Wednesday 11 June 2014

അഗ്നിപുത്രി, എന്നിട്ടും.....?

                                 

                  യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത ’ എത്രയോ പ്രാവശ്യം നാം ആവര്‍ത്തിച്ചു കേട്ടിട്ടുള്ളതാണിത് . അതിന്റെ വിപരീതാവസ്ഥ ചുറ്റും പലപാടരങ്ങേറു മ്പോള്‍ ഈ വാക്കുകള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിയ്ക്കുന്നു. പുരാണങ്ങളും വേദങ്ങളുമൊക്കെ സ്ത്രീയ്ക്ക്‌ നല്‍കേണ്ട പ്രാധാന്യത്തെപ്പറ്റി ഉപദേശിച്ചു തന്നിട്ടുണ്ട്. പ്രമാണങ്ങളാക്കി ഊന്നിപ്പറയാനും , ആലങ്കാരികമായി അവതരിപ്പിയ്ക്കാനുമൊക്കെയുള്ള വാക്കുകള്‍ എന്നതിനപ്പുറം സമൂഹം എന്ത് പ്രാധാന്യമാണീ വാക്കുകള്‍ക്കു നല്‍കുന്നത് ? ഇന്നെന്നല്ല പുരാണകാലത്തു പോലും അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നുള്ളതിന് പ്രധാന പുരാണ സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ സാക്ഷ്യം നില്‍ക്കുന്നു. ഇവരില്‍ സര്‍വ്വകാല പ്രസക്തിയോടെ വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. രാജകുമാരിയും, രാജ്ഞിയുമൊക്കെയായി ഐശ്വര്യങ്ങളുടെ നടുവില്‍ നിന്നിട്ടും ഏറ്റവുമധികം ദുരിതങ്ങള്‍ പുരുഷപക്ഷത്ത് നിന്നേല്‍ക്കേണ്ടി വന്ന , ധൈര്യവും തന്റേടവുമൊക്കെയുണ്ടായിട്ടും ചുവടുറപ്പിച്ചു നില്‍ക്കാന്‍ ഏറെ പാടുപെടേണ്ടി വന്നവള്‍ - ദ്രൌപദി . ദ്രോണരില്‍ നിന്നും തനിയ്ക്കേററ അപമാനത്തിനു പകരം വീട്ടാന്‍ യാഗം നടത്തിയ ദ്രുപദന് യാഗാഗ്നിയില്‍ നിന്നും ലഭിച്ച മക്കളാണ് ധൃഷ്ടദ്യുമ്നനും ദ്രൌപദിയും . 


“നാരിമാര്‍ മണിയാം കൃഷ്ണ പാരില്‍ ക്ഷത്രം മുടിപ്പവള്‍ 
സുരകാര്യം ചെയ്യുമിവള്‍ പരം കാലേ സുമദ്ധ്യമ
ഇവള്‍ മൂലം കൌരവര്‍ക്കു കൈവരും പെരുതാം ഭയം”

എന്നൊരശരീരി ദ്രൌപദിയുടെ ജനനസമയത്ത് ഉണ്ടായത്രേ.ഈ പ്രത്യേകതകള്‍ കാരണമാകാം അന്നത്തെ മറ്റു സ്ത്രീകളില്‍ നിന്നും അവള്‍ വ്യത്യസ്തയായത്‌. കുന്തിയുടേയോ ഗാന്ധാരിയുടേയോ ക്ഷമ ദ്രൌപദിയ്ക്കില്ല .  യാഗാഗ്നിയിലെയും അശരീരിയിലെയുമൊക്കെ അമാനുഷികതലം മാറ്റി ക്കഴിഞ്ഞാല്‍ ദ്രുപദന്റെ മനസ്സിലെ പ്രതികാരാഗ്നിയില്‍ നിന്ന് ജനിച്ചവളാണ് അവളെന്നും അതിനാല്‍ അതിന്റെ തീക്ഷ്ണത അവളുടെ സ്വഭാവത്തിനുണ്ടാകുമെന്നും കരുതണം.

