്കാനായില്ല , പാത്തുമ്മയുടെ 

ദയനീയത അറിഞ്ഞത് കൊണ്ടാകാം. ബഷീറത് പാത്തുമ്മയോട് പറഞ്ഞു. അവള്‍ 

ആട്ടിന്‍കുട്ടിയെ മാറ്റിനിര്‍ത്തി. അപ്പോള്‍ പെണ്ണുങ്ങള്‍  കൊച്ചുകുട്ടികളെ വെച്ച് പാല്‍ 

ചുരത്തിച്ചു. വിവരമറിഞ്ഞ പാത്തുമ്മ ഗത്യന്തരമില്ലാതെ കൊടുക്കുന്ന പാലും, വീട്ടുകാര്‍ 

മോഷ്ടിയ്ക്കുന്ന പാലും – അങ്ങനെ രണ്ടുതരത്തില്‍  വീട്ടില്‍ പാല് കിട്ടിത്തുടങ്ങി.

സാമ്പത്തിക വിഷമതകളാണ് ബഷീറിന്റെ വീട്ടിലെ കൊച്ചു കൊച്ചു കലഹങ്ങള്‍ക്ക് 

കാരണം . അബ്ദുള്‍ ഖാദര്‍ നിസ്വാര്‍ത്ഥമായി ആ കൂട്ടു കുടുംബത്തിന്റെ  സുരക്ഷ 

നിര്‍വ്വഹിയ്ക്കുന്നുണ്ട്. കുട്ടിക്കാലത്ത് മഹാപോക്കിരിയായിരുന്ന അയാള്‍ പിന്നീട്  പല പല 

ജോലികള്‍ മാറി മാറി ചെയ്ത്  കുടുംബം പോററാന്‍ പാടു പെടുകയാണ് . വികലാംഗനായ 

അയാള്‍ക്ക് ഈ പ്രാരാബ്ധങ്ങള്‍  പ്രായത്തില്‍ കവിഞ്ഞ വാര്‍ദ്ധക്യവുമുണ്ടാക്കി 

ക്കൊടുക്കുന്നുണ്ട്. പിശുക്കനും സ്വാര്‍ത്ഥനുമായ ഹനീഫയുമായി 

കലഹങ്ങളുണ്ടാകുന്നുവെങ്കിലും ആ കലഹം അയാളെ ഇറക്കിവിടുന്നതില്‍ 

കലാശിയ്ക്കുന്നില്ല. പണിയൊന്നുമെടുക്കാതെ ‘ സ്റൈറലനായി ’ ,  ‘ വൃത്തിക്കാരനായി ’ 

നടക്കുന്ന അബുവും ആ  വീട്ടില്‍ ത്തന്നെയുണ്ട്. ദാരിദ്ര്യം ഇവരുടെയൊക്കെ പൊതു 

പ്രശ്നമായതു  കൊണ്ടാണ്  പാത്തുമ്മ വീട്ടില്‍  പാല്‍  കൊടുക്കാത്തതിനുള്ള കാരണം 

ഇവര്‍ക്ക് മനസ്സിലാകാഞ്ഞതും പ്രതിഷേധിച്ചതും.  വിശ്രമം തേടി നാട്ടിലെത്തിയ ബഷീര്‍   

ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍  ചെന്ന് കുടുങ്ങിയപ്പോള്‍ എതിര്‍പ്പോ ദേഷ്യമോ 

കാണിയ്ക്കുന്നില്ല്ല. നിശ്ശബ്ദതയും ശാന്തതയും വേണം, എത്തിയത് എല്ലാ 

കോലാഹലങ്ങള്‍ക്കുമിടയില്‍ . വൃത്തിബോധമുണ്ട് , എത്തിയത് പലതരം ജന്തുക്കള്‍ ഒന്നിച്ചു  
ജീവിയ്ക്കുന്ന വീട്ടില്‍ . കുടുംബാംഗങ്ങളെല്ലാം കാശിനു വേണ്ടി ബഷീറിനെ ചൂഷണം 

ചെയ്യാന്‍ ശ്രമിയ്ക്കുന്നു. ശുണ്ഠി മൂക്കുമ്പോള്‍ ബഷീര്‍ എല്ലാവരേയും വഴക്ക് പറയും.  പക്ഷേ 

ആരോടും ദേഷ്യമില്ല. കഴിയും വിധം എല്ലാവരെയും സഹായിയ്ക്കുന്നുണ്ട് , കുട്ടികളെ 

വളരെയധികം സ്നേഹിയ്ക്കുന്നുണ്ട്. അങ്ങനെ പതിനെട്ടംഗങ്ങളുള്ള ആ കുടുംബം യാതൊരു 

സൌകര്യവുമില്ലാത്ത ആ വീട്ടില്‍ ഒന്നിച്ചു ജീവിയ്ക്കുന്നു. പരസ്പര സ്നേഹമുളളതിനാല്‍  

അവരുടെ കലഹങ്ങള്‍ തെററിപ്പിരിയാന്‍ പ്രേരിപ്പിയ്ക്കുന്ന വിധത്തിലുള്ള പ്രശ്നങ്ങള്‍ 

സൃഷ്ടിയ്ക്കുന്നില്ല. എല്ലാറ്റിലും എല്ലാവരിലും നന്മ 


കാണുന്ന ബഷീറിന്റെ ജീവിത വീക്ഷണം 

ഇവിടെയും പ്രകടമാകുന്നു. കുടുംബ ബന്ധങ്ങളിലെ 

പ്രശ്നങ്ങളും വേദനകളും  സ്വാര്‍ത്ഥതകളുമൊക്കെ ഇവിടെ 

മധുരീകൃതമാകുന്നത്  നാമറിയുന്നു.



പാത്തുമ്മായുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി



     ‘ പാത്തുമ്മായുടെ ആട് ’ എന്ന്  ബഷീര്‍ നോവലിന് പേര് കൊടുത്തത്  ആ 

കുടുംബത്തിന്റെ മുഴുവന്‍  പ്രതീക്ഷയാണെന്നതു കൊണ്ടു തന്നെ. കാരണം ആ നോവലില്‍ 

പ്രതിപാദിയ്ക്കപ്പെടുന്ന പ്രധാന പ്രശ്നം കുടുംബത്തിലെ ദാരിദ്ര്യമാണ് , പ്രധാന കഥാപാത്രം 

ആടും. പ്രധാന പ്രശ്നത്തെ  പ്രധാന കഥാപാത്രത്തെക്കൊണ്ട് പൂരിപ്പിയ്ക്കുകയെന്ന 

വസ്തുതയാണീ ശീര്‍ഷകത്തിനു പിന്നില്‍. ആടിന്റെ പ്രസവത്തോടെ ദാരിദ്ര്യമൊന്നടങ്ങും 

എന്ന് പ്രതീക്ഷിയ്ക്കുന്നത്  ഉടമസ്ഥയായ  പാത്തുമ്മ മാത്രമല്ല, ആ വലിയ കുടുംബം 

മുഴുവനുമാണ്. ഗര്‍ഭശുശ്രൂഷയും,പ്രസവവും, പ്രസവശേഷമുളള പരിചരണവുമൊക്കെ ഒരു 

മാനുഷികപരിഗണനയോടെയാണ് പ്രതിപാദിയ്ക്കുന്നത്.


മറ്റൊരു പേരു കൂടി ബഷീര്‍  തന്റെ കഥയ്ക്ക്‌ കല്പിയ്ക്കുന്നുണ്ട് – 'പെണ്ണുങ്ങളുടെ ബുദ്ധി '. 

