Sunday 11 November, 2012

തട്ടകത്തിലേയ്ക്കൊരു പിന്‍വിളി


     

             ടെന്‍ഡര്‍നെസ്  - മുണ്ടൂര്‍ സേതുമാധവന്‍ 
     നാഷണല്‍  ബുക് സ്റ്റാള്‍  , കോട്ടയം , വില : 50 രൂപ
                
              
                 മനുഷ്യകഥ അനുഗാനം ചെയ്യുന്ന 

ഏതൊരു സാഹിത്യകാരന്റെയും മനസ്സില്‍ 

സജീവമായിരിയ്ക്കും കുട്ടിക്കാലം മുതല്‍ക്കേ താന്‍  

പരിചയിച്ചുപോന്ന പ്രകൃതിയെക്കുറിച്ചു  

ള്ള അവബോധം.ആ പ്രകൃതിയുടെ വേഷപ്പകര്‍ച്ചകള്‍ 

മനസ്സിന്‍റെ മാര്‍ദ്ദവങ്ങളില്‍ 

സ്മൃതിചിത്രങ്ങളായി മാറുന്നു. എന്തെഴുതുമ്പോഴും ആ 

ചിത്രങ്ങള്‍  തൂലികത്തുമ്പിലേ 

യ്ക്കെത്താതിരിയ്ക്കില്ല. ആത്മകഥാപരമാണ് 

രചനയെങ്കില്‍ ആ ചിത്രങ്ങള്‍ 

ആത്മഭാവത്തിന്റെ നിറപ്പകിട്ടുകളോടെ കവിതയായി രൂപാന്തരം പ്രാപിയ്ക്കുന്നു. ആ 

മാറ്റമാണ് മുണ്ടൂര്‍ സേതുമാധവന്റെ ‘ ടെന്‍ഡര്‍നെസ് ‘ എന്ന കൃതിയില്‍ 

കാണുന്നത്.

                  പതിമൂന്ന്‍  ലേഖനങ്ങളുടെ സമാഹാരമാണ്  ‘ ടെന്‍ഡര്‍നെസ് ’-   

സാഹിത്യകാരന്റെയും , അദ് ധ്യാപകന്റെയും , കുടുംബസ്ഥന്റെയും കര്‍ത്തവ്യബോധവും , 

നന്മയും നിറഞ്ഞുനില്‍ക്കുന്ന ലേഖനങ്ങള്‍ . പാലക്കാട്ടെ മുണ്ടൂര്‍ എന്ന ഉള്‍നാട് ഇവിടെ 

സജീവസാന്നിധ്യമാകുന്നു . അവിടത്തെ നാട്ടുവഴികളില്‍ സിനിമയും , സാഹിത്യവും , 

നാട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു കൂട്ടുകാരനുമുണ്ടായിരുന്നു ലേഖകന് -മുണ്ടൂര്‍ 

കൃഷ്ണന്‍കുട്ടി . തങ്ങളുടെ മനസ്സില്‍ കയറിയിരുന്നത് കഥയാണോ കിഴക്കുമുറിയാണോ 

എന്ന് ലേഖകന് സംശയം . സംശയിയ്ക്കാനില്ല , കിഴക്കുമുറി തന്നെയാണ്  കഥയായി 

കയറിയിരുന്നത്.

   കഥ മനുഷ്യന്‍  തന്നെ

               ‘ഒരു  കഥയെഴുതിക്കഴിഞ്ഞാല്‍ ഒരു ജന്മം ജീവിച്ചുതീര്‍ന്നതിന്റെ ആശ്വാസം’ 

എന്ന വാക്കുകളില്‍ ഒരു സാഹിത്യകാരന്റെ സാഫല്യമാണു കാണുന്നത്. എന്താണെഴുതുക 

എന്ന ആകുലതയാണ് ഒരു എഴുത്തുകാരന്റെ സ്വത്തെന്നും ഇദ്ദേഹം കരുതുന്നു. 

