Sunday 8 December, 2013

പരിത്യക്ത പര്‍വ്വം





     ഇതിഹാസത്തിലെ ശ്രേഷ്ഠരായ സ്ത്രീ കഥാപാത്രങ്ങളായി നാം പലരെയും പരിചയപ്പെട്ടിട്ടുണ്ട് – സര്‍വ്വംസഹകളും , സഹധര്‍മ്മവും സ്വധര്‍മ്മവുമൊക്കെ ആച രിയ്ക്കുന്നതില്‍ നിഷ്ഠയുളളവരുമായ സ്ത്രീകള്‍. പലരും മാതൃകകളായി നമ്മുടെ സങ്കല്പങ്ങ ളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ജീവിതത്തില്‍ കടുത്ത ദു:ഖങ്ങളും അവമതി കളുമുണ്ടായിട്ടും  ത്യാഗം കൊണ്ടോ ഭോഗം കൊണ്ടോ ജീവിതസാഗരം നീന്തിക്കടന്നവര്‍. എല്ലാവര്‍ക്കും പറയാനുണ്ട് ഒരുപാടു ദു:ഖാനുഭവങ്ങള്‍. പക്ഷേ അവരില്‍ വെച്ച് ഏറ്റവുമധികം ദു:ഖങ്ങള നുഭവിച്ച , രാജപുത്രിയും ,രാജപത്നിയും, രാജമാതാവുമായിട്ടും നിശ്ശബ്ദതയുടെ ആവരണ ങ്ങള്‍ക്ക് പിറകെ നിശ്ചലമായി ജീവിച്ച സ്തീ ഒന്നേയുള്ളൂ – കുന്തി. പരിത്യക്ത എന്ന വാക്ക്  ഏറ്റവുമധികം യോജിയ്ക്കുന്നത്  ഈ കഥാപാത്രത്തിനാണ്.
     
     വ്യാസഭാരതത്തില്‍  ഒരു ദീര്‍ഘകാലത്തേയ്ക്ക് തന്നെ കുന്തിയുടെ സാന്നിദ്ധ്യമുണ്ട് – മകളായി, കുമാരിയായി, ഭാര്യയായി ,സപത്നിയായി ,അമ്മയായി, പോറ്റമ്മയായി, ശ്വശ്രു വായി,അനുജത്തിയായി . പക്ഷേ രാജകുമാരിയായോ, രാജപത്നിയായോ, രാജമാതാവാ യോ കാണുന്നുമില്ല. ഓരോ അവസ്ഥയിലും ദു:ഖിതയെങ്കിലും സ്വധര്‍മ്മം  വെടിയാത്ത ,ധര്‍മ്മാനുഷ്ഠാനങ്ങളില്‍ പിഴവ് വരുത്താത്ത നിഷ്ഠയുടെ ദാര്‍ഢ്യം കുന്തിയുടെ സ്വഭാവൌ ന്നത്യത്തിന്റെ പ്രധാന ഘടകമാണ്. കൃതിയുടെ സംക്ഷിപ്തത വിവരിയ്ക്കുന്നിടത്തു തന്നെ കുന്തിയെപ്പറ്റി പറയുമ്പോള്‍ ധീര എന്നൊരു വിശേഷണം മുനി നിബന്ധിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന്റെ അനുഭവങ്ങളിലേയ്ക്കും നിലപാടുകളിലേയ്ക്കുമുള്ള ഒരു വഴിയടയാളമാണീ പ്രയോഗം.


പുത്രജനനം

     ജനനം മുതല്‍ക്കേ നിരാസങ്ങളിലൂടെയാണ് കുന്തി ജീവിച്ചത്. യാദവരാജാവായ ശൂരസേനന്റെ മകളായാണവള്‍  ജനിച്ചത് – പൃഥ. പണ്ടു കൊടുത്ത ഒരു വാക്കനുസരിച്ച് ശൂരസേനന്‍ അവളെ തന്റെ അച്ഛന്‍പെങ്ങളുടെ മകനും അനപത്യനുമായ കുന്തീഭോജന് നല്‍കി. അവള്‍ക്കു നഷ്ടപ്പെട്ടത്  സ്വന്തം അച്ഛനമ്മമാര്‍ മാത്രമല്ല , സ്വന്തം പേര് കൂടിയായിരുന്നു – അസ്തിത്വം തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ. അന്നുതൊട്ട വള്‍  കുന്തിയായി. ഒരു പക്ഷേ ആ കൈമാററമാകും അവളില്‍ നിശ്ശബ്ദതയും ഉള്‍വലിവും സഹനശക്തിയുമൊക്കെയുണ്ടാക്കിയത്. കൌമാരത്തിലെയ്ക്കെത്തുന്ന കുന്തിയെ ഉഗ്രതേജസ്വിയായ ദുര്‍വ്വാസാവിന്റെ  ശുശ്രൂഷയ്ക്കയച്ചത്  കുന്തീഭോജന് അവളിലുള്ള വിശ്വാസം കൊണ്ടോ ദത്തുപുത്രിയോടുള്ള അനാസ്ഥ കൊണ്ടോ ?എന്തു തന്നെയായാലും അവളുടെ സഹിഷ്ണുത ദുര്‍വ്വാസാവിനെ പ്രീതനാക്കി. ദുര്‍വ്വാസാവ് നല്‍കിയ സമ്മാനം ദേവാവാഹന മന്ത്രമായിരുന്നു.