അഭിമാനബോധവും ധൈര്യവും വീര്യവുമെല്ലാമുണ്ടായിട്ടും ദ്രൌപദിയ്ക്കനുഭവിയ്ക്കേണ്ടി വന്നത്  കടുത്ത അപമാനങ്ങളാണ്. പാണ്ഡവപത്നിയായപ്പോള്‍ തൊട്ട് അവള്‍ക്കു ദുരിത ങ്ങളുടെ കാലം തുടങ്ങി. അഞ്ചു ഭര്‍ത്താക്കന്മാരെ വരിയ്ക്കേണ്ട അവസ്ഥ, ദ്യൂതസഭയില്‍ പണയപ്പണ്ടമായത്, വസ്ത്രാക്ഷേപം, വനവാസം, അജ്ഞാത വാസം,ജയദ്രഥനില്‍ നിന്നും കീചകനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അപമാനം, യുദ്ധത്തില്‍ സഹോദരങ്ങളു ടെയും മക്കളുടെയും മരണം – തുടങ്ങി ജീവിതത്തിന്റെ ഭൂരിഭാഗവും കനത്ത ദുഃഖങ്ങളും കടുത്ത ദുരിതങ്ങളും തന്നെയാണ് അവര്‍ക്കനുഭവിയ്ക്കേണ്ടി വന്നത്. സമ്പന്നമായ  ദ്രുപദ രാജധാനിയില്‍ സര്‍വ്വൈശ്വര്യങ്ങലോടും കൂടിയാണ്  ദ്രൌപദി വളര്‍ന്നത്. രാജവംശ ത്തിന്റെ കുലീനതയും പ്രൌഢിയും ക്ഷാത്രവീര്യവും അവളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം തന്നെയാണ്. തന്റെ നേര്‍ക്കുണ്ടായ ഓരോ അനീതിയോടും, അത് ചെയ്തവരാരായാലും അവള്‍ പ്രതികരിച്ചിട്ടുണ്ട്. വസ്ത്രാക്ഷേപവേളയില്‍ തന്നെ പണയം വെച്ച യുധിഷ്ഠിരനെ ചോദ്യം ചെയ്യാന്‍ മടിച്ചില്ല – വിജ്ഞാനികളായ പ്രമുഖര്‍ക്കുത്തരം പറയാന്‍ കഴിയാത്ത ചോദ്യം ! വനവാസവേളയില്‍ തങ്ങള്‍ക്കവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിയ്ക്കാന്‍ നിബന്ധനപ്രകാരമുള്ള പതിമൂന്നു വര്‍ഷം കഴിയണമെന്ന യുധിഷ്ഠിരന്റെ നയത്തെ ശക്തമായി എതിര്‍ത്തു. തങ്ങള്‍ക്കീ അനര്‍ഹമായ ദുരിതങ്ങള്‍ നല്‍കിയ വിധിയെപ്പോലും നിന്ദിച്ചു . തന്നെ അപഹരിയ്ക്കാന്‍ ശ്രമിച്ച ജയദ്രഥനെ ദുശ്ശളയുടെ ഭര്‍ത്താവെന്നോര്‍ത്ത്  വിട്ടയച്ച യുധിഷ്ഠിരന്റെ അഭിപ്രായത്തോട് യോജി യ്ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അജ്ഞാതവാസക്കാലത്ത്  തന്നെ അപമാനിയ്ക്കാനൊരുങ്ങിയ കീചകനെ സന്ദര്‍ഭങ്ങ ളെല്ലാം പ്രതികൂലമായിരുന്നിട്ടും കൊല്ലുക തന്നെ വേണമെന്നവള്‍ ശഠിച്ചു. യുദ്ധത്തിനു വൈമുഖ്യം കാണിച്ച ഭര്‍ത്താക്കന്മാര്‍ക്ക് നിശിതമായ വാക്കുകള്‍ കൊണ്ടു തന്നെ പ്രേരണ നല്‍കി. തന്റെ സഹോദരനേയും മക്കളേയും ചതിച്ചു കൊന്ന ദ്രൌണിയുടെ ചൂഡാമണി തനിയ്ക്ക് നേടിത്തരണമെന്നവള്‍ നിഷ്ക്കര്‍ഷിച്ചു – ഇങ്ങനെ വിട്ടുവീഴ്ചയില്ലാതെ പെരുമാറിയവളാണ് ദ്രൌപദി.

അഞ്ചു ഭര്‍ത്താക്കന്മാരെ സ്വീകരിയ്ക്കേണ്ടി വന്നപ്പോഴത്തെ ദ്രൌപദിയുടെ ചിത്തവൃത്തി യെക്കുറിച്ച്  കഥയിലൊന്നും പറയുന്നില്ല. അതവളുടെ വിധിയാണെന്നതിനു ഒരു മുജ്ജന്മകഥ നിബന്ധിച്ചിട്ടുണ്ട്. കഥയിലെവിടേയും എടുത്തുപറയുന്നില്ലെങ്കിലും അര്‍ജ്ജുനാനുരാഗിണിയായിരുന്നു ദ്രൌപദി എന്നൂഹിയ്ക്കാം. മഹാപ്രസ്ഥാനവേളയില്‍ ദ്രൌപദി തളര്‍ന്നു വീണപ്പോള്‍ യുധിഷ്ഠിരന്‍ ഭീമനോടത് പറയുന്നുമുണ്ട്. ബഹുഭര്‍ത്തൃത്വ   ത്തിന്റെ  കാര്യം പറഞ്ഞാണ്  ദ്യൂതസഭയില്‍ കര്‍ണ്ണന്‍  ദ്രൌപദിയെ നിന്ദിച്ചത് . ദ്രൌപദി സ്വയം അക്കാര്യം പറഞ്ഞ് ക്രുദ്ധയാവുകയോ വിലപിയ്ക്കുകയോ ചെയ്യുന്നില്ല. ബഹുഭര്‍ത്തൃത്വം അക്കാലത്ത് പതിവല്ലെങ്കിലും അപൂര്‍വ്വമല്ലെന്നു യുധിഷ്ഠിരന്‍ പറയുന്നുമുണ്ട്.