സൂത്രവും , വക്രബുദ്ധിയും കുശുമ്പും പെണ്ണുങ്ങള്‍ക്കുണ്ടെന്നു ബഷീര്‍ പറയുന്നതായി ഇതില്‍ 

നിന്ന് തോന്നാമെങ്കിലും സ്ത്രീകളെ അങ്ങനെ ഇടിച്ചു താഴ്ത്തി കാണിയ്ക്കാന്‍ ബഷീര്‍ 

വിചാരിച്ചിട്ടില്ല എന്നും നമുക്ക് മനസ്സിലാക്കാം. ഒന്നാമത്തെ ഉദാഹരണം ഉമ്മ തന്നെ. ഉമ്മ 

ബഷീറില്‍ നിന്നും പണവും വീട്ടുസാധനങ്ങളും ചോദിച്ചു വാങ്ങുന്നുണ്ടെങ്കിലും അവരൊരു 

അത്യാര്‍ത്തിക്കാരിയല്ല. ആ പണവും ചാമ്പങ്ങ വിറ്റും വില്പിച്ചും ഉണ്ടാക്കുന്ന പണവും ഉമ്മ 

വീട്ടാവശ്യങ്ങള്‍ക്ക് തന്നെയാണുപയോഗിയ്ക്കുന്നത്.  അബ്ദുള്‍ ഖാദര്‍  ആ പണം 

നിര്‍ബ്ബന്ധമായി കൈക്കലാക്കുമ്പോഴും ഉമ്മ എതിര് പറയാത്തത് അത് 

ദുരുദ്ദേശ്യത്തോടെയല്ല എന്നറിയാവുന്നതു കൊണ്ട് തന്നെ.  മക്കളുടെയെല്ലാം കുറ്റവും കുറവും 

മികവുമൊക്കെ നന്നായി അറിയുന്ന ഉമ്മ ഒരു പക്ഷഭേദവും കാണിയ്ക്കാറില്ല. മക്കളെ 

ഒരുമിച്ചു നിര്‍ത്താന്‍ കഴിവുള്ള ഉമ്മ മരുമക്കളെ ഒരുമിച്ചു നിര്‍ത്താന്‍ കഴിവുള്ള 

അമ്മായിഅമ്മ കൂടിയാണ്. ഒരമ്മായിയമ്മപ്പോരോ നാത്തൂന്‍ പോരോ ആ വീട്ടില്‍ 

കേള്‍ക്കാറില്ല എന്ന് ബഷീര്‍ തന്നെ പറയുന്നുണ്ട്. പാത്തുമ്മയുടെ ആടിനെ ഐശോമ്മയും , 

കുഞ്ഞാനുമ്മയും, ആനുമ്മയും ചേര്‍ന്ന് കട്ടുകറന്നപ്പോള്‍ ഉമ്മ അവരുടെ കൂടെ നില്‍ക്കുന്നത്  

അവരുടെ പക്ഷത്ത്  ന്യായമുണ്ട്  എന്നതുകൊണ്ടാണ്. സാമ്പത്തികമായി ബഷീറിനെ 

ചൂഷണം ചെയ്യുന്നുണ്ടെങ്കിലും ഉമ്മയ്ക്ക് ബഷീറിനെ വിവാഹിതനായി കാണണമെന്ന് 

ആഗ്രഹമുണ്ട്. വീട്ടിലെ ആണുങ്ങള്‍ ആരുമറിയുന്നില്ല തങ്ങളുടെ ഉമ്മയും പെങ്ങന്മാരും 

ഭാര്യയും കപ്പപ്പുട്ടും തേയിലവെളള വുമാണ് കഴിയ്ക്കുന്നതെന്ന്. പകലന്തിയോളം 

പണിയെടുക്കുന്ന ഈ സ്ത്രീകള്‍ ഇക്കാര്യത്തില്‍ യാതൊരു പരാതിയും പറയുന്നില്ല. ഹനീഫ 

ബഷീറിന്റെ മുണ്ട്  കട്ടെടുത്ത്  മകനെ കള്ളസ്സാക്ഷി പറയാന്‍ പഠിപ്പിയ്ക്കുന്നത് താന്‍ 

കേട്ടുവെന്ന്  അയാളുടെ ഭാര്യ ഐശോമ്മ തന്നെ പറയുന്നുണ്ട്.പാത്തുമ്മ തന്റെആടിന്റെ 

മൂത്തകുട്ടിയെ തന്റെ അനുജത്തി ആനുമ്മയ്ക്ക് കൊടുക്കുന്നുണ്ട്. പാത്തുമ്മയ്ക്ക് സ്വര്‍ണ്ണ 

ക്കമ്മല്‍  , ആനുമ്മയ്ക്ക് പാത്രങ്ങള്‍  തുടങ്ങിയ രഹസ്യ ക്കരാറുകള്‍  മറ്റ്  സ്ത്രീകള്‍ അറിയു 

ന്നതും എല്ലാവരും ചേര്‍ന്ന് പാത്തുമ്മയുടെ ആടിനെ കറക്കാന്‍  മാര്‍ഗ്ഗം കണ്ടെത്തുന്നതുമൊ 

ക്കെ അവരുടെ കുശുമ്പിന്റെയും സാമര്‍ത്ഥ്യത്തിന്റെയും ലക്ഷണങ്ങളായി കാണുന്നുവെങ്കിലും 

അവരുടെ സ്വഭാവത്തിന്റെ ഈ നല്ല വശങ്ങളെല്ലാം ബഷീര്‍ മനസ്സിലാക്കുന്നുണ്ട്.



ബഷീറിയന്‍ ശൈലി



     അവ്യക്തതയിലെ വ്യക്തത, രൂപമില്ലായ്മയുടെ രൂപസൌന്ദര്യം , ശൈഥില്യത്തിലെ 

സുഘടിതത്വം – സാഹിത്യലോകത്ത് ബഷീര്‍കൃതികളെ വ്യത്യസ്തമാക്കുന്ന 

ഘടകങ്ങളാണിവ. ഈ ബഷീറിയന്‍ ശൈലികളൊക്കെ വളരെ ആകര്‍ഷകമായി ഈ 

നോവലിലും കാണുന്നു. ഈ നോവലിനോടൊപ്പം തന്നെ ചേര്‍ത്തിരിയ്ക്കുന്ന തന്റെ 

കുറിപ്പിന്  ശ്രീ. പി. കെ .ബാലകൃഷ്ണന്‍ നല്‍കിയിരിയ്ക്കുന്ന ശീര്‍ഷകവും - കണ്ണീരിനെ 

പൊട്ടിച്ചിരിയാക്കുന്ന കല - പ്രത്യേകംശ്രദ്ധേയമാണ്. കരച്ചിലും ചിരിയും തമ്മിലുള്ള 

വൈരുദ്ധ്യം തന്നെയാണിവിടത്തെ  അനുഭവങ്ങളെ തീവ്രമാക്കുന്നത്. “ പാത്തുമ്മായുടെ ആട് 

അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്” 

എന്ന പ്രസ്താവനയോടെയാണ് നോവല്‍ ആരംഭിയ്ക്കുന്നത്. ഒരു രഹസ്യം മാത്രം ഇനിയും 

അറിയാന്‍ കഴിഞ്ഞില്ല. ഈ ബുദ്ധിയൊക്കെ പെണ്ണുങ്ങളില്‍ ആര്‍ക്കാണ് ആദ്യം 

തോന്നിയത് ? എന്നവസാനിയ്ക്കുന്നു. പ്രത്യേകമായ കഥ പറച്ചിലൊന്നുമില്ല. വര്‍ത്തമാന 

കാലത്തും ഭൂതകാലത്തുമായുള്ള പല സംഭവങ്ങളുടെ വിവരണങ്ങള്‍  ചേര്‍ത്ത് 

നിരത്തിയിരിയ്ക്കുകയാണ്.   ആ വിധാനത്തിലും പ്രത്യേകിച്ച് അടുക്കും ചിട്ടയുമൊന്നുമില്ല. 