          അവള്‍ക്കാപദ് ധര്‍മ്മമോര്‍ത്തിട്ടവന്‍ താന്‍ മന്ത്രമേകിനാന്‍           
         
          ആഭിചാരവിധിയ്ക്കൊത്തിട്ടരുളീ  പിന്നെയിങ്ങനെ

          ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ് വു നീ                               
         
          അതതു ദേവപ്രീത്യാ തേ പുത്രനുണ്ടായി  വന്നിടും                                                           

ഈ മന്ത്രം അനന്തരഫലചിന്തനയില്ലാതെ സൂര്യദേവന് നേര്‍ക്കു പ്രയോഗിച്ചുവെന്നതാണ് കുന്തിയ്ക്ക് ജീവിതത്തില്‍ പറ്റിപ്പോയ ഒരേയൊരു തെറ്റ് . പക്ഷേ അത് ആജീവനാന്തം മനസ്സിനെ മഥിയ്ക്കുന്ന സംഭവപരമ്പരകള്‍ക്ക് തന്നെ വഴിയൊരുക്കുകയായിരുന്നു.

     നിരാസങ്ങളേറെ അനുഭവിച്ചതു കൊണ്ടാകാം വളരെ പക്വമതിയായിരുന്നു കുന്തി. കൌതുകം കൊണ്ട് താന്‍ പ്രയോഗിച്ച മന്ത്രം സൂര്യദേവനെ തന്റെ മുന്നിലെത്തിച്ചപ്പോള്‍  ഭയന്നുപോയ കുന്തി ദേവനെ താന്‍ കന്യകയാണെന്നോര്‍മ്മിപ്പിച്ച് പിന്തിരിയാനപേക്ഷി യ്ക്കുന്നിടത്തു തന്നെ അവളുടെ ധര്‍മ്മബോധം വ്യക്തമാകുന്നുണ്ട്. സൂര്യദേവന്‍ തനിയ്ക്ക് ഇനി തിരിയെപ്പോകാനാകില്ലെന്നും തനിയ്ക്ക് വിധേയയായില്ലെങ്കില്‍ അവളെയും ,അവളുടെ അച്ഛനെയും ,വരം തന്ന ഋഷിയെയും താന്‍ ശപിയ്ക്കുമെന്നും ക്ഷോഭിച്ചപ്പോള്‍ ,ഗത്യന്തരമില്ലാത്ത ആ അവസ്ഥയിലും  അവള്‍ തനിയ്ക്കുണ്ടാകുന്ന പുത്രന് കവച കുണ്ഡലങ്ങള്‍ വേണമെന്നും , അവന്‍  ധര്‍മ്മിഷ്ഠനായിരിയ്ക്കണമെന്നും നിബന്ധനകള്‍ മുന്നോട്ടു വെച്ചു. ആ പടച്ചട്ട എന്നും തനിയ്ക്കവനെ തിരിച്ചറിയാനൊരടയാളമാകുമെന്നും കുന്തി പറയുന്നുണ്ട്. പിന്നീട് കുന്തി തന്റെ ദുര്‍വ്വിധിയ്ക്കനുസരിച്ചു വന്നുചേര്‍ന്ന ഓരോ ആപദ്സന്ധിയും വളരെ മുന്‍കരുതലോടെ ആസൂത്രണം ചെയ്താണ് അഭിമുഖീകരിച്ചത്.   
     ശാപഗ്രസ്തനായ പാണ്ഡുവിനോടും സപത്നിയായ മാദ്രിയോടുമൊപ്പം വനവാസം സ്വീകരിച്ചപ്പോഴും പാണ്ഡുവിന്റെ ജീവന്റെ കാര്യത്തില്‍ ദത്തശ്രദ്ധയായിരുന്നു കുന്തി. പാണ്ഡു തന്നെ അനപത്യതാദു:ഖത്തില്‍ നിന്ന് മോചിപ്പിയ്ക്കാനപേക്ഷിച്ചപ്പോള്‍ കുന്തി അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് പിന്മാററാനാണ് ശ്രമിച്ചത്. പാണ്ഡുവിന്റെ നിര്‍ബ്ബന്ധം അസഹ്യമായപ്പോള്‍ മാത്രമാണവള്‍  ദുര്‍വ്വാസാവിന്റെ വരദാനത്തെക്കുറിച്ച് പറഞ്ഞത്. അപ്പോഴും തന്റെ സൂര്യപുത്രനെക്കുറിച്ച് അവള്‍ പറഞ്ഞില്ല. അന്നത്തെ നിയമ മനുസരിച്ച് കര്‍ണ്ണനും പാണ്ഡു പുത്രനാകുമായിരുന്നു.  