ഏറ്റവും നിര്‍ഭാഗ്യവതിയായ രാജ്ഞി മാത്രമല്ല , ഏറ്റവും തെറ്റിദ്ധരിയ്ക്കപ്പെട്ട , വിമര്‍ശി യ്ക്കപ്പെട്ട സ്ത്രീകഥാപാത്രം കൂടിയാണ് ദ്രൌപദി . അഹങ്കാരിയായും, ധിക്കാരിയായും, കുരുക്ഷേത്രയുദ്ധത്തിനു കാരണക്കാരിയായുമൊക്കെ ദ്രൌപദി വിമര്‍ശനവിധേയയായി ട്ടുണ്ട്. സ്വയംവരമണ്ഡപ ത്തില്‍ ചാപഭഞ്ജനത്തിനൊരുങ്ങിയ കര്‍ണ്ണനെ ‘ സൂതനെ ഞാന്‍ വരിയ്ക്കാ ’ എന്ന് പറഞ്ഞു തടഞ്ഞതാണൊരു കാരണം. സ്വയംവരവേദിയില്‍  ഇഷ്ടപ്പെട്ടവനെ സ്വീകരിയ്ക്കാനുള്ള പരിപൂര്‍ണ്ണസ്വാതന്ത്ര്യം കന്യകയ്ക്കുണ്ട്. ദ്രുപദന്‍ മത്സരം വെച്ചിരുന്നെങ്കിലും അത് ക്ഷത്രിയര്‍ക്കും ബ്രാഹ്മണര്‍ക്കുമാണെന്നു പറഞ്ഞിരുന്നു. തന്റെ അഭിപ്രായസ്വാതന്ത്ര്യമാണ് ദ്രൌപദി അവിടെ പ്രയോഗിച്ചത്. സ്വയംവരം അപഹരണവും യുദ്ധവുമൊക്കെയായി മാറുന്ന പതിവുണ്ടെങ്കിലും അതൊന്നും ഭയക്കാത്ത ക്ഷാത്രവീര്യമുള്ളവളാണ് ദ്രൌപദിയെന്നതിനാല്‍ തന്റെ അഭിപ്രായം അച്ഛനോടോ സഹോദരനോടോ പതുക്കെ പറയാതെ തുറന്നു പ്രഖ്യാപിയ്ക്കുക തന്നെ ചെയ്തു എന്ന് മാത്രം. വസ്ത്രാക്ഷേപവേളയില്‍ യുധിഷ്ഠിരനോട് തന്നെ പണയം വെച്ചതിനെക്കുറിച്ച് ചോദിച്ചതാണ്  മറ്റൊരു ഘടകം. രാജാവും പിതാമഹനും ഗുരുക്കന്മാരുമൊക്കെയുള്ള സഭയില്‍ ദ്രൌപദിയുടെ ശബ്ദമുയര്‍ന്നത് ധിക്കാരമാണോ? അവരൊക്കെ നോക്കിയിരി യ്ക്കെയല്ല്ലേ കുലവധുവിന്റെ നേരെ അരുതാത്ത അക്രമം നടന്നത്. സ്വയം അപമാനി യ്ക്കപ്പെട്ടുകൊണ്ടാണോ അവള്‍ അച്ചടക്കം പാലിയ്ക്കേണ്ടിയിരുന്നത് . സംരക്ഷിയ്ക്കേ ണ്ടവര്‍ നിഷ്ക്രിയരായി നില്‍ക്കു മ്പോള്‍ സ്വരക്ഷയ്ക്ക് സ്ത്രീയ്ക്ക് സ്വയം പ്രതികരിച്ച ല്ലേ പറ്റൂ? മറ്റേതെങ്കിലുമൊരു രാജ്ഞിയ്ക്കു ഇത്തരമൊരപമാനം രാജസദസ്സില്‍ , സഹോദരസ്ഥാനീയരില്‍ നിന്നനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ടോ? ഒരു ദാസിയോടു പെരുമാറും വിധമാണോ കൌരവര്‍ ദ്രൌപദിയോട്  പെരുമാറിയത് – ഇങ്ങനെയൊരു  സന്ദര്‍ഭത്തില്‍  പ്രതികരിച്ചതിനെ എങ്ങനെ അഹങ്കാരമായി കണക്കാക്കും?
മഹാഭാരതയുദ്ധത്തിന്റെ ആദികാരണം ദ്രൌപദി ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് ദുര്യോധനനെ പരിഹസിച്ച് ചിരിച്ചതാണെന്നും , ദ്രൌപദീവസ്ത്രാക്ഷേപത്തിന്റെ പേരിലാണ് കുരുക്ഷേത്രയുദ്ധമുണ്ടായതെന്നുമൊക്കെ നിരൂപകാഭിപ്രായങ്ങള്‍ ദ്രൌപദിയെ പ്രതിക്കൂട്ടി ലാക്കിയിട്ടുണ്ട്. കൌരവ പാണ്ഡവര്‍ തമ്മിലുള്ള ശത്രുത ബാല്യകാലം മുതല്‍ക്കേ ആരംഭിച്ചിട്ടുണ്ട്. അന്നേ പല ഉപദ്രവങ്ങളും കൌരവര്‍ പാണ്ഡവരോട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരിയായ ദ്രൌപദിയേയും , ശക്തവും സമ്പന്നവുമായ പാഞ്ചാലരാജ്യത്തിന്റെ ബന്ധുത്വവും പാണ്ഡവര്‍ക്ക് ലഭിച്ചതില്‍ കൌരവര്‍ക്കു അസൂയയുണ്ട്. സൂതനെ ഞാന്‍ വരിയ്ക്കില്ല എന്ന  ദ്രൌപദിയുടെ നിരാസമാണ് കര്‍ണ്ണന്റെ ശത്രുതയ്ക്ക് നിദാനം. ഇന്ദ്രപ്രസ്ഥത്തിന്റെ ഐശ്വര്യം  ദുര്യോധനനെ അസൂയാലുവാക്കി. അവിടെ വെച്ച് തനിയ്ക്ക് സ്ഥലജലവിഭ്രമം ഉണ്ടായപ്പോള്‍ ദ്രൌപദിയും ഭീമനും ചിരിച്ചത് ദുര്യോധനനില്‍ ഈര്‍ഷ്യയുളവാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല, ദുശ്ശാസനന്‍ പിടിച്ചുലച്ച മുടിയുമല്ല ഭാരതയുദ്ധത്തിനു ഹേതുവെന്നു സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ദ്രൌപദി തനിയ്ക്കേറ്റ അപമാനത്തെപ്പറ്റി പറഞ്ഞ് ഭര്‍ത്താക്കന്മാരെ യുദ്ധോദ്യുക്തരാക്കാന്‍  ശ്രമിച്ചിട്ടുണ്ടെങ്കിലും സഹദേവനൊഴികെയുള്ള പാണ്ഡവര്‍ അത് കണക്കിലെടുത്തിരുന്നില്ല. യുദ്ധമടുത്ത സമയത്ത് ഭീമന്‍ പോലും സര്‍വ്വനാശത്തോട് വിരക്തി തോന്നി അനുരഞ്ജന ശ്രമം നടത്തുകയാണുണ്ടായത്. തന്റെ അഴിഞ്ഞുലഞ്ഞ മുടി കാണിച്ച് വിലപിച്ച ദ്രൌപദിയെ സാന്ത്വനിപ്പിച്ചത് കൃഷ്ണനായിരുന്നു. യുദ്ധമുണ്ടായപ്പോള്‍ പ്രമാണകോടിയില്‍ വെച്ചുണ്ടായ അനുഭവം മുതല്‍ എല്ലാ ഉപദ്രവങ്ങളുടേയും പക മനസ്സില്‍ പേറി നടന്ന ഭീമന്‍ ദ്യൂതസഭയില്‍ വെച്ച് താന്‍ ചെയ്ത ശപഥം നിറവേറ്റുക യായിരുന്നു ധാര്‍ത്തരാഷ്ട്രരെ മുഴുവന്‍ കൊന്നൊടുക്കിയതിലൂടെ. ദ്രൌപദിയുടെ ജനനവേളയിലെ അശരീരിയും അവളുടെ സ്വഭാവത്തിന്റെ തീക്ഷ്ണതയുമാകാം അവളെ യുദ്ധഹേതുവെന്ന പ്രതിയാക്കിത്തീര്‍ക്കുന്നത്.