സംഭവങ്ങളുടെ പടിപടിയായ വളര്‍ച്ചയോ പരിണാമഗുപ്തിയോ ഒന്നും കാണുന്നില്ല. കഥയി 

ലെല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്  പാത്തുമ്മായുടെ ആടാണ്. ആടിനെ ചുററിപ്പററി 

യാണിതിലെ എല്ലാ സംഭവങ്ങളും നടക്കുന്നത്. ബഷീര്‍ തന്റെ കൃതികള്‍ ആടിനെ 

തിന്നാന്‍ സമ്മതിയ്ക്കുന്നതും , ഇനിയും കൃതികളുടെ കോപ്പികള്‍  വരുത്തി  സൌജന്യമായി 

തിന്നാന്‍ തരാമെന്നു പറയുന്നതും തനിയ്ക്ക് വന്ന മണി ഓര്‍ഡര്‍  ആവശ്യക്കാര്‍ക്ക് പങ്കു 

വെച്ചു കൊടുത്തപ്പോള്‍ അതിലൊരു പത്തുരൂപ ആടിനും തിന്നാന്‍ കൊടുക്കുന്നതും 

സ്കൂളിലെ പരിപാടിയ്ക്ക് ക്ഷണിച്ചപ്പോള്‍ മുങ്ങിയതുമൊക്കെ എന്തിനെന്നു ചോദ്യങ്ങള്‍ 

ഉണ്ടാകാം. വെറും ഹാസ്യം സൃഷ്ടിയ്ക്കുക  എന്നതിലുപരി സാഹിത്യത്തിന്റെ പ്രസക്തിയും , 

ദാരിദ്ര്യമെന്ന പ്രതിഭാസവും, സമൂഹത്തിന്റെ മന:സ്ഥിതിയുമൊക്കെ ഇവിടെ നിശിതമായി 

വിമര്‍ശിയ്ക്കപ്പെടുകയാണ്.


ബഷീര്‍ ദേഷ്യം വരാത്ത ആളല്ല. പക്ഷേ ദേഷ്യം വരേണ്ട സന്ദര്‍ഭങ്ങള്‍  ശാന്തമായോ 

ഹാസ്യാത്മകമായോ ആയും നേരെ തിരിച്ചും അദ്ദേഹം കൈകാര്യം ചെയ്യുന്നത് കാണാം . 

നേരായ കാഴ്ച്ചകളേക്കാള്‍  ഈ തല കീഴായ ദര്‍ശനങ്ങള്‍ക്ക്  കുറെ കാര്യങ്ങള്‍ പറഞ്ഞു 

തരാനുണ്ട്. ശബ്ദങ്ങള്‍  എന്ന കൃതി ധാരാളം വിമര്‍ശനങ്ങള്‍ക്കിരയായതാണ് – അതിന്റെ 

പ്രതിഷേധം ബഷീര്‍ പ്രകടിപ്പിയ്ക്കുന്നുണ്ട് ആട് അത് തിന്നാന്‍ ധൈര്യപ്പെടില്ല എന്ന 

പ്രസ്താവനയില്‍ ! ഒരെഴുത്തുകാരനും തന്റെ കൃതിയോടുള്ള ഒരവഗണനയും സഹിയ്ക്കില്ല. 

വളരെ പ്രചാരത്തിലുള്ളതും ആസ്വാദകര്‍ അംഗീകരിച്ചതുമായ  ബാല്യകാലസഖിയും 

ശബ്ദങ്ങളും ആട് തിന്നുമ്പോള്‍ ബഷീര്‍ പ്രതിഷേധിയ്ക്കുന്നില്ല. പക്ഷേ പുതപ്പു തിന്നാന്‍ 

ആടൊരുങ്ങിയപ്പോള്‍ ബഷീര്‍ സമ്മതിച്ചില്ല. കാരണം നൂറു രൂപ വിലയുള്ള അതിനു കോപ്പി 

വേറെയില്ല ! തന്നിലെ സര്‍ഗ്ഗാത്മകത നില നില്‍ക്കുവോളം ഇനിയുമെഴുതാമെന്ന 

ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. പോരാത്തതിന്  സാഹിത്യത്തിനു ആളുകള്‍  ശരിയായ 

വില കല്പിയ്ക്കാതിരിയ്ക്കുന്ന കാലവും . അതുഅപോലെയല്ല  പുതപ്പിന്റെ വില – ഇങ്ങനെ 

പല കാര്യങ്ങള്‍ നമുക്കിതില്‍  നിന്ന് ധ്വനിച്ചു കിട്ടുന്നു.  വീട്ടില്‍ സാമ്പത്തികബുദ്ധിമുട്ടുള്ള ഒരു 

സമയത്ത് ബഷീര്‍ തന്റെ പുസ്തകങ്ങള്‍ അബുവിനെക്കൊണ്ട് വില്‍പിച്ച് കാശുണ്ടാക്കാന്‍  

ശ്രമിയ്ക്കുന്നിടത്തും , വീട്ടുകാരുടെ ആവശ്യങ്ങള്‍ മുറുകി വന്നപ്പോള്‍  തന്റെ 

കയ്യിലുണ്ടായിരുന്ന മുഴുവന്‍ പണവും കൊടുത്ത്  ‘ ഇനി എന്നെയങ്ങ്  പോറ്റിക്കോ ’ എന്ന് 

പറയുന്നിടത്തുമൊക്കെ തന്റെ വീട്ടിലെ ദാരിദ്ര്യത്തോടുള്ള പ്രതിഷേധം തന്നെ കാണുന്നു.


വാക്കുകള്‍ കൊണ്ട്  അനുവാചകമനസ്സുകളില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടുകയാണ് 

സാഹിത്യകാരന്‍ ചെയ്യുന്നത്. പാത്തുമ്മായുടെ ആട് തല കലത്തിലിട്ടു നില്‍ക്കുന്ന രംഗം, 

അബിയുടെ പോക്കറ്റിലെ വെള്ളേപ്പം ആട് കടിച്ചു തിന്നുന്ന രംഗം, പാത്തുക്കുട്ടിയും 

അബിയും ചന്തയില്‍ ചാമ്പങ്ങ വില്‍ക്കുന്ന രംഗം, സ്ത്രീകള്‍ കുട്ടികളെ വെച്ച് പാല്‍ 

ചുരത്തിച്ച്  കട്ടു കറക്കുന്ന രംഗം – തുടങ്ങി അതിഹൃദ്യമായ ചില വാങ് മയചിത്രങ്ങള്‍ 

ഇതിലുണ്ട്. കഥാപാത്രങ്ങള്‍ അവരുടെ ചില മാനറിസങ്ങള്‍ കൊണ്ടാണ് നമ്മുടെ മനസ്സില്‍ 

സജീവമായ ചിത്രമായി മാറുന്നത് – സ്വയം മ്പി എന്ന് വിശേഷിപ്പിയ്ക്കുന്ന അബി , ഇതാരാ 

പരിചയമില്ലല്ലോ എന്ന ഭാവത്തില്‍ തല ചെരിച്ചു നോക്കുന്ന കാക്ക , ഒരു സ്വപ്നത്തിലെന്ന 

പോലെ നടന്നു വരുന്ന പാത്തുമ്മ, കൂടെ വാല് പോലെ നടക്കുന്ന ഖദീജ , ഒച്ചക്കാരനും 

തല്ലുകാരനുമായ നൂല് പോലെയുള്ള അബു – ഇവരൊക്കെ ഇങ്ങനെ നമ്മുടെ മനസ്സില്‍ 

സ്ഥാനം പിടിയ്ക്കുന്നു.



ഭാഷ



ഈ നോവലിലെ ഏറ്റവും പ്രധാനവും , സവിശേഷവുമായ വസ്തുത ഭാഷയെക്കുറിച്ചുള്ള 

നോവലിസ്റ്റിന്റെ സങ്കല്‍പം ഇവിടെ അനാവരണം ചെയ്യപ്പെടുന്നുവെന്നതാണ്. 