‘നഗരമദ്ധ്യത്തില്‍ പത്തായപ്പുരയും തുളസിത്തറയുമോക്കെയായി ഒരു 

മുണ്ടൂരുണ്ടാക്കിയിരിയ്ക്കുകയാണ് ’ ഇദ്ദേഹം. വര്‍ഷങ്ങള്‍ക്കപ്പുറത്ത് വിക്ടോറിയാ 

കോളേജില്‍ ഒരു സാഹിത്യസദസ്സില്‍ പ്രാസംഗികനായി വിറയലോടെ നിന്നപ്പോള്‍ 

ഒരു വാഗ്ധോരണിയ്ക്ക്  ശക്തിയേകിയത് കല്ലടിക്കോടന്‍ മലയത്രേ. മുണ്ടൂരിനെ കുറിച്ചും, 

അവിടത്തെ ദാരിദ്ര്യത്തെക്കുറിച്ചുമോ ര്ക്കുമ്പോള്‍ ലേഖകന്റെ മനസ്സിലെത്തുന്നത് 

ഒരുപരിണാമത്തിന്റെ ചരിത്രമാണ്. ഉരുസാന്‍ കുന്നിന്റെ നെറുകയില്‍ 

ചെങ്കൊടിയുയര്‍ന്നതും ,കെ.ടി. മുഹമ്മദിന്റെ ‘കറവറ്റ പശു’ എന്ന നാടകം \

അരങ്ങേറിയതും നാട്ടിലെ പാവങ്ങളുടെ മനസ്സ് ഭയത്തോടെയെങ്കിലും 

സംഘടിച്ചതുമൊക്കെ ഒരു സാമൂഹികവ്യവസ്ഥിതിയുടെ പരിണതിയെ കുറിയ്ക്കുന്ന 

ഘടകങ്ങളാണ്. ‘തന്റെ ഗ്രാമത്തിന്റെ വിലാപം തന്റെ ശാപവും, സാന്ത്വനവും, 

സ്വത്വവുമാ’ണെന്നു കരുതുന്ന ലേഖകന്‍  ആ നിലവിളിയ്ക്ക് ഭാഷ കൊടുക്കാനുള്ള 

ശ്രമമാണ് തന്റെ കഥകളെന്നു തിരിച്ചറിയുന്നു. ഉറ്റ സുഹൃത്തിന്റെ വേര്‍പാടില്‍ ‘ ഇന്ന് 

കൃഷ്ണന്‍കുട്ടിയില്ല, താന്‍ മാത്രം ’ എന്നു ചിന്തിയ്ക്കുമ്പോള്‍  ലേഖകന്‍  ഉദ്ദേശിയ്ക്കുന്നത് 

ഒറ്റപ്പെടലിന്റെ വേദനമാത്രമല്ല , ആ കഥകള്‍ നിലച്ചുവെന്ന നഷ്ടബോധം കൂടിയാണ്. 

എങ്കിലും കഥയ്ക്ക് മരണമില്ലെന്ന് ഇദ്ദേഹം കരുതുന്നു. കാരണം ‘കഥ മനുഷ്യന്‍ 

തന്നെയാണ് ’. ഉരുസാന്‍ കുന്നും, കല്ലടിക്കോടന്‍ മലയും, പാലക്കീഴ് കാവും, 

അലറിക്കാവും, ധര്‍മ്മീശ്വരന്‍ ക്ഷേത്രവും ,  പൊടിയടിച്ചാര്‍ത്തെത്തുന്ന പാണ്ടിക്കാറ്റും , 

മുണ്ടൂര് കുമ്മാട്ടിയുമൊക്കെ ഓര്‍മ്മയില്‍ കൊണ്ടു നടക്കുന്ന ലേഖകന് പ്രകൃതിയുടെ നാശം 

അസഹ്യമായ നഷ്ടബോധമുണ്ടാക്കുന്നുണ്ട്. ഉരുസാന്‍ കുന്നു നിരപ്പായപ്പോള്‍ , ചുങ്കത്ത് 

ടാപ്പിനു താഴെ കുടങ്ങളെ കാത്തിരുത്തുന്ന ജലക്ഷാമം വന്നപ്പോള്‍ , മലമ്പുഴക്കനാല്‍ 

വറ്റിവരണ്ടു കിടക്കുമ്പോള്‍ - ആ ഊഷരത ലേഖകന്‍ മനസ്സിലേയ്ക്കാണേറ്റു വാങ്ങുന്നത്.