മറ്റ് ക്ഷത്രിയസ്ത്രീകളെപ്പോലെയല്ല ദ്രൌപദി എന്നത് അവളുടെ ജനനം തന്നെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ദേവകാര്യം സാധിപ്പിയ്ക്കുന്നവള്‍, ക്ഷത്രിയവിനാശം വരുത്തുന്നവള്‍, കൌരവര്‍ക്കു ഭീഷണിയാകുന്നവള്‍ എന്ന സൂചനകള്‍  അവളുടെ വ്യക്തിത്വത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ ശ്രേഷ്ഠയാണവള്‍ എന്നൊരു സൂചന കൂടി അശരീരി നല്‍കുന്നുണ്ട്. പാണ്ഡവരെ ഐവരേയും ഒരുമിച്ചു നിര്‍ത്തുകയും രമിപ്പിയ്ക്കുകയും ചെയ്തവളാണവള്‍. പാണ്ഡവര്‍ക്കെപ്പോഴും ഐശ്വര്യ ദായിനിയായി നിന്നത് ദ്രൌപദിയായിരുന്നു.  രാജ്യത്തില്‍ നിന്നകന്ന് വേഷപ്രച്ഛന്നരായി കഴിയുന്ന കാലത്താണ് ദ്രൌപദി പാണ്ഡവരുടെ ഭാര്യയാകുന്നത്. അപ്പോഴാണ്‌ ധൃതരാഷ്ട്രര്‍ അവരെ തിരിച്ചു വിളിച്ച് അര്‍ദ്ധരാജ്യം നല്‍കിയത്. ദ്യൂതസഭയില്‍ വെച്ച് അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരായത് ദ്രൌപദി മൂലം തന്നെ. തന്റെ സഹോദരനേയും മക്കളേയും കൊന്ന അശ്വത്ഥാമാവിന്റെ ചൂഡാമണി ഭീമസേനന്‍ നേടിക്കൊടുത്തപ്പോള്‍ അവളത് യുധിഷ്ഠിരന് നല്‍കുകയാണ് ചെയ്തത്.