ലൊഡുക്കൂസ്  ആഖ്യ , പളുങ്കൂസന്‍  വ്യാകരണം തുടങ്ങിയ പ്രയോഗങ്ങള്‍ അദ്ദേഹം 

വ്യാകരണത്തോടു പുലര്‍ത്തുന്ന അനാസ്ഥ വ്യക്തമാക്കുന്നു. അഭ്യസ്തവിദ്യനായ  അബ്ദുള്‍ 

ഖാദറിന് ഭാഷാപ്രയോഗങ്ങളില്‍ സംശയമുണ്ട്. ആ തടസ്സം വിശ്വവിദ്യാലയത്തില്‍ നിന്ന് 

ലഭിച്ച അനുഭവജ്ഞാനത്തിനില്ല. ബഷീര്‍ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയല്ല ഇവിടെ 

സ്വീകരിച്ചിരിയ്ക്കുന്നത്. ‘ ഞാന്‍  വര്‍ത്തമാനം പറയുന്ന മാതിരി തന്നെയാണിതൊക്കെ 

എഴുതി വെച്ചിരിയ്ക്കുന്നത് ’ എന്ന് അദ്ദേഹം എഴുതിയിരിയ്ക്കുന്നതില്‍ നിന്നും 

അനഭ്യസ്തവിദ്യര്‍ വരമൊഴിയില്‍  സംസാരിയ്ക്കുന്നതിന്റെ അനൌചിത്യം അദ്ദേഹം 

പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നു  വ്യക്തമാക്കുന്നു.  തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് 

വായനക്കാരന്റെ മനസ്സിലേയ്ക്ക് കയറിച്ചെല്ലാന്‍ അദ്ദേഹം വ്യാകരണത്തേയും , 

പദപ്രൌഢിയേയും ഒഴിവാക്കി സരളവും മധുരവുമായ വാമൊഴി തന്നെ സ്വീകരിച്ചു. അതീ 

കൃതിയെ കൂടുതല്‍ വശ്യമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്. ‘ മാതാവേ കുറച്ചു ശുദ്ധജലം 

തന്നാലും ’ എന്നു പറഞ്ഞ   അബ്ദുള്‍ ഖാദറിനെ ഉമ്മ തവി കൊണ്ട് തല്ലി എന്ന് ബഷീര്‍ 

പറയുമ്പോള്‍ ഭാഷാപ്രയോഗങ്ങളുടെ അനൌചിത്യങ്ങളുടെ നേര്‍ക്കാണ് ബഷീറിന്റെ അടി 

നീളുന്നത് . ലൊഡുക്കൂസ് , പളുങ്കൂസ ന്‍  കൃമ്മാതെ, ലൊട്ടു ലൊടുക്ക് , ഡുങ്കു ഡുങ്കു തുടങ്ങിയ 

നിരര്‍ത്ഥക പദങ്ങള്‍  ഇവിടെ പ്രയോഗിച്ചു കാണുന്നുണ്ട്. നോവലിന്റെ നര്‍മ്മ മധുരമായ 

അന്തരീക്ഷത്തിനു മിഴിവേററുകയാണ് ഇത്തരം പ്രയോഗങ്ങള്‍. വാമൊഴിയില്‍ പല 

പദങ്ങളും ശബ്ദങ്ങളും അര്‍ത്ഥ രഹിതമാകുന്നത് അസ്വാഭാവികമല്ലല്ലോ ?


ചിലയിടത്ത് തനി ഗ്രാമ്യമായ പ്രയോഗങ്ങളാണുളള തെങ്കില്‍ മറ്റു ചിലയിടത്ത് 

സാഹിത്യാത്മകമായ പ്രയോഗങ്ങള്‍ കൊണ്ടാണ്  വ്യത്യസ്താനുഭൂതി ഉണ്ടാക്കുന്നത്. 

‘ ഹേ ! അജസുന്ദരീ , ഭവതി ആ പുതപ്പു തിന്നരുത് ’ , ‘ അങ്ങനെ സ്ത്രീകള്‍ മഹനീയമായ 

സേവനം അനുഷ്ഠിയ്ക്കുകയാണ് ’ ,  ‘ മഹിളാരത്നങ്ങളുടെ സുന്ദരവിക്രിയകള്‍ ’ തുടങ്ങിയ 

പ്രയോഗങ്ങള്‍ ഉദാഹരണങ്ങളാണ്. എന്നെ സ്റൈറലായി പെററ ഉമ്മ , പാത്തുമ്മ 

വീട്ടിലേയ്ക്ക് വരുന്നത് ഒരു സ്റൈറലിലാണ് , അബു ഒരു ലെഫ്ടിസ്റ്റാണ് ,ഹനീഫ 

ഇക്കാക്ക സ്ട്രൈക്ക്  ചെയ്തു - തുടങ്ങിയ പ്രയോഗങ്ങള്‍ ഇംഗ്ലീഷ് എഴുതണം എന്ന 

ഉദ്ദേശ്യത്തോടെയല്ല , ഇംഗ്ലീഷറിയാം എന്ന് ധരിപ്പിയ്ക്കാനുമല്ല പ്രയോഗിയ്ക്കുന്നത് . ആ 

അറിവിനേക്കാള്‍ എത്രയോ മേലെയെത്തി നില്‍ക്കുന്നു ഇത്തരം പ്രയോഗങ്ങള്‍ക്ക് 

അനുവാചകമനസ്സിലുണ്ടാക്കാ ന്‍  കഴിയുന്ന അനുഭവ പരമ്പരകള്‍ .


ശിശുഭാഷയുടെ ഹൃദ്യത വളരെ ഭംഗിയായി നിബന്ധിയ്ക്കാനും നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. 

സ്വയം  ‘ മ്പി ’ എന്ന് വിശേഷിപ്പിയ്ക്കുന്ന ‘ മ്പീട ഒരു കൈച്ച് കാലണ  മ്പീട രണ്ടു കൈച്ചും 

ഒന്നിനും കൊട രണ്ടു കാലണ ’ എന്ന് ചന്തയില്‍ ചാമ്പങ്ങ വില്‍ക്കുന്ന ഹബീബ് മുഹമ്മദ്‌ 

മൂത്താപ്പേനെ കൊണ്ടു പോക് കേല എന്നു പിണങ്ങുന്ന ലൈല വായുടെ മേല്‍ക്കൂരയില്‍ 

പല്ലുകളില്ലാത്തതു കൊണ്ട് മൂത്താപ്പാ എന്നതിന് പകരം വൂത്തപ്പാ എന്ന് വിളിയ്ക്കുന്ന 

പാത്തുക്കുട്ടി – ഇങ്ങനെ ബഷീര്‍ അവതരിപ്പി യ്ക്കുന്ന കുരുന്നു കറുമൂസുകള്‍  ( കുരുന്നുകളെ 

ഇങ്ങനെയൊരു  വിശേഷണത്തിലൂടെ അവതരിപ്പിയ്ക്കുന്ന ഹൃദ്യതയോടൊപ്പം വല്യ 

മൂത്താപ്പയുടെ വാത്സല്യവും ഇവിടെ കലര്‍ന്ന് കാണുന്നു ) തുള്ളിക്കളിയ്ക്കുന്നത്  

അനുവാചക മനസ്സുകളിലാണ്.

എങ്ങനെ ഇത്രയും ഹൃദയ വിശാലതയും ആര്‍ജ്ജവവും ബഷീരിനുണ്ടായി എന്ന് 

സംശയിയ്ക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് 

അങ്ങനെയൊരു മനസ്സ് അദ്ദേഹത്തിനു സമ്മാനിച്ചത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ 

ആകൃഷ്ടനായി ചെറുപ്രായത്തില്‍ വീട് വിട്ടിറങ്ങിയതാണ് ബഷീര്‍. പിന്നീട് 

സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളും ജയില്‍ വാസവുമൊക്കെയായി കുറച്ചുകാലം. 