പാണ്ഡുവിന്റെ നീരസത്തേക്കാള്‍  അവള്‍ ഭയന്നത് ഹസ്തിനപുരത്തി ന്റെ നിരാസമായിരിയ്ക്കും. തന്റെ സല്‍പ്പേരും ഹസ്തിനപുരരാജവംശത്തിന്റെ യശസ്സും അവളെ പിന്തിരിപ്പിച്ചതായിരിയ്ക്കാം. ധര്‍മ്മവും കരുത്തും ധൈര്യവും മക്കളായി പിറന്നപ്പോള്‍  പാണ്ഡു വീണ്ടും തന്റെ പുത്രമോഹം പറഞ്ഞു .പക്ഷേ നാലാമതൊരു പുത്രനെ ആഗ്രഹിയ്ക്കുന്നത് അധര്‍മ്മ മാണെന്നു പറഞ്ഞ് കുന്തി ആ അപേക്ഷ നിരാകരിച്ചു. ദേവാവാഹനമന്ത്രം മാദ്രിയ്ക്കും ഉപദേശിയ്ക്കാന്‍  പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ കുന്തി മടിച്ചില്ല. പക്ഷേ മാദ്രി  ആ മന്ത്രം അശ്വിനീ ദേവന്മാരെ പ്രീതിപ്പെടുത്തി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ അതിലെ അനൌചിത്യം കുന്തിയെ ക്ഷുബ്ധയാക്കി. വീണ്ടും മാദ്രിയ്ക്ക് മന്ത്രോപദേശം നല്‍കാന്‍ പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ മാദ്രിയുടെ വക്രപ്രവൃത്തിയെക്കുറിച്ച് പറഞ്ഞ് തന്നെ ഇനിയും അതിനു നിര്‍ബ്ബന്ധിയ്ക്കില്ലെന്ന് കുന്തി പാണ്ഡുവില്‍ നിന്ന് വരം നേടുകയാണ്‌ ചെയ്തത്. ഇത് കുന്തിയുടെ അസൂയയല്ല, ആ ദിവ്യമന്ത്രത്തെ ദുരുപയോഗം ചെയ്തതിലുള്ള രോഷ മാണ്‌ പ്രകടമാകുന്നത്.   അസൂയാലുവാണെങ്കില്‍ അവളാ മന്ത്രോപദേശത്തിനു തന്നെ മുതിരില്ലായിരുന്നു. മാദ്രി കാരണം പാണ്ഡു മരിച്ചപ്പോള്‍ കുന്തി  മാദ്രിയെ കുറ്റപ്പെടുത്തുക യുണ്ടായി. പാണ്ഡുവിന്റെ ആയുസ്സിനു വേണ്ടി താന്‍ ചെയ്തതെല്ലാം വിഫലമായിപ്പോയ തിലുള്ള രോഷം അങ്ങനെ പ്രകടമായെങ്കില്‍ അതില്‍ കുറ്റം പറയേണ്ടതില്ല. പാണ്ഡുവി നോടോപ്പം കുന്തിയും മരണം വരിയ്ക്കാനൊരുങ്ങിയതായിരുന്നു. പക്ഷേ അത്  മാദ്രി ഏറ്റെടുത്തു. മക്കളെ സമഭാവനയോടെ കാണാന്‍ തന്നെക്കാള്‍ കുന്തിയ്ക്കാണ് കഴിയുകയെന്ന് മാദ്രിയ്ക്ക്  വിശ്വാസമുണ്ടായിരുന്നു. കുന്തി അത് തെററിച്ചതുമില്ല. കൌന്തേയരെന്നും  മാദ്രേയരെന്നും വേറിട്ടു കാണാതെ പാണ്ഡവരായി ഒരുമിച്ചു വളര്‍ത്താന്‍  അവള്‍ക്കു കഴിഞ്ഞു. മക്കള്‍ക്കവകാശപ്പെട്ട രാജ്യം അവര്‍ക്ക് നേടിക്കൊടുക്കുക എന്ന കടമ കൂടിയാണ് കുന്തി ഇവിടെ ഏറ്റെടുത്തത്.