                ഒരു നല്ല അദ്ധ്യാപകന്‍ എങ്ങനെയായിരിയ്ക്കണമെന്നതിനെപ്പറ്റി ലേഖകന് 

വ്യക്തമായ ധാരണകളുണ്ട്. താനുണ്ടാക്കിപ്പറയുന്ന ചെറിയ കഥകള്‍ കേട്ടിരിയ്ക്കുന്ന 

കുഞ്ഞുമുഖങ്ങളിലെ കൌതുകമാവാം തന്നിലെ കഥനകൌതുകത്തെ ഉണര്‍ത്തി തന്നെ 

കഥാകൃത്താക്കി മാറ്റിയതെന്നിദ്ദേഹം കരുതുന്നു. തന്റെ മുന്നിലെ കുട്ടികളില്‍  

തന്നെത്തന്നെ കാണാന്‍ കഴിയുകയെന്നത് ഒരദ്ധ്യാപകന്റെ സാഫല്യമാണ്. ചൂരല്‍ 

കൊണ്ടല്ല സ്നേഹം കൊണ്ടാണ് കുട്ടികളെ ഭരിയ്ക്കെണ്ടതെന്നതു ഈ 

അദ്ധ്യാപനജീവിതത്തിന്റെ തിരിച്ചറിവാണ്. “ഓരോ അദ്ധ്യാപകനും 

രക്ഷിതാവിനെപ്പോലെ എന്റെ കുട്ടി എന്ന സങ്കല്‍പം മനസ്സില്‍ വളര്‍ത്തുമ്പോള്‍ ഒരു 

പുതിയ വിദ്യാഭ്യാസരീതിയും പ്രബുദ്ധമായ ഒരു സമൂഹത്തിന്റെ  നിര്‍മ്മാണവും 

സുസാദ്ധ്യമായിത്തീരുന്നു”. എന്ന വാക്കുകളില്‍ ദീര്‍ഘകാലത്തെ അനുഭവത്തിന്റെ 

തീക്ഷ്ണതയാണ് പ്രസരിയ്ക്കുന്നത്. “ സാങ്കേതിക പുരോഗതി വര്‍ദ്ധിച്ചു 

കൊണ്ടിരിയ്ക്കുന്ന ഇക്കാലത്തും യന്ത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത ചിലത്  സര്‍ഗ്ഗാ  

ത്മകതയ്ക്ക് നല്‍കാന്‍ കഴിയുന്നുവെന്നത് വിദ്യാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തേണ്ടത്  

സാഹിത്യാദ്ധ്യാപകനാണ് ”, “വരികള്‍ വായിയ്ക്കുക , വരികള്‍ക്കി ടയില്‍  വായിയ്ക്കുക , 

വരികള്‍ക്കപ്പുറം വായിയ്ക്കുക ” എന്ന് അദ്ധ്യാപനത്തിന്റെയും ആസ്വാദനത്തിന്റെയും 

രീതിയെക്കുറിച്ചും ഇദ്ദേഹം നല്‍കുന്ന ഉപദേശം അനുഭവത്തഴക്കത്തില്‍ നിന്നും 

ഉരുത്തിരിഞ്ഞതാണ്.                  