"ഇതണിഞ്ഞാല്‍ പേടിയില്ലാ ശാസ്ത്ര വ്യാധിക്ഷുധാദിയില്‍
വാനോര്‍ ദാനവര്‍ നാഗങ്ങളിവര്‍ മൂലവുമേതുമേ
യക്ഷോഭയവുമില്ലില്ലാ കളളര്‍ പേടിയുമങ്ങനെ"

- ഇങ്ങനെ സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന വിശിഷ്ടരത്നം അവര്‍ക്ക് ലഭിച്ചതും ദ്രൌപദി മൂലമാണ്. അഗ്നിയില്‍ നിന്ന് ജനിച്ചവള്‍ എന്ന പ്രയോഗം തന്നെ അവളുടെ സ്വഭാവ ത്തിന്റെ തീക്ഷ്ണതയും ,വികാരാവേശവും , പ്രതികാരബോധവുമെല്ലാം സൂചിപ്പിയ്ക്കു ന്നു. തന്നെ ഉപദ്രവിച്ചവരോടോ,  അപമാനിച്ചവരോടോ അവളൊരിയ്ക്കലും ക്ഷമിയ്ക്കു ന്നില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയാനും തുറന്നെതിര്‍ക്കാനുമുള്ള ധൈര്യവും വീര്യവും അവള്‍ക്കുണ്ട്.ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നും അവള്‍ വ്യതിചലിയ്ക്കുന്നില്ല. ധൃതരാഷ്ട്രര്‍ ദ്യൂതസഭയില്‍ വെച്ച്  ഭര്‍ത്താക്കന്മാരേയും അവളേയും അടിമത്തത്തില്‍ നിന്ന് മുക്തരാ ക്കിയ ശേഷം മൂന്നാമതും വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍

"ലോഭം ധര്‍മ്മം നശിപ്പിയ്ക്കുമതിന്നുദ്യമമില്ല മേ
യോഗ്യയാകുന്നു മൂന്നാം വരം വാങ്ങുന്നതിനു ഞാന്‍
ഒന്ന് വൈശ്യവരം ക്ഷത്രസ്ത്രീകള്‍ക്കോ രണ്ടുതാന്‍ വരം
മൂന്നു രാജവരം രാജന്‍ ബ്രാഹ്മണന്നു ശതം വരം"