വിശ്വാസം വിദുരനീതിയില്‍

     ഹസ്തിനപുരത്തെത്തിച്ചേര്‍ന്ന കുന്തി പാണ്ഡവരുടെ ശത്രുക്കളാരെന്നു ശരിയ്ക്കു മനസ്സിലാക്കിയിരുന്നു. പക്ഷേ അവളൊരിയ്ക്കലും ദുര്യോധനാദികളുടെ അക്രമങ്ങള്‍ക്കെ തിരെ പ്രതികരിച്ചില്ല. പ്രതികരിയ്ക്കാന്‍ മക്കളെ ഉപദേശിച്ചതുമില്ല. ജാഗരൂകരായിരി യ്ക്കാന്‍  പറയുക മാത്രമേ ചെയ്തുള്ളൂ. പിതാമഹന്മാരോടോ ഗുരുക്കന്മാരോടോ പരാതിപ്പെടുന്നുമില്ല. ഒരിയ്ക്കല്‍ ഭീമനെ പ്രമാണകോടിയില്‍ വെച്ച് കാണാതായപ്പോള്‍ മാത്രം ദുര്യോധനന്‍ അപായപ്പെടുത്തിയിരിയ്ക്കാമെന്നൊരാശങ്ക വിദുരരോടു പറയുന്നുണ്ട്. വിദുരര്‍ എന്നും പാണ്ഡ വപക്ഷത്ത് നിന്ന, അവരുടെ സംരക്ഷണമേറ്റെടുത്ത നീതിജ്ഞ നായിരുന്നു. ആ നീതിബോധത്തില്‍ കുന്തിയ്ക്ക് ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. 

          മഹാത്മാവാ മഹാബുദ്ധി ഗംഭീരന്‍ വിദുരന്നുടെ                                                      
          ലോകത്തിന്മേലെ നില്‍ക്കുന്നു കൃഷ്ണാ ശീലം വിഭൂഷണം 

എന്ന് കുന്തി പറയുന്നുമുണ്ട്. അരക്കില്ലത്തില്‍ കാട്ടാളത്തിയേയും അഞ്ചു മക്കളെയും ബലി കഴിച്ചതിനു കൂട്ടു നിന്നുവെന്നതാണ്  കുന്തിയുടെ ഒരേയൊരു ക്രൂരതയായി നമുക്ക് കാണാനാകുന്നത്. മക്കളുടെ പരിപാലനവും രാജ്യപ്രാപ്തിയും കര്‍ത്തവ്യമായി കരുതിയ കുന്തിയ്ക്ക്  ദുര്യോധനാദികളുടെ ദുഷ്ടതകളില്‍ നിന്ന്  രക്ഷ നേടാന്‍ അതൊരു മാര്‍ഗ്ഗമായിരുന്നു. പോരെങ്കില്‍ നിഷാദഹത്യ അക്കാലത്തൊരു തെറ്റായി കണക്കാക്കിയിരുന്നുമില്ല.


സ്നേഹമയിയായ ഭര്‍തൃമാതാവ്

     ഹിഡിംബിയോട് കുന്തി യാതൊരു നീരസവും കാണിയ്ക്കുന്നില്ല. ഭീമനെ തനിയ്ക്ക് ഭര്‍ത്താവായി നല്‍കണമെന്ന  ഹിഡിംബിയുടെ അര്‍ത്ഥന സ്വീകരിച്ചു. ഘടോല്‍ക്കചന്‍  ജനിച്ചപ്പോള്‍ ഐവര്‍ക്കും മൂത്തമകനായ അവന്‍ യഥാകാലം സഹായത്തിനെത്തണ മെന്നു പറഞ്ഞു. അര്‍ജ്ജുനന്‍ സ്വയംവരമണ്ഡപത്തില്‍ ജയിച്ച് ദ്രൌപദിയേയും നേടി ഐവരും തിരിച്ചു വന്നപ്പോള്‍ ഭീമന്‍  ‘ ഇന്നത്തെ ഭിക്ഷ ’ കാണാന്‍ അമ്മയെ വിളിച്ച പ്പോള്‍  അത് ദ്രൌപദിയാണെന്നറിയാതെയാണ് കുന്തി  ഐവരോടും പങ്കിട്ടെടുക്കാന്‍ പറഞ്ഞത്. തന്റെ വാക്ക് തെറ്റിപ്പോകാതെ പരിഹരിയ്ക്കാന്‍ കുന്തി വളരെ ദു;ഖത്തോടെ തന്നെയാണ് യുധിഷ്ഠിരനോട് ആവശ്യപ്പെട്ടതും. ദ്രുപദനും വ്യാസനും പാണ്ഡവരും അതെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ‘ അനൃതത്തില്‍ബ്ഭയമെനിയ്ക്കതൊഴിയ്ക്കുവതെ ങ്ങനെ ’ എന്ന് കുന്തി ആരായുന്നുണ്ട്. പാണ്ഡവര്‍ വനവാസമനുഷ്ഠിയ്ക്കുന്ന കാലത്തും പുത്രരെ വിട്ട് പത്നീധര്‍മ്മമനുഷ്ഠിയ്ക്കുന്ന ദ്രൌപദിയുടെ ദു:ഖമെന്തെന്നു കുന്തിയ്ക്ക് മനസ്സിലാകുന്നുണ്ട്. യുദ്ധത്തിനു മടിയ്ക്കുന്ന യുധിഷ്ഠിരന്റെ വീര്യം ഉജ്ജ്വലിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നിടത്ത് ദ്രൌപദിയ്ക്ക് സഭയിലേററ അപമാനം തനിയ്ക്ക് മറക്കാനാകി ല്ലെന്നു പറയുന്നു. അവസാനയാത്രയ്ക്കൊരുങ്ങി നില്‍ക്കുമ്പോള്‍  യുധിഷ്ഠിരനു ഉപദേശം കൊടുക്കുന്ന സമയത്തും  ദ്രൌപദിയുടെ ഇഷ്ടങ്ങള്‍ പരിഗണിയ്ക്കണമെന്നോര്‍മ്മി പ്പിയ്ക്കുന്നു.