പിന്നെയും പലതവണ വീടുവിട്ടിറങ്ങിയുള്ള ദീര്‍ഘയാത്രകള്‍, ഭിക്ഷക്കാരുടെയും, 

മോഷ്ടാക്കളുടെയും, സന്ന്യാസിമാരുടെയുമൊക്കെ കൂടെയുള്ള ജീവിതം, 

പാചകക്കാരനായും, ഇന്ദ്രജാലക്കാരനായുമൊക്കെയുള്ള വേഷപ്പകര്‍ച്ചകള്‍ - ഇങ്ങനെ 

സംഭവബഹുലമാണ് ബഷീറിന്റെ ജീവിതം . ഈ അനുഭവവൈവിദ്ധ്യം തന്നെയാണ് 

അദ്ദേഹ ത്തിന്റെ കൃതികളുടെ വ്യതിരിക്തമായ വ്യക്തിത്വത്തിനും കാരണം. പ്രധാനമായും 

വാസ്തവികത യ്ക്കും സത്യസന്ധതയ്ക്കും നിദാനം.ഇങ്ങനെ ഒരു യാത്രികനായി 

ജീവിയ്ക്കുമ്പോഴും അദ്ദേഹ ത്തിന്റെ മനസ്സില്‍ വീടും വീട്ടുകാരും നിറവോടെ, മിഴിവോടെ 

നിലനില്‍ക്കുന്നുണ്ട്. അതദ്ദേഹം തന്നെ പലയിടങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. 

അതിന്റെ ഒരുത്തമ സാക്ഷ്യം കൂടിയാണ് ‘പാത്തുമ്മയുടെ ആട്’ എന്ന കൃതി.  



വൈക്കം മുഹമ്മദ്‌ ബഷീര്‍  കൂടു തുറന്നു വിട്ട  “ പാത്തുമ്മായുടെ ആട് നമ്മുടെയിടയിലേ 

യ്ക്ക്  എത്തിയിട്ട്  ഇപ്പോള്‍  അമ്പത് വര്‍ഷം കഴിഞ്ഞു. മേല്പറഞ്ഞതിലേതു പ്രത്യേകത 

യാണ് അമ്പത് വര്‍ഷങ്ങളുടെ കുത്തൊഴുക്കില്‍  അലിഞ്ഞില്ലാതാവുക? ഒരു ഹാസസാഹി 

ത്യകാരനല്ലാതിരുന്നിട്ടും ശുദ്ധഹാസ്യം ഗൌരവത്തോടൊപ്പം അനുപാതമെന്തെന്ന് 

ഊഹിയ്ക്കാന്‍ പോലും കഴിയാത്ത അമ്പരപ്പില്‍ വായനക്കാരെ ആഴ്ത്തിക്കൊണ്ട് 

കലര്‍ത്തിയെടുത്ത ശുദ്ധ സുന്ദരമായ ഭ്രാന്ത് അനിര്‍വ്വചനീയം തന്നെ. ഈ കണ്ണുനീര്‍ക്കു 

ത്തിലെ നേരമ്പോക്കിന്റെ ധീരത, വിദ്യാഭ്യാസം കൊണ്ടല്ല മനുഷ്യന്‍ മനുഷ്യനെ അറിയു 

ന്നതെന്ന സാര്‍വ്വകാലികവും സാര്‍വ്വ ലൗകികവുമായ ഒരു ഗുണപാഠം  കൂടി നമുക്ക് 

പകര്‍ന്നു തരികയാണ് . ഒരു പൊട്ടിച്ചിരിയുടെ  ആരവം അനുവാചകന്റെ മനസ്സിലുയരുന്ന അതേ 

സമയം ചിന്തയുടെ നിശ്ശബ്ദതയും അവിടെ നിറയ്ക്കുകയാണ്  ‘ പാത്തുമ്മായുടെ ആട്  ’     

( കലാവീക്ഷണം  ജൂലൈ 2010 )

Wednesday, 3 July 2013

മൂകവിഹ്വലതകള്‍ക്ക് പറയാനുള്ളത്

     


      
                                                                       
           
         മരണവിദ്യാലയം
              
  സുസ്മേഷ്  ചന്ത്രോത്ത്
           
      മാതൃഭൂമി ബുക്സ് ,               കോഴിക്കോട്
         
      വില : 75 രൂപ
                                                                                                                           

     ജനിമൃതികള്‍ക്കിടയിലെ ഒരു നൂല്പാലമാണ്  


ജീവിതം. ബാഹ്യാന്തരസംഘര്‍ഷങ്ങള്‍ നിറഞ്ഞ 


ഒരു യാത്രയാണ്നമുക്കിവിടെ പൂര്‍ത്തീകരിയ്ക്കാനുള്ളത്. 


പ്രശ്നങ്ങള്‍, അവ വൈയക്തികമോ സാമൂഹികമോ ആകാം ഇവിടെ ചര്‍ച്ചാവിഷയമാ 


കുന്നു. നിമിഷങ്ങള്‍ സംഭവബഹുലമാകുമ്പോള്‍  ,കാലം സങ്കീര്‍ണ്ണമാകുമ്പോള്‍ , 

പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ നേരിട്ടും അല്ലാതെയും നമുക്കനുഭവവേദ്യമാകുന്ന സമൂഹം 

നല്‍കുന്നത് ഉള്ളുപൊള്ളിയ്ക്കുന്ന കാര്യങ്ങളാണ്. കാലത്തിലേയ്ക്കുംസമൂഹത്തിലേയ്ക്കും 

കണ്ണും കാതും തുറന്നുവെയ്ക്കുന്ന സാഹിത്യകാരന്   ലഭിയ്ക്കുന്ന വിഷയങ്ങള്‍ നിരവധി 

യാണ്. അഥവാ ഓരോ കാര്യവും വിഷയമായി മാറുന്നു. ഇങ്ങനെ വിവിധമായ ആശയ 

ങ്ങള്‍  ഉള്ളൊതുങ്ങുന്ന കഥകളാണ്  സുസ്മേഷ്  ചന്ത്രോത്തിന്റെ ‘മരണവിദ്യാലയം ’ 

എന്ന കൃതിയില്‍ കാണുന്നത്.  


     
     ഒരു വ്യത്യസ്തമായ അദ്ധ്യാപകകഥയെന്നു തന്നെ വിശേഷിപ്പിയ്ക്കാം ഇതിലെ 

ആദ്യകഥയായ ‘മരണവിദ്യാലയ’ത്തെ . നേത്രി  എന്ന കുട്ടിയുടെ മരണമാണ് വിഷയം. 