ടെന്‍ഡര്‍നെസ്

                 പ്രതിബദ്ധതയുള്ള ഒരദ്ധ്യാപകന് , സാഹിത്യകാരന് നല്ലൊരു 

കുടുംബസ്ഥനാകാന്‍  കഴിയുമോ എന്ന് സന്ദേഹിയ്ക്കേണ്ട കാര്യമില്ല.ആദ്യ 

പ്രതിഫലമായി കിട്ടിയ പത്ത് രൂപ കൈയില്‍ വെച്ച് കൊടുത്തപ്പോള്‍ പൊട്ടിക്കരഞ്ഞ 

അമ്മ ,നല്ലൊരു കുടുംബിനിയായ ഭാര്യ, വീട്ടില്‍ ഓണത്തിന്റെ സമൃദ്ധിയുമായെത്തുന്ന 

മകളും കുടുംബവും , ‘സുകൃതം ചെയ്ത മുഖത്ത് ചിങ്ങച്ചിരിയുമായി ’ കൊഞ്ചുന്ന പേരമകള്‍ 

- മനസ്സ് മസൃണമാകാന്‍ ഇനിയെന്ത് വേണം ? ഉറ്റ  സുഹൃത്ത് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ,സിവില്‍ 

സര്‍വീസ് പരീക്ഷയ്ക്ക് പഠിയ്ക്കാന്‍  സഹായം ചോദിച്ചു വന്ന വിമല , വേണ്ട 

സാഹചര്യങ്ങളുടെ അഭാവത്തിലും പഠനത്തില്‍ മികവു പുലര്‍ത്തിയ സ്വര്‍ണ്ണലത എന്ന 

വിദ്യാര്‍ത്ഥിനി , മാഷ്‌ ലീവെടുത്താല്‍  കുട്ടികള്‍ കരയും എന്ന ഒരവസ്ഥ ഉണ്ടാക്കുമാറ് 

മാതൃകാദ്ധ്യാപകനായ കിരാങ്ങാട്ട്‌ നാരായണന്‍ നായര്‍ - ഇവരൊക്കെ ലേഖകന്റെ 

മനസ്സില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചുവെന്നത് ആ മനസ്സിന്റെ മാര്‍ദ്ദവത്തിനു 

സാക്ഷ്യങ്ങളാണ്.

                  എടുത്തു പറയേണ്ട ഒരു കാര്യം , ഒരു പുതുമ കൂടിയുണ്ട് – ഈ കൃതി 

ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്  ‘ കഥാലേഖനങ്ങള്‍ ’ എന്ന വിഭാഗത്തിലാണ്. കഥയുടെ 

ലാളിത്യത്തില്‍ ലേഖനത്തിന്റെ ഗരിമ അലിഞ്ഞു ചേര്‍ന്നിരിയ്ക്കുകയാണ്. ആത്മകഥയുടെ 

ഊഷ്മളതയാണ് ഇവിടെ സംവേദ്യമാകുന്നത്. പക്ഷെ  കഥയുടെയും ലേഖനത്തിന്റെയും 

മാത്രം എകീഭാവമല്ല ഇവിടെ കാണുന്നത്. ഇതിനും മേലെയാണ് ഒരന്തര്‍വാഹിനിയായി 

ഒഴുകുന്ന , ഭാഷയെ സംഗീതമാക്കി മാറ്റുന്ന കവിത. ‘ ഓര്‍ക്കാപ്പുറത്ത് ചീറിയടിച്ച മഴ 

ഇളകിക്കിടക്കുന്ന മണ്ണില്‍ അലമുറയായി ’ –അമ്മയുടെ മരണത്തെപ്പറ്റി പറയുന്നിടത്താണ് 

ലേഖകന്‍ ഇങ്ങനെ എഴുതിയിരിയ്ക്കുന്നത്. ‘ ഓര്‍മ്മയില്‍ ഒരു ഇളനീര്‍ക്കുല കനം 

തൂങ്ങുന്നു ’,  ‘ മനസ്സില്‍ വന്നു വീഴുന്ന വാക്കും അര്‍ത്ഥവും വാരിക്കളിച്ചു ’, ‘ വളര്‍ച്ചയുടെ 

കറുക വരമ്പില്‍ ഒരായിരം ഓര്‍മ്മകള്‍ ’, ‘ചിതയ്ക്ക് ചുറ്റും മൌനം മലയിടിഞ്ഞ്‌ കിടന്നു ’, 