മാതൃത്വം

     കുന്തിയുടെ മാതൃത്വവും അവള്‍ക്കു വിധി നല്‍കിയ സവിശേഷമായ ഒരനുഭവമാണ്. മകനെ ഉപേക്ഷിച്ച അമ്മയായും ,മൂന്നു മക്കള്‍ക്ക്‌ പെററമ്മയായും ,രണ്ടു മക്കള്‍ക്ക്‌ പോറ്റമ്മയായും കുന്തിയ്ക്ക് ജീവിയ്ക്കേണ്ടി വന്നു. കര്‍ണ്ണനെ അപവാദഭീതികൊണ്ടു പേക്ഷിയ്ക്കുന്ന സമയത്തെ പ്രാര്‍ത്ഥനയിലും അവന്റെ  വളര്‍ച്ചയെക്കുറിച്ചുള്ള ചിന്തയിലും ഒരമ്മയുടെ മനോവ്യഥ മുഴുവന്‍ പ്രകടമാകുന്നുണ്ട്. കര്‍ണ്ണനെവിടെയെത്തിച്ചെര്‍ന്നുവെന്നു കുന്തി രഹസ്യമായന്വേഷിച്ച് മനസ്സിലാക്കുന്നുണ്ട്. പാണ്ഡവരെ ഒരുമിച്ചു നിര്‍ത്തുന്ന കുന്തി യ്ക്ക് പരാജയമറിയേണ്ടിവന്നിട്ടില്ല. വനവാസത്തിനൊരുങ്ങി നില്‍ക്കവേ ദ്രൌപദിയോട് സഹദേവനെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നുപദേശിയ്ക്കുമ്പോള്‍  പോറ്റമ്മയുടേതല്ല പെററമ്മയുടെ വാത്സല്യം തന്നെയാണ് കാണുന്നത്.തന്റെ മക്കളുടെ ദുര്‍വ്വിധിയോര്‍ത്ത് കന്തി കരഞ്ഞു , ജ്യേഷ്ഠന്മാര്‍ പോയ്ക്കൊള്ളട്ടെ നീയെന്റെ കൂടെ നില്‍ക്കണം ’ എന്ന് സഹദേവനോടാവശ്യപ്പെട്ടു. തന്റെ അഞ്ചുമക്കളോടുള്ള സ്നേഹം സഹദേവനില്‍ കാണാന്‍ കുന്തിയ്ക്ക് കഴിയുന്നുവെന്നല്ലേ അതിന്റെ അര്‍ത്ഥം . അജ്ഞാതവാസവും പൂര്‍ത്തിയായ തിനു ശേഷം യുധിഷ്ഠിരന്‍ യുദ്ധമൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കേ , ഒരവസാനശ്രമ മെന്ന നിലയ്ക്ക്  കൃഷ്ണനെ ദൂതനായയച്ച പ്പോഴാണ് ഒരു ക്ഷത്രിയസ്ത്രീയെന്ന നിലയ്ക്ക് കുന്തി തന്റെ മൌനം ഭഞ്ജിയ്ക്കുന്നത്. ക്ഷത്രിയന്റെ ധര്മ്മമെന്തെന്നു വിദുളയുടെ കഥ യിലൂടെ ഓര്‍മ്മിപ്പിയ്ക്കുന്നിടത്ത് ആ ക്ഷാത്രവീര്യം മുഴുവന്‍ സകല ശക്തിയോടെ ബഹിര്‍ഗ്ഗമിയ്ക്കുന്നു.