എന്ന് അതിലെ അധാര്‍മ്മികത സൂചിപ്പിച്ച് നിഷേധിച്ച വിദുഷിയാണവള്‍. തന്റെ പ്രവൃത്തികള്‍ക്കെല്ലാം ധാര്‍മ്മികമായ ന്യായം ദ്രൌപദിയ്ക്ക് പറയാനുണ്ട്.
സ്വതസ്സിദ്ധമായ പ്രോജ്ജ്വലമായ വ്യക്തിത്വം അന്യായങ്ങളെ തുറന്നെതിര്‍ക്കാനുള്ള തന്റേടം ദ്രൌപദിയ്ക്ക് നല്‍കി. എന്നിട്ട് ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവള്‍ക്കു കഴിഞ്ഞുവോ? കരു ത്തരായ ഭര്‍ത്താക്കന്മാര്‍ നാല്‍വരും അവളെ സംരക്ഷിയ്ക്കുന്നതില്‍, അവളുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ ഉദാസീനരായിരുന്നു. യുദ്ധത്തിനൊരുങ്ങാ തെ സന്ധിയ്ക്കു തയ്യാറായ അവര്‍ ദ്രൌപദിയുടെ അപമാനിതമായ മനസ്സിനെക്കുറി ച്ചോര്‍ത്തില്ല. ഓര്‍ത്തതും അവള്‍ക്കു വേണ്ടി സംസാരിച്ചതും കുന്തിയും കൃഷ്ണനും സഹദേവനുമായിരുന്നു. ഇങ്ങനെ ഒരമ്മയും സഹോദരനും ഭര്‍ത്താവുമാണ് സ്ത്രീയുടെ രക്ഷകര്‍ എന്നും ഇവര്‍ കര്‍മ്മാനുഷ്ഠാനത്തില്‍ വിമുഖരെങ്കില്‍ അവള്‍ക്കെന്തു സംഭവി യ്ക്കാമെന്നും  പുരാണം പഠിപ്പിച്ചു തരുന്നു. എന്നിട്ടും ഇന്നുമരങ്ങേറുന്നത് അതുതന്നെ. സിംഹാസനത്തില്‍ അന്ധനും ചുറ്റും നിഷ്ക്രിയരും സ്ഥാനം കയ്യാളുമ്പോള്‍ ഇന്ദ്രപ്രസ്ഥ ത്തിലാണെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ണടച്ച് നിശ്ശബ്ദരായിരിയ്ക്കുന്ന നീതിന്യാ യങ്ങള്‍ പണ്ടേ കാണിച്ചു തന്നിരിയ്ക്കുന്നു. ‘ കാണ്‍കയില്ലിങ്ങില്ലാത്തതെങ്ങുമേ ’ എന്ന മഹാഭാരതത്തെക്കുറിച്ചുള്ള വ്യാസന്റെ അവകാശവാദം തികച്ചും അന്വര്‍ത്ഥം തന്നെ.  

(കാളീചക്ര 2013
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍ )


        

                              

Friday 24 January 2014

വരലാഭം വേദനയായപ്പോള്‍

                             


     തിഹാസപുരാണാദികളിലെ സ്ത്രീകഥാപാത്രങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നത് ക്ഷമയുടെയും സഹനത്തിന്റെയും പാഠങ്ങളാണ്. പക്ഷേ ഈ പാഠങ്ങള്‍ അവര്‍ക്കെന്നും നല്‍കിയത് ദുരിതങ്ങള്‍ മാത്രമാണ് .ദമയന്തിയും ശകുന്തളയും സാവിത്രിയുമെല്ലാം അഗ്നി പരീക്ഷണങ്ങളിലൂടെ ജീവിത വിജയം കൈവരിച്ചു. പക്ഷേ പരീക്ഷണങ്ങള്‍ മേല്‍ക്കുമേല്‍ ഏറ്റുവാങ്ങി ദഗ്ദ്ധമനസ്കകളായി ത്തീര്‍ന്ന പല സ്ത്രീകഥാപാത്രങ്ങളേയും നാം പുരാണ ത്തില്‍ കാണുന്നുണ്ട്. അച്ഛന്‍ , ഭര്‍ത്താവ് , മകന്‍ എന്നിവരുടെ സംരക്ഷണത്തില്‍ സ്ത്രീ സുരക്ഷിതയാണെന്നു മനുസ്മൃതി അനുശാസി യ്ക്കുന്നു. ഇവരിലൊരാളുടെ ദുഷ്ടത തന്നെ സ്ത്രീജന്മം നരകതുല്യമാക്കാന്‍ ധാരാളമാണെന്നിരിയ്ക്കേ അച്ഛന്റേയും സഹോദരന്റേയും ഭര്‍ത്താവിന്റേയും പുത്രരുടേയും ദുഷ്ടത കൊണ്ട് ജന്മം മുഴുവന്‍ എരിഞ്ഞു തീര്‍ന്ന ഒരു സ്ത്രീയെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അമ്മ എന്ന് മാത്രം പറഞ്ഞാല്‍ മതി ആ കഥാപാത്രത്തെപ്പറ്റി. കാരണം അത്ര കനത്ത പുത്രസമ്പത്തിന്റെ ഉടമയാണവള്‍. ഓരോ പുരുഷനും യഥാകാലം മാനസികമായി നല്‍കിയ ദുരിതങ്ങള്‍ക്കിരയാണവള്‍. എവിടെ നിന്നും അവള്‍ക്കൊരിയ്ക്കലും സംരക്ഷണം ലഭിച്ചില്ല. സമ്പല്‍സമൃദ്ധമായ രാജ്യവും , രാജകീയ സുഖഭോഗങ്ങളും , രാജപത്നി, രാജമാതാവ്, എന്നീ പദവികളും ലഭിച്ചിട്ടും മനഃശാന്തി എന്തെന്നറിയാത്തവള്‍  - ഗാന്ധാരി.   