‘അവരുടെ മുഖങ്ങളില്‍ മേടക്കൊന്നകള്‍ പൂത്തുലയുന്നു ’, ‘ഓര്‍മ്മയുടെ ഗര്‍ഭഗൃഹത്തിലെ 

മഹാശൂന്യതയില്‍ ഞാന്‍ മൌനപ്പെട്ടു നിന്നു ’- ഇങ്ങനെ കവിതയുടെ നിറവുള്ള 

പ്രയോഗങ്ങള്‍ സുലഭം.ഇവിടെ സമന്വയത്തിന്റെ  സൌന്ദര്യം ആസ്വാദകഹൃദയ 

ങ്ങളുമായി സൌഹാര്‍ദ്ദത്തിലേര്‍പ്പെട്ടു പോകും.

                    അനുഭവങ്ങള്‍ മനസ്സിന്റെ മാര്‍ദ്ദവങ്ങളിലുണ്ടാക്കുന്ന പോറലുകളുടെ 

നൊമ്പരമാണ് ഗൃഹാതുരതയ്ക്ക് ജന്മമേകുന്നത്. സ്വന്തം മനസ്സിനേയും , എഴുത്തിനേയും , 

ചരാചരങ്ങളോടുള്ള സ്നേഹവായ്പിനേയും കുറിച്ച് ഡി. എഛ്. ലോറന്‍സ്                  

' ടെന്‍ഡര്‍നെസ് ’ , എന്ന് വിശേഷിപ്പിച്ചുവെന്നു ലേഖകന്‍ പരാമര്‍ശിയ്ക്കുന്നുണ്ട്‌. 

ഇദ്ദേഹം ബാല്യത്തിലെപ്പോഴോ ഡി. എഛ്. ലോറന്‍സിന്റെ   'ലേഡി ചാറ്റര്‍ലീസ് ലവര്‍' 

എന്ന നോവല്‍ വായിച്ച് ആവേശത്തോടെ 

എഴുതിയതാണ് ‘ തെറ്റ് ’ എന്ന തന്റെ 

ആദ്യകഥ. അന്നുതൊട്ടേ  ‘ ടെന്‍ഡര്‍നെസ് ’ എന്ന 

വാക്ക് ഒരു സാഹിത്യകാരന്റെ 

മൃദുലഭാവങ്ങള്‍ക്ക് പ്രേരണയായി 

തങ്ങിനിന്നിട്ടുണ്ടാകണം. അതാകണം അമ്പത് വര്‍ഷം  

പിന്നിട്ട ഒരു ദീര്‍ഘകാലസാഹിത്യജീവിതത്തിനു 

ശേഷവും ആ വാക്ക് തന്നെ തന്റെ ഈ 

കൃതിയ്ക്ക് ശീര്‍ഷകമാക്കാന്‍ കാരണം.  


പിന്‍വിളി

             ഏതൊരു വ്യക്തിയ്ക്കും താന്‍ ജനിച്ചുവളര്‍ന്ന ദേശത്തോടും , അവിടത്തെ 

ഭാഷയോടും , ഭാഷാഭേദത്തോടും ഒരു പ്രത്യേക മമതയുണ്ടാകും. ആ മമത 

ആത്മകഥാപരമായ ഒരു കൃതിയുടെ ആത്മാവാണ്. രാഷ്ട്രീയത്തോടു തനിയ്ക്കും , മുണ്ടൂര്‍ 

കൃഷ്ണന്‍കുട്ടിയ്ക്കുമുണ്ടായ പരിചയത്തെക്കുറിച്ച് ലേഖകന്‍ പറയുന്നത്   " കാട്ടുതീ 

ഞങ്ങളോട് കൂട്ടം കൂടുന്നുവോ ” എന്നാണ്. സംസാരിയ്ക്കുക എന്ന് അര്‍ത്ഥമുള്ള ‘ കൂട്ടം 

കൂടല്‍ ’ ഇവിടെ ഹൃദ്യമായിത്തീരുന്നതും അതുകൊണ്ട് തന്നെ. നാട്ടിന്‍പുറത്തെ 

വെള്ളത്തിന്റെ നന്മയെക്കുറിച്ച് ഭാര്യ പറയുമ്പോള്‍ ലേഖകന്‍ ഓര്‍ക്കുന്നത് കുട്ടിക്കാലത്ത് 