     യുദ്ധം ഉറപ്പായതിനു ശേഷം കുന്തി താന്‍ മറച്ചു വെച്ച രഹസ്യം തന്റെ മൂത്ത പുത്രനോടു പറയാന്‍ തയ്യാറായി. കൃഷ്ണന്റെ വാക്കുകള്‍ കേട്ടിട്ടും കര്‍ണ്ണന്റെ മനസ്സ് മാറിയിരുന്നില്ല. മറുപക്ഷമേ ജയിയ്ക്കൂ എന്നുറപ്പുണ്ടായിട്ടു പോലും കര്‍ണ്ണന്‍ തനിയ്ക്ക് ദുര്യോധനനോടുള്ള ഋണബദ്ധതയോര്‍ത്തും , ഭീരുത്വഭീതിയോര്‍ത്തും കൃഷ്ണന്റെ ക്ഷണം നിരസിച്ചു. അക്കാര്യമറിയാതെയാണ്  കുന്തി കര്‍ണ്ണനെ ചെന്ന കണ്ടത്. അമ്മ കണ്മുന്നില്‍ വന്നു കരഞ്ഞപേക്ഷിച്ചപ്പോള്‍  ആ അപേക്ഷ നിരാകരിച്ചുവെങ്കിലും അര്‍ജ്ജുനനൊഴികെ മറ്റ് നാല്‍വരേയും താന്‍ വധിയ്ക്കില്ലെന്നു കര്‍ണ്ണനുറപ്പു കൊടുത്തു ; അര്‍ജ്ജുനനെ വധിയ്ക്കാന്‍ കഴിഞ്ഞാല്‍ കുന്തിയുടെ അടുക്കലെയ്ക്കെത്തിക്കൊള്ളാമെന്നും. കുന്തിയുടെ ഈ പ്രവൃത്തി യഥാര്‍ത്ഥത്തില്‍ പാണ്ഡവരെ രക്ഷിയ്ക്കാനായിരുന്നുവോ ? കൃഷ്ണന്‍ കൂടെയുണ്ടായിരിയ്ക്കെ പാണ്ഡവരുടെ ജീവന് അപായം വരുമെന്ന് കുന്തി ഭയക്കാനിട യില്ല ; ഭയന്നത് കര്‍ണ്ണന് സംഭവിച്ചേയ്ക്കാവുന്ന മരണത്തെത്തന്നെയായിരിയ്ക്കണം. തുറന്നുപറഞ്ഞാല്‍ വീരനായ കര്‍ണ്ണന്‍ അതംഗീകരിയ്ക്കില്ലെന്ന് കുന്തിയ്ക്ക് നന്നായി അറിയാം. കര്‍ണ്ണന്‍ പാണ്ഡവ പക്ഷത്തേയ്ക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍  ആ ജന്മരഹസ്യം എല്ലാവരും അറിയുമായിരുന്നു. കുന്തി തന്റെ സല്‍പ്പേരിനേക്കാള്‍ മാതൃത്വ ത്തിന് തന്നെയാണ് പ്രാധാന്യം കൊടുത്തതെന്നതിനു തെളിവാണിത്. അപ്പോഴും അവള്‍ ധര്‍മ്മനിഷ്ഠയ്ക്ക് തന്നെ മുന്‍ ഗണന കൊടുത്തുവെന്നു മാത്രം. അല്ലങ്കില്‍ തന്റെ വാക്കുകള്‍ നിരസിയ്ക്കില്ലെന്നുറപ്പുള്ള  യുധിഷ്ഠിരനോടിക്കാര്യം പറയാമായിരുന്നു. അതറിഞ്ഞാല്‍ യുധിഷ്ഠിരന്‍ യുദ്ധത്തില്‍ നിന്ന് പിന്‍ മാറുകയും രാജ്യം കര്‍ണ്ണന് നല്‍കുകയും ചെയ്യും.  കര്‍ണ്ണനത് ദുര്യോധനനു സമര്‍പ്പിയ്ക്കും. അങ്ങനെ ജയം അധര്‍മ്മപക്ഷത്തിനാകും. അതൊഴിവാക്കാനായിരുന്നു കുന്തിയുടെ ഈ പ്രവൃത്തി . അംഗീകൃതരായ മക്കളെ രക്ഷിയ്ക്കാന്‍ തന്റെ അഭിമാനത്തിന്റെ പേരില്‍ ഒരിയ്ക്കല്‍ താനുപേക്ഷിച്ച മകനെ, അവന്റെ ആയുധപാടവമോര്‍ത്തു ഭയന്ന്  മാതൃത്വത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനൊ രുങ്ങിയതാണ് കുന്തി എന്ന് കരുതുന്നത് നിരര്‍ത്ഥകമാണ്. അഭ്യാസപ്രകടന വേളയില്‍ വേദിയിലെത്തിയ കര്‍ണ്ണനെ കണ്ടു ബോധമറ്റ്‌ നിലം പതിച്ച , ബോധം വന്നപ്പോള്‍ യുദ്ധോദ്യുക്തരായി നില്‍ക്കുന്ന തന്റെ മക്കളെക്കണ്ട് പരിഭ്രാന്തയായ കുന്തിയുടെ മാതൃത്വ ത്തെ സംശയിയ്ക്കേണ്ടതില്ല.