നൂറു പുത്രര്‍ക്കമ്മയാകും എന്ന ശിവാനുഗ്രഹം ലഭിച്ചവളാണ് ഗാന്ധാരി. സംഹാരദേവന്‍ നല്‍കിയ സൃഷ്ടിയുടെ വരദാനം – അതാണ്‌ അടിസ്ഥാനപരമായി ഗാന്ധാരിയുടെ ദുരിതങ്ങള്‍ക്ക് കളമൊരുക്കിയത്. കുലാഭിവൃദ്ധി ലക്ഷ്യമാക്കിയാണ് ഭീഷ്മര്‍ ഗാന്ധാരിയെ ധൃതരാഷ്ട്രര്‍ക്ക് വധുവായി ആവശ്യപ്പെട്ടത്. സുബലന്‍ വംശം, പ്രശസ്തി, നാട്ടുനടപ്പ് എന്നിവ മുന്‍നിര്‍ത്തി ഇഷ്ടമില്ലെങ്കിലും ആ ബന്ധം അംഗീകരിച്ചു.
ധൃതരാഷ്ട്രനു കണ്ണില്ലെന്നഥ ഗാന്ധാരി കേട്ടുതേ
തന്നെക്കൊടുക്കിന്നതവന്നച്ഛനമ്മകളെന്നുമേ
ഉടന്‍ പട്ടൊന്നെടുത്തിട്ടു മടക്കീട്ടവള്‍ തന്നുടെ
കണ്ണില്‍ കാഴ്ച കെടും വണ്ണം കണ്ണു കെട്ടീ പതിവ്രത
ഭര്‍ത്താവിന്നഭ്യസൂയയ്ക്കു വര്‍ത്തിയ്ക്കില്ലെന്നുറച്ചവള്‍ 
- ഗാന്ധാരി സഹധര്‍മ്മമാചരിച്ചു എന്നാണു വാച്യമായി പറയുന്നതെങ്കിലും പ്രതിഷേധത്തി ന്റെ അംശം ഇവിടെ തെളിഞ്ഞു കിടപ്പുണ്ട്. തനിയ്ക്ക് കിട്ടിയ വരം പോലും ശാപമായി ത്തീര്‍ന്നപ്പോഴും  തന്റെ ആഗ്രഹങ്ങളെല്ലാം നിഷ്പ്രഭമായിത്തീര്‍ന്നപ്പോഴും ഗാന്ധാരിയ്ക്ക് പ്രതിഷേധവും നിരാശയും തോന്നുന്നുണ്ട്. പക്ഷേ ആ പ്രതിഷേധം പ്രകടമാകുന്നില്ല. ഗാന്ധാരി അത് കടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതിങ്ങനെ പൊട്ടിത്തെറിയ്ക്കുന്നുവെന്നു മാത്രം. കുന്തി ആദ്യം അമ്മയായതറിഞ്ഞപ്പോള്‍ ദേഷ്യവും നിരാശയും സഹിയ്ക്കാനാകാതെ തന്റെ വയറ്റത്താഞ്ഞിടിച്ചതാണ്  മറ്റൊരു സന്ദര്‍ഭം. ധൃതരാഷ്ട്രരുടെ പത്നിയായതു കൊണ്ട് ഗാന്ധാരിയ്ക്ക് ലഭിച്ച മഹാറാണീപദം യഥാര്‍ത്ഥ ത്തില്‍  അനര്‍ഹമായിരുന്നു. പാണ്ഡുവിന്റെ യാത്രയും മരണവുമൊക്കെയാണ്  ധൃതരാ ഷ്ട്രര്‍ക്ക്  രാജ്യം ഭരിയ്ക്കാനുള്ള അവസരം  നല്‍കിയത് – പ്രതിപുരുഷസ്ഥാനം. ജന്മാ ന്ധനായ ധൃതരാഷ്ട്രരെപ്പോലെ ഗാന്ധാരിയും തന്റെ മകന്  രാജ്യാവകാശം ലഭിയ്ക്കണ മെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണിത്ര അവിവേകം പ്രകടിപ്പിയ്ക്കത്ത ക്കതായ കോപതാപാദികള്‍ക്കടിമയായത്. തന്റെ മകന്  രാജ്യാവകാശം ലഭിയ്ക്കണമെ ന്ന ആഗ്രഹത്തിന്റെ തകര്‍ച്ചയാണിവിടെ പ്രകടമായത്. ആ തകര്‍ച്ച പൂര്‍ണ്ണമായത് മക്കള്‍ അധര്‍മ്മികളായി വളരുന്നത്‌ കണ്ടപ്പോഴാണ്. അത് പറഞ്ഞു തിരുത്താന്‍ ഗാന്ധാരിയ്ക്കാ യതുമില്ല.