നിറഞ്ഞുനില്‍ക്കുന്ന പാതച്ചാലില്‍ വീണു താനൊഴുകിപ്പോയതിനെക്കുറിച്ചാണ്. “ആരോ 

ഭാഗ്യത്തിന്പിടിച്ചു കയറ്റിയതു  കൊണ്ട് അമ്മയ്ക്കൊരു  മകനെയും , നിനക്കൊരു 

ഭര്‍ത്താവിനെയും കിട്ടി ” എന്ന ആത്മഗതത്തിലെ നര്‍മ്മരസവും ഹൃദ്യമാണ്. 

ഗതകാലസ്മരണകളിലെ സന്ദര്‍ഭങ്ങളിലെല്ലാം ബാല്യത്തിന്റെ ആവേശവും 

ബാലകഭാവവും ഇപ്പോഴും കാണാന്‍ കഴിയുന്നുണ്ട്. ഈ സവിശേഷത തന്നെയാകണം 

മാറുന്ന കാലത്തിനൊത്ത് ചിന്തിയ്ക്കാനും , എഴുതാനും ലേഖകനെ പ്രാപ്തനാക്കുന്നത്. 

അല്ലെങ്കില്‍ പിന്നിട്ട വഴികളിലെവിടെയെങ്കിലും തങ്ങിനില്‍ക്കുമായിരുന്നു ആ ഭാവന. 

തന്റെ മനസ്സും ജീവിതവും കഥ തന്നെയെന്നു കരുതുന്ന ഇദ്ദേഹത്തിനു തനിയ്ക്കിനിയും 

എഴുതാന്‍  കഴിയുമെന്ന ആത്മവിശ്വാസമുണ്ട്‌. “ എന്റെ മനസ്സില്‍ നിറയെ കഥകളുണ്ട്. 

അവയ്ക്ക് ജീവന്‍ നല്‍കാന്‍ ഒരു തീനാളം വേണം , ഞാനതന്വേഷിയ്ക്കുകയാണ് ” എന്ന് 

ലേഖകന്‍ പറയുന്നു. ഈ അന്വേഷണമാണ് കാലത്തിനൊത്ത് നീങ്ങാന്‍ ഒരു 

സാഹിത്യകാരന് ആവശ്യമുള്ളതും. മനസ്സൊന്നിളവേല്‍ക്കുമ്പോള്‍ ഒരു 

നിമിഷാര്‍ദ്ധത്തിലേയ്ക്കാണെങ്കിലും നിലയ്ക്കാത്ത പിന്‍വിളി എഴുത്തുകാരനെ സ്വന്തം 

തട്ടകത്തിലെയ്ക്കെത്തിയ്ക്കും. പിന്നെ എങ്ങനെ എഴുതാതിരിയ്ക്കും ?


                എനിയ്ക്ക് പിന്നില്‍ വരുന്നുണ്ട് ഈ ഗ്രാമത്തിന്റെ ചെത്തങ്ങള്‍ക്ക് വേണ്ടി 

കണ്ണും മനസ്സും തുറന്നിരിയ്ക്കുന്നവര്‍. അവര്‍ വരട്ടെ , പുതിയ കഥ വരട്ടെ ” എന്ന് 

പിന്‍ഗാമികള്‍ക്ക് വേണ്ടി ഹൃദയവിശാലതയോടെ ചിന്തിയ്ക്കാനും ലേഖകന് കഴിയുന്നു.







സമകാലികമലയാളംവാരിക- 2010 ഡിസംബര 24