അന്വേഷണോദ്യോഗസ്ഥന്റേയും അദ്ധ്യാപികയുടേയും നേത്രിയുടേയും ചിന്തകളിലൂടെ 

കഥ ചുരുളഴിയുന്നു. നേത്രിയുടെ കൌമാരപ്രായം പോലീസുദ്യോഗസ്ഥന്റെ മനസ്സില്‍ 

വ്യത്യസ്തമായ സന്ദേഹങ്ങളുണ്ടാക്കുന്നു . അവ  അവളുടെ അച്ഛന്റേയും സ്കൂള്‍  

ഡയരക്ടറുടേയും നേര്‍ക്കു വരെ ചെന്നെത്തുന്നു. ജസ്ന ടീച്ചര്‍  പോലീസിനോട് 

പറയാതെ മറച്ചു വെച്ച സത്യം  നേത്രി  ഉത്തരക്കടലാസിലെ തെറ്റുകള്‍  വൈറ്റ്നര്‍ 

ഉപയോഗിച്ച് തിരുത്തിയത് താന്‍ കണ്ടെത്തി, അതുകൊണ്ടവള്‍ക്ക്  സ്കൂള്‍ 

അസംബ്ലിയില്‍  പരസ്യമായി മാപ്പ് പറയേണ്ടി വന്നു എന്നതാണ്  . ആര്‍ക്കും ഉത്തരം 

കണ്ടെത്താനാകാത്ത തന്റെ മരണത്തിന്റെ സത്യം നേത്രി തന്നെ പറഞ്ഞു തരുന്നു. ക്ലാസ് 

ടീച്ചര്‍  അദിതിയാണവളെ അതിനു പ്രേരിപ്പിച്ചത്. മനസ്സില്ലാമനസ്സോടെ താന്‍  

ചെയ്ത ആ തെറ്റ്  ഇക്കാര്യമറിയാത്ത  ജസ്ന ടീച്ചര്‍ കണ്ടെത്തി. അണ്‍  എയ്‌ഡഡ്‌  

സ്കൂളിലെ അദ്ധ്യാപകരുടെ ദുരിതങ്ങളാണിവിടെ യഥാര്‍ത്ഥ ചര്‍ച്ചാവിഷയം. കുട്ടിയ്ക്ക് 

മാര്‍ക്ക് കുറഞ്ഞാല്‍  അത്  ടീച്ചറുടെ കഴിവുകേടായി പരിഗണിയ്ക്കപ്പെടും. ജോലിസ്ഥി 

രത ഒരു പ്രശ്നമാകുന്നതുകൊണ്ട്  കുട്ടികളുടെ കരുണ അദ്ധ്യാപകര്‍ക്കത്യാവശ്യമാണെന്ന

അവസ്ഥ വന്നു ചേരുകയാണ്. ജാതീയ ചിന്താഗതി പുലര്‍ത്തുന്ന ഒരു മാനേജ്മെന്റിന് 

കീഴില്‍  ജോലി ചെയ്യുന്ന ഇതര മത വിഭാഗത്തില്‍ പെട്ട  അദ്ധ്യാപകര്‍ക്കു കൂടുതല്‍  

ഭയക്കേണ്ടതുണ്ട് . വിദ്യാഭ്യാസം കച്ചവടവല്‍കൃതമാകുമ്പോള്‍ അദ്ധ്യാപകര്‍ക്കും 

വിദ്യാര്‍ത്ഥികള്‍ക്കും മൂല്യങ്ങളുപേക്ഷിച്ച്  പ്രവര്‍ത്തിയ്ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് 

ഇവിടെ കഥാകൃത്ത്  പരാമര്‍ശിയ്ക്കുന്നത് .


      
     സഫലമാകില്ലെന്നുറപ്പുണ്ടെങ്കിലും സ്വന്തമായിത്തിരി സ്ഥലവും അവിടെ ധാരാളം 

ചെടികളും മരങ്ങളും ഒരു കൊച്ചുവീടും സ്വപ്നം കാണുന്നവനാണ്  അരവിന്ദാക്ഷന്‍. ഒരു 

ഇലഞ്ഞിത്തയ്യ്‌  രഹസ്യമായി കൊണ്ടുവന്നു ഫ്ലാറ്റിന്റെ ടെറസ്സില്‍  വെച്ചപ്പോള്‍  ഭാര്യയും 

മക്കളും ആ ചെടിയേയും അയാളുടെ ആവേശത്തേയും വിസ്മയത്തോടെ നോക്കിക്കണ്ടു. 

പിറകെയെത്തി ചെമ്പകവും, വയലറ്റ്  മന്ദാരവും, നാഗലിംഗമരവും, നീര്‍മാതളവുമൊക്കെ . 
ഫ്ലാറ്റിലേയ്ക്കു മണ്ണ് കൊണ്ടുവന്നതിനെക്കുറിച്ചും , രാത്രി ഫ്ലാറ്റിനു ചുറ്റും നടക്കുന്ന


തിനെച്ചൊല്ലി പരാതിയുണ്ടായതിനെക്കുറിച്ചും ചോദിയ്ക്കാന്‍ വന്ന ഫ്ലാറ്റ് നോക്കിനട 


ത്തിപ്പുകാരന്‍  ടെറസ്സിലെ മരക്കൂട്ടം കണ്ട്  അമ്പരന്നു. അല്പം സന്മനസ്സുള്ള 

അയാള്‍ക്ക്‌ അരവിന്ദാക്ഷന്റെ മനസ്സറിയാന്‍ കഴിഞ്ഞു. പിറ്റേന്ന് തന്നെ അയാള്‍ 

താനന്വേഷിച്ചു  കണ്ടെത്തിയ, നഗരത്തില്‍ നിന്നിത്തിരി അകലെയുള്ള വിലയൊ 

തുക്കമുള്ള സ്ഥലത്തെക്കുറിച്ച്  അരവിന്ദാക്ഷനു  വിവരം നല്‍കി. ഫ്ലാറ്റ്  ജീവിതം 

മലയാളിയുടെ മനസ്സിലുണ്ടാക്കുന്ന ഗൃഹാതുരതയ്ക്ക്  സമാന്തരമായി  ഒരു പ്രൈവറ്റ്  

കമ്പനിയുദ്യോഗസ്ഥന്റെ ദുരിതങ്ങളും കമ്പ്യൂട്ടര്‍  നിരക്ഷരന്  ഉദ്യോഗലബ്ദ്ധിയ്ക്കുള്ള 

പ്രയാസങ്ങളും ഇവിടെ കടന്നുവരുന്നുണ്ട്. നഗരം ഒരിടത്തരക്കാരന്  സമ്മാനിയ്ക്കുന്ന 

ആകുലതകളും വിഹ്വലതകളും നിറഞ്ഞ ‘ ഹരിതമോഹനം ’ എന്ന ഈ കഥ ആശയം 

കൊണ്ടും ക്രാഫ്റ്റ്  കൊണ്ടും പ്രഥമസ്ഥാനവും ശീര്‍ഷകസ്ഥാനവും അര്‍ഹിയ്ക്കുന്നുണ്ട്.



     യഥാര്‍ത്ഥ രാഷ്ട്രീയബോധമെന്തെന്നും, രാഷ്ട്രീയം എന്തായിരിയ്ക്കണമെന്നും വിവ 

രിയ്ക്കുന്ന സാര്‍വ്വകാലികപ്രസക്തിയുള്ള ഒരു കഥയാണ്‌  ‘ ഉപജീവിതകലോത്സവം ’


ഇടതുപക്ഷആദര്‍ശങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് അതിനനുസരിച്ച് ജീവിയ്ക്കാന്‍ 

പാടുപെടുകയാണ്  ഖയസ്  എന്ന അദ്ധ്യാപകന്‍  . മകള്‍ക്ക്  കൊഞ്ചി എന്ന് വിളിപ്പേരിട്ടു 

തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിപ്പിയ്ക്കുന്ന അയാള്‍ അവളെയും കൊണ്ട്  

ഉപജില്ലാകലോത്സവത്തിനെത്തിയതാണ്. വിദേശവിദ്യാഭ്യാസവും  വമ്പിച്ച സ്വത്തുമുള്ള 

ഭാര്യയ്ക്ക്  അയാളുടെ ആദര്‍ശങ്ങളോടിണങ്ങാന്‍  കഴിഞ്ഞിരുന്നില്ല. ഇരുവരും സ്വന്തം 

ആദര്‍ശങ്ങള്‍ക്കൊത്ത്  മകളെ വളര്‍ത്തണമെന്ന്  വാശി പിടിച്ചപ്പോള്‍  ഒരു 


‘ തര്‍ക്കസ്ഥലത്തിന്റെ ’  അവസ്ഥയായി അവള്‍ക്ക്. അധികാരമോഹികളുടെ  

കുത്തകയായി  പാര്‍ട്ടി മാറിയപ്പോള്‍ ഖയസ് പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞ് , 

ആദര്‍ശങ്ങളില്‍  നിന്ന് വ്യതിചലിയ്ക്കാതെ ജീവിച്ചു. ഭാര്യയുടെ എതിര്‍പ്പുകള്‍ക്കിടയിലും 

മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. അവളില്‍  സ്വാശ്രയശീലവും തന്റേടവുമുണ്ടാക്കി.  