ധര്‍മ്മപരായണയായ കുന്തി

കുന്തിയുടെ ധര്‍മ്മബോധം ഏറ്റവും പ്രകടമാകുന്നത് ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിനൊരുങ്ങുന്ന വേളയിലാണ്. ഒരു സര്‍വ്വനാശകരമായ യുദ്ധത്തിനു ശേഷം മക്കള്‍ താനുദ്ദേശിച്ചപോലെ അര്‍ഹിച്ച രാജ്യാവകാശം നേടിയപ്പോള്‍ രാജമാതാവായി രിയ്ക്കുന്നതിനു പകരം ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും , ഒരനുജത്തിയെന്ന നിലയ്ക്ക് ഗുരുജനങ്ങളാക്കി കണക്കാക്കി കൂടെ വാനപ്രസ്ഥത്തിനൊരുങ്ങുകയാണ് കുന്തി ചെയ്തത്. അവര്‍ കൂടി ഉപദേശിച്ചിട്ടും ,മക്കള്‍ കരഞ്ഞപേക്ഷിച്ചിട്ടും കുന്തി പിന്തിരിഞ്ഞില്ല. ജനിച്ച കാലം തൊട്ട് തനിയ്ക്ക് നിഷേധിയ്ക്കപ്പെട്ട രാജൈശ്വര്യങ്ങള്‍ കുറച്ചു കാലത്തേയ്ക്കെ ങ്കിലും അനുഭവിയ്ക്കാമെന്ന ഭോഗാസക്തി  കുന്തിയ്ക്കുണ്ടായിരുന്നില്ല.അവിടെയും സ്വധര്‍മ്മപരിപാലനത്തില്‍ കുന്തി വീഴ്ച വരുത്തിയില്ല. എങ്കില്‍ എന്തിനു തങ്ങളെ ക്കൊണ്ട് സര്‍വ്വവിനാശകരമായ യുദ്ധം ചെയ്യിച്ചു , കാടു തന്നെ മതിയായിരുന്നില്ലേ എന്ന് യുധിഷ്ഠിരനും ഭീമനും ചോദിച്ചപ്പോള്‍                                          

          എന്‍  ഭര്‍ത്താവിന്റെ വന്‍ രാജ്യഫലം പണ്ടേറ്റു മക്കളേ                                           
          മഹാദാനം നല്‍കി വിധി പോലെ ഹോമം കഴിച്ചു ഞാന്‍                                         
          എനിയ്ക്ക് വേണ്ടിയല്ലാ ഞാന്‍ പ്രേരിപ്പിച്ചിതു കൃഷ്ണനെ                                           
          വിദുളാ വാക്കു വഴിയായ് പാലനയ്ക്കതു ചെയ് വു ഞാന്‍                                                 

എന്നാണ് കുന്തി പ്രതിവചിച്ചത് . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്നെ കാണാനെത്തിയ യുധിഷ്ഠിരനും സഹദേവനും തന്നോടൊപ്പം കാട്ടിലേയ്ക്കു വരികയാണെന്ന് നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍  ‘ സഹദേവനോട് മുഷിയരുത്‌ , കര്‍ണ്ണനെ ഓര്‍ക്കണം ,പാഞ്ചാലിയ്ക്കി ഷ്ടമായ രീതിയില്‍ നില്‍ക്കണം ,അനുജന്മാരെ ഒന്നിച്ചു നിര്‍ത്തണം ,കുലഭാരം നിന്നിലാണ് ’ എന്നുപദേശിച്ച്  കുന്തി യുധിഷ്ഠിരനെ പിന്തിരിപ്പിച്ചു. സഹദേവനേയും അവന്റെ സ്നേഹം തന്റെ തപസ്സിനു വിഘാതമാവുകയാണ്‌ എന്ന് പറഞ്ഞ് തിരിച്ചയച്ചു. ഇവിടെയും ആ അചഞ്ചലമായ ധര്‍മ്മബോധമാണ് പ്രകടമാകുന്നത്.


വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?