കലോത്സവത്തിന്  ചെന്നെത്തിയ  ആ ഗ്രാമം, ചായക്കട, മകള്‍ക്ക് പേരക്കിടാവിനെന്ന 

പോലെ പാല്‍ ചൂടാറ്റി ക്കൊടുക്കുന്ന ചായക്കടക്കാരന്‍  ,പരസ്പരം സ്നേഹം പങ്കിടുന്ന 

നാട്ടുകാര്‍  - എല്ലാം ഖയസ്സില്‍ പഴയ സ്മരണകളും ആവേശവുമുണര്‍ത്തി . മകളും  

ഇതെല്ലാം മനസ്സിലാക്കട്ടെയെന്നും, തീവ്രരാഷ്ട്രീയബോധം എങ്ങനെ 

പ്രാദേശികതലങ്ങളിലൂടെ മനുഷ്യരിലേയ്ക്ക്  പകരുന്നുവെന്നു  കണ്ടറിയട്ടെയെന്നും 

അയാള്‍ കരുതി. തന്റെ മകള്‍  ദേശഭക്തിഗാനം തന്നെ മത്സരയിനമായി 

തെരഞ്ഞെടുത്തത് തന്റെ പാരമ്പര്യമാണെന്നു ചിന്തിച്ചുകൊണ്ട് , ഗാനമാലപിയ്ക്കുന്ന 

മകളെ നോക്കിനിന്നപ്പോള്‍  അയാള്‍ക്ക് രക്തം രക്തത്തെ അഭിവാദ്യം ചെയ്യുന്ന 

അനുഭൂതിയുണ്ടായി. ആ സന്തോഷത്തോടെ, അഭിമാനത്തോടെ, ആവേശത്തോടെ 

അയാള്‍ മകളെ ‘ സഖാവേ ’ എന്ന് വിളിച്ചു.



     വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ്  നീര്‍നായ  എന്ന കഥയില്‍  

കടന്നു വരുന്നത്. കടല്‍ക്കരയില്‍ ആവര്‍ത്തനവിരസമായ കാഴ്ച്ചകള്‍ക്കിടെ , കളി 


ച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍  ജയശീലന് അവളെ കാവൂട്ടീ എന്നു  

വിളിയ്ക്കാന്‍ തോന്നി. മിതഭാഷിയും ,മൌനവ്രതക്കാരനുമായ തന്നെ മടുത്തുതുടങ്ങിയ 

സോഫിയ്‌ക്ക്  തന്റെ സുഹൃത്ത്  പോളുമായുണ്ടായിരുന്ന ബന്ധം , തങ്ങളുടെ 

വിവാഹമോചനം , പോളും തന്റെ സഹപ്രവര്‍ത്തക രാധികയും തമ്മില്‍ താന്‍ 

നിര്‍ദ്ദേശിച്ച വിവാഹം , പ്രസവാനന്തരം രാധികയുടെ മരണം – തുടങ്ങി അനേകം 

കാര്യങ്ങള്‍  ജയശീലന്റെ മനസ്സിലൂടെ കടന്നു പോയി. പിന്നീട്  പോളിന്റെ മകള്‍ 

കാവൂട്ടിയാണ്  ഇരുവരുടെയും ബന്ധം നിലനിര്‍ത്തിയത്. പോളുമായുള്ള ബന്ധത്തില്‍  

സോഫിയ്ക്കൊരു കുഞ്ഞുണ്ടാകുമായിരുന്നുവെന്നും തന്റെ അഭിമാനത്തിനു വേണ്ടി ആ 

കുഞ്ഞിനെ വേണ്ടെന്നു വെച്ചതാണെന്നുമുള്ള അറിവ് കാവൂട്ടിയുമായുള്ള   ജയശീലന്റെ 

ബന്ധം ശക്തമാക്കി. അക്കാര്യം പറഞ്ഞു താന്‍ രാധികയെ വഞ്ചിച്ചതോര്‍ത്ത്  

കുറ്റബോധത്തോടെ കരയുന്ന പോളിനെ അയാള്‍ സമാധാനിപ്പിയ്ക്കുകയാണ്  

ചെയ്തത് ! പോള്‍ സമ്മാനിച്ച വാച്ച് , പ്രവര്‍ത്തനരഹിതമായിട്ടും അയാള്‍ അതെപ്പോഴും 

കൈത്തണ്ടയില്‍ കെട്ടിയിരുന്നു. മുന്നോട്ടൊഴുകാത്ത കാലവും , നശിച്ചു  കഴിഞ്ഞിട്ടും 

അറുത്തെറിയാന്‍  കഴിയാത്ത ബന്ധങ്ങളുമൊക്കെയാണ്  ആ വാച്ച്.



     മനുഷ്യന്‍ പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന 

തിരിച്ചടിയുമാണ്  ‘ ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ ജന്തുക്കള്‍ക്കും 

കപ്പച്ചെടികള്‍ക്കും കടലിലെ മീനുകള്‍ക്കും ഒരേ പോലത്തെ വീട് , മനുഷ്യര്‍ക്ക്‌ മാത്രം 

പല രൂപത്തിലുള്ള , പല ഉദ്ദേശ്യത്തിലുള്ള വീടുകള്‍ ’  എന്ന വാക്യങ്ങള്‍  മനുഷ്യന്റെ 

സ്വാര്‍ത്ഥത നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്നു. പന്നികളേയും പൂച്ചകളേയുമൊക്കെ 

അടിച്ചുകൊന്നിരുന്ന കുഞ്ഞപ്പന് അവയുടെ ശാപമായി കിട്ടിയ രോഗമായിരുന്നു കൈ 

വിറയല്‍. നാട്ടിലെ നായ്ക്കളെയൊക്കെ ഷണ്ഡന്മാരാക്കിയ അയാള്‍ക്ക് അവസാന 

നാളുകളില്‍ കാലന്‍ നായ്ക്കള്‍  തന്റെയരികിലിരുന്നു ഓളിയിടുന്നതായി തോന്നി. കനത്ത 

ബൂട്ടുകളിട്ട്  നായ്ക്കള്‍  മാര്‍ച്ച്  ചെയ്ത് വരുന്നു, പന്നികള്‍ വക്കീലിനെപ്പോലെ 

കോട്ടണിഞ്ഞിരിയ്ക്കുന്നു, തലയില്‍ തോര്‍ത്ത് കെട്ടി മരം ചാരി നിന്ന് പുക വലിയ്ക്കുന്നു. 

ഭയപ്പെടുത്തിയും ,വിധിച്ചും അവ പ്രതികാരം നിര്‍വ്വഹിയ്ക്കുകയാണ്.



     മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍  ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ്‌  
' മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’ . ഒരു വൃദ്ധയെ ഒന്നേമുക്കാല്‍ പവന്റെ മാലയ്ക്കു 

വേണ്ടി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപന്റെ മുമ്പില്‍ 

വെച്ചാണ്  ഒരു വാഹനാപകടമുണ്ടായത്. ഒരു സമ്പന്നനായ ചെറുപ്പക്കാരന്‍. അയാളുടെ 

കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ കൈയിലെടുത്ത്  പോകാനൊരുങ്ങുമ്പോള്‍  എന്തു 


കൊണ്ടോ അയാളെ ആശുപത്രിയിലേയ്ക്കെത്തിയ്ക്കാന്‍ തോന്നി. ആശുപത്രിയിലെ 

ബില്ലടയ്ക്കുകയും ചെയ്തു. യുവാവിന്റെ പേര് ജോയി എന്നാണെന്നറിഞ്ഞപ്പോള്‍  താന്‍ 

കൊന്ന വൃദ്ധയുടെ മാലയിലെ കുരിശ് പ്രതാപന്റെ ഓര്‍മ്മയില്‍ വന്നു. വീണ്ടും അയാള്‍ 

കൈവശമുള്ള  പണം കൊണ്ട്  എന്ത് ചെയ്യണമെന്ന ഭാവിപദ്ധതികള്‍  ക്രൂരമായി 

തയ്യാറാക്കുകയായിരുന്നു. രോഗിയായ ഭര്‍ത്താവിനെ പരിചരിയ്ക്കാന്‍ കൂടെ നിന്ന , 

ക്ഷീണം കൊണ്ടുറങ്ങിപ്പോയ ഒരു സ്ത്രീ  പ്രതാപന്റെ ശ്രദ്ധയാകര്‍ഷിച്ചു . അവരുടെ 

മാലയും , പാദസരവും മാത്രമല്ല ഒരു പീഡനശ്രമം കൂടി അയാളുടെ മനസ്സിലുണ്ടായിരുന്നു. 

പക്ഷേ ആ സ്ത്രീയുടെ ഭര്‍ത്താവിനു വേണ്ടിയുള്ള വിലാപവും , പ്രാര്‍ത്ഥനയും അയാളുടെ 

മനസ്സുലച്ചു. ജോയിയുടെ നന്ദിപൂര്‍വ്വമുള്ള ചിരിയും വാക്കുകളും കൂടിയായപ്പോള്‍  

പ്രതാപന്  തന്റെ കൈവശമുള്ള  മുഴുവന്‍ പണവും , സ്വര്‍ണ്ണവും , വൃദ്ധയുടെ മാലയടക്കം 

ജോയിയുടെ തലയണക്കീഴില്‍  വെച്ച് ഒന്നും പറയാതെ യാത്രയായി. ജീവിതത്തെക്കുറി 


ച്ചും മരണത്തെ ക്കുറിച്ചും ഏറെ ചിന്തിപ്പിയ്ക്കുന്ന ഒരു സാഹചര്യമാണ്  ആശുപത്രി. ഒരു 

കുറ്റവാളിയുടെ മനസ്സിലും നന്മയുടെ വിത്തുകള്‍  പാകാന്‍ കഴിയുന്ന ഒരിടം. 

ലാഭങ്ങളെക്കുറിച്ച്  മാത്രം ക്രൂരമായി ചിന്തിയ്ക്കുന്ന ഒരാളുടെ മനസ്സില്‍  നന്മയുടെയും 

ക്ഷമയുടെയും , ത്യാഗത്തിന്റെയും മനോഭാവം ജനിപ്പിയ്ക്കുന്ന ആ മുഹൂര്‍ത്തമാണിവിടെ 

കാണുന്നത്.



     ഭ്രാന്തമനസ്സിന്റെ വിഹ്വലതകള്‍  ചിത്രീകരിയ്ക്കുന്ന ചില കഥകളും ഈ കൃതിയിലു 


ണ്ട്. സമനില തെറ്റിയ മനസ്സ് സൃഷ്ടിയ്ക്കുന്ന സാങ്കല്പിക ലോകവും അതിന്റെ ക്രൂരതയും 

ഇവിടെ കാണുന്നു.താളപ്പിഴകള്‍ പറ്റിയ മനസ്സിന്റെ സന്ത്രാസങ്ങളും സാന്ത്വനത്തിനായുള്ള 

മോഹവും ഈ കഥകളില്‍  വിവരിയ്ക്കപ്പെടുന്നു.



     പത്ത് കഥകളാണീ  സമാഹാരത്തിലുള്ളത്.  ആഖ്യാനരീതി കൊണ്ടും പ്രമേയം 

കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍. കഥാപാത്രങ്ങളുടെ വ്യക്തിത്വം ,അവര്‍ക്ക് 

നല്‍കിയിരിയ്ക്കുന്ന പേര്  തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് 

പുലര്‍ത്തുന്നുണ്ട്. അച്ഛന്‍ കൊണ്ടുവന്ന ഇലഞ്ഞിത്തയ്യുടെ അടുത്ത്  കൈ രണ്ടും 

ചേര്‍ത്തുപിടിച്ച് കുന്തിച്ചിരുന്നു അതിനെ ഒരു ചത്ത ജന്തുവിനെയെന്നോണം 

നിരീക്ഷിയ്ക്കുന്ന അഞ്ചു വയസ്സുകാരി പീലി, ഏകലോകസങ്കല്‍പം വെച്ചുപുലര്‍ത്തുന്ന 

അരവിന്ദാക്ഷന്‍,  എന്നും താന്‍ അറപ്പോടെയും വെറുപ്പോടെയും മാത്രം കണ്ടിരുന്ന 

അമ്മയുടെ ഒരു അസ്ഥി സ്വന്തം മന:ശാന്തിയ്ക്ക്  വേണ്ടി തേടി നടക്കുന്ന നന്നാറി, ഒരു 

കരിമ്പുലിയെ ഓര്‍മ്മിപ്പിയ്ക്കുന്ന പുരുഷവിദ്വേഷിയായ ശ്രേയാറാവു – എന്നിവരൊക്കെ 

കൌതുകവും, സന്തോഷവും, അവജ്ഞയും, ഭയവുമൊക്കെ ജനിപ്പിച്ചു കൊണ്ട് നമ്മെ 

പിന്തുടരുന്ന കഥാപാത്രങ്ങളാണ്.



     ‘ ഇറച്ചിയ്ക്ക് വേണ്ടി ജീവനെടുത്ത ജന്തുവിന്റെ ചോരയേക്കാള്‍  അറപ്പിയ്ക്കുന്നതും 

നികൃഷ്ടവുമാണോ  മണ്ണ് ? ’,‘ അമ്മയുടെ  അസ്ഥികളുടെ മരണാനന്തരപ്രസക്തിയെപ്പറ്റി 

ചിന്തിയ്ക്കാത്ത മകന്റെ വിവേകമെവിടെയാണ് ? ’ , ‘ ഭര്‍ത്താവിനോടോപ്പമുളള ജീവിതം 

ഏതു സ്ത്രീയെയും ആദ്യം പഠിപ്പിയ്ക്കുന്നത് അതുവരെ അവള്‍ പഠിച്ചിട്ടില്ലാത്ത 

പുതിയൊരു ഭാഷയായിരിയ്ക്കും’ , ‘ നമ്മുടെ നാട്ടിലെ ഓരോ സ്ത്രീയും മറ്റൊരു 

ഫൂലനാവാന്‍ മനസാ ആഗ്രഹിയ്ക്കുന്നവരാണ് ’  എന്നിങ്ങനെ അനുവാചകമനസ്സിനെ 

ചിന്തയുടെ ആഴങ്ങളിലേയ്ക്കാഴ്ത്തുന്ന പല ആശയങ്ങളും കഥാകൃത്ത് മുന്നോട്ടു 

വെയ്ക്കുന്നുണ്ട്.  ചെറുകഥകളാണെങ്കിലും പ്രമേയമോ, കഥാന്തരീക്ഷമോ , 

വായനക്കാരുടെ മനസ്സില്‍  സൃഷ്ടിയ്ക്കാനുദ്ദേശിയ്ക്കുന്ന സംവാദങ്ങളോ ചെറുതല്ല. 

നിശിതവും, വ്യക്തവുമായ ഭാഷയും ശക്തമായ ആശയാവിഷ്ക്കാരത്തിനു 


പിന്തുണയായുണ്ട് .