     വിധിയെ പൌരുഷം കൊണ്ട് ജയിയ്ക്കാനാവില്ല എന്ന് മഹാഭാരതത്തില്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിനൊരുത്തമ ദൃഷ്ടാന്തമാണ് കുന്തിയുടെ ജീവിതം. ദുര്‍വ്വാസാവിനു ഇത്തരമൊരു മന്ത്രം തന്നെ കൌമാരത്തിലെയ്ക്ക് കാലൂന്നുന്ന കുന്തിയ്ക്ക് കൊടുക്കാന്‍ തോന്നിയത്  ദേവകാര്യം നിര്‍വ്വഹിയ്ക്കാന്‍  പ്രാപ്തരായ മക്കള്‍ക്ക്‌ ജന്മം നല്‍കാന്‍  പ്രാപ്തിയുള്ളവളാണ് കുന്തിയെന്നു തോന്നിയത്  കൊണ്ടാകണം. ധര്‍മ്മിഷ്ഠ നായിരിയ്ക്കണം തന്റെ മകനെന്നു പ്രാര്‍ത്ഥിച്ചിട്ട് സൂര്യദേവനില്‍ നിന്ന് ലഭിച്ച മകന്‍ അധര്‍മ്മികളുടെ പക്ഷത്ത് പെട്ടു പോയതും വിധിയുടെ കളി തന്നെ. പാണ്ഡുവില്‍ നിന്നൊ രവസരം ലഭിച്ചിട്ട് പോലും കര്‍ണ്ണന്റെ ജന്മരഹസ്യത്തെപ്പറ്റി പറയാന്‍ തോന്നാതിരുന്നതും, ആ മകന്‍ തന്നെ തന്റെ മക്കള്‍ക്ക്‌ ശത്രുവായിത്തീര്‍ന്നതും , ധര്‍മ്മത്തിനു വേണ്ടി ഇത്ര അടിയുറച്ചു  നിന്നിട്ടും ഒടുവില്‍ സ്വന്തം മകനില്‍ നിന്നു പോലും – യുധിഷ്ഠിരന്‍ – ശാപ മേല്‍ക്കേണ്ടി വന്നതും വിധി വൈപരീത്യം തന്നെ. ഇത്ര കടുത്ത നിരാസങ്ങള്‍ കുന്തിയ്ക്ക് വിധി ഒരുക്കിയതുതന്നെ താന്‍ കരുതിവെച്ചിരിയ്ക്കുന്ന ഓരോ ദുരനുഭവവും ശാന്തമായി ,നിശ്ശബ്ദമായി അനുഭവിയ്ക്കാനവള്‍ക്ക് ശക്തി നല്‍കാനാകണം. ദുര്‍വ്വാസാവിന്റെ സല്‍ക്കാരം മുതല്‍ അവസാനം കാട്ടുതീയിലുള്ള ആത്മസമര്‍പ്പണം വരെ ഓരോ സന്ദര്‍ഭവും അവളുടെ കരുത്തിനു നിദര്‍ശനങ്ങളാണ്.


     മക്കളെ ശരിയ്ക്കു മനസ്സിലാക്കിയ അമ്മയായിരുന്നു കുന്തി. കര്‍ണ്ണനോട്  മാത്രമായി അവന്റെ ജന്മരഹസ്യം പറഞ്ഞതും , യുധിഷ്ഠിരനോടത് പറയാതിരുന്നതും വിദുളയുടെ കഥ പറഞ്ഞു കൊടുത്ത്  ‘ ക്ഷത്രിയസ്ത്രീ പെറ്റിടുന്നതെന്തിനക്കാലമായിതേ ’ എന്നു പറഞ്ഞ്  യുധിഷ്ഠിരന്റെ യുദ്ധവീര്യം വളര്‍ത്തിയതും , ഭീമനെ ബകവധത്തിനയച്ചതുമൊക്കെ അവരുടെ വീര്യവും ധര്‍മ്മബോധവും, കരുത്തുമൊക്കെ ശരിയ്ക്കു മനസ്സിലാക്കിയതു കൊണ്ടു തന്നെ. കൃഷ്ണന്റെ ആശ്രിതവാത്സല്യത്തിലും  കുന്തിയ്ക്ക് ഉറച്ച വിശ്വാസമുണ്ടായി രുന്നു. അച്ഛന്‍പെങ്ങളുടെ വാത്സല്യത്തേക്കാള്‍ ഭക്തിയാണ് കൃഷ്ണനോടുള്ള ബന്ധത്തില്‍  മുന്നിട്ടു നില്‍ക്കുന്നത്. അച്ഛന്റെ നിരാസം തൊട്ട് താനനുഭവിച്ച ദു:ഖങ്ങളെല്ലാമെടുത്തു പറയുന്നതും ഒരു നീണ്ടകാലം വിദുരഗൃഹത്തില്‍ കഴിയേണ്ടി വന്ന തന്റെ പരാശ്രയത്തെ ക്കുറിച്ച്  പറഞ്ഞു കരയുന്നതും കുന്തി തന്റെ കരുത്തരായ മക്കളുടെ മുന്നില്‍ വെച്ചല്ല , കൃഷ്ണന്റെ മുന്നിലാണ്. തന്റെ മക്കളുടെ വിജയത്തിനു വിശ്വാസമര്‍പ്പിയ്ക്കുന്നതും കൃഷ്ണനില്‍  ത്തന്നെ. ഇത്ര മൂകമായി, ഇത്ര  ധര്‍മ്മനിഷ്ഠയോടെ, ഇത്ര കരുത്തോടെ ജീവിച്ച  മറ്റൊരു സ്ത്രീയില്ല പുരാണത്തിലെന്നു പറയാം. മകളായാലും, ഭാര്യയായാലും, അമ്മയായാലും കുന്തി അനന്വയ തന്നെ.


(കാളീചക്ര 2010
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക

കുമരനെല്ലൂര്‍)