അര്‍ഹിയ്ക്കാത്തത് കൈവശപ്പെടുത്താന്‍ ഗാന്ധാരി ഒരിയ്ക്കലും ശ്രമിച്ചില്ല. കുലാന്തക നായ പുത്രനെ ഉപേക്ഷിയ്ക്കുകയാണ് നല്ലതെന്ന ഉപദേശത്തോട് ധൃതരാഷ്ട്രരോളം വിസമ്മതം ഗാന്ധാരിയ്ക്കുണ്ടായിരുന്നില്ല. മക്കളുടെ ദുഷ്കൃത്യങ്ങളെ ഗാന്ധാരി ഒരിയ്ക്ക ലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സഹോദരീസ്നേഹത്തിന്റെ പേരില്‍ അനന്തരവന്മാരോടു ചേര്‍ന്നു നിന്ന ശകുനി ഗാന്ധാരിയെ പരിഗണിച്ചിട്ടേയില്ല എന്നതാണ് സത്യം. സമ്പദ് സമൃദ്ധമായ , വിശാലമായ ഹസ്തിനപുരം അവരുടെ കൈവശത്തിലെത്തണമെന്ന തായിരുന്നു ശകുനിയുടെ താല്പര്യം. പെങ്ങളുടെ നീറുന്ന മനസ്സ് കാണാന്‍ ആ കുടിലബുദ്ധി ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല. ആ ഒരൊറ്റ വ്യക്തിയുടെ അഭാവത്തില്‍ ഗാന്ധാരിയുടെ ജീവിതം സമാധാനപൂര്‍ണ്ണമാകുമായിരുന്നു. പുത്രവാത്സല്യം കൊണ്ട് അന്ധനായ  ധൃതരാഷ്ട്രര്‍ അവരുടെ ദുഷ്ചെയ്തികളെ വിലക്കിയില്ലെന്നേയുള്ളൂ , പ്രേരിപ്പിച്ചിട്ടില്ല. ധര്‍മ്മിഷ്ഠയായ ഗാന്ധാരിയ്ക്ക് ഭര്‍ത്താവിനേയും മക്കളേയും ഒരിയ്ക്കലും ധര്‍മ്മമാര്‍ഗ്ഗത്തിലേയ്ക്കാന യിയ്ക്കാന്‍ കഴിയാതെ പോയതും ശകുനി കാരണമാണ്.

വ്യാസമുനി ധൃതരാഷ്ട്രര്‍ക്കും  ഗാന്ധാരിയ്ക്കും നല്‍കിയ കണ്‍കെട്ട്  വെറുമൊരു അന്ധ തയല്ല ന്യായാന്യായങ്ങള്‍  കണ്ടറിയാനുള്ള ശേഷി ജന്മനാ ഇല്ലാത്തവനാണ്  ധൃതരാ ഷ്ട്രര്‍ .കര്‍മ്മം കൊണ്ട് അത് വെടിയേണ്ടി വന്നവളാണ് ഗാന്ധാരി. ന്യായാന്യായങ്ങള്‍ മനസ്സിലാക്കാനുളള വിവേകമുണ്ടായിട്ടും ഗാന്ധാരിയ്ക്ക് യാതൊന്നും ചെയ്യാനായില്ല. വസ്ത്രാക്ഷേപവേളയില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടു ഭയന്ന ഗാന്ധാരി ധൃതരാഷ്ട്രരോട് ദുര്യോധനനെ പിന്തിരിപ്പിയ്ക്കാനാവശ്യപ്പെട്ടു ; മക്കള്‍ അനുദ്യൂതത്തിനൊരുങ്ങുന്നത് കണ്ടപ്പോള്‍  ധൃതരാഷ്ട്രരോട് കുലവൈരിയായ പുത്രനെ ഉപേക്ഷിയ്ക്കാന്‍ പറഞ്ഞു. ധൃതരാഷ്ട്രര്‍  ഗാന്ധാരിയുടെ വാക്കുകള്‍ ഒരിയ്ക്കലും ചെവിക്കൊണ്ടില്ല. പക്ഷേ ധൃതരാഷ്ട്രര്‍ക്കും, വ്യാസനും, സഞ്ജയനുമൊക്കെ ഗാന്ധാരിയുടെ ധര്‍മ്മനിഷ്ഠയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. യുദ്ധമുണ്ടായാല്‍ ആര്‍ തോല്‍ക്കുമെന്ന് ധൃതരാഷ്ട്രര്‍  ചോദിച്ച പ്പോള്‍ സഞ്ജയന്‍ പറഞ്ഞത്  വ്യാസന്റേയും ഗാന്ധാരിയുടേയും സാന്നിദ്ധ്യത്തില്‍ താന്‍ മറുപടി പറയാം, അവര്‍ക്ക് തീര്‍പ്പ് പറയാനും അസൂയയകറ്റാനും കഴിയുമെന്നാണ്. യുദ്ധത്തിനു മുമ്പ്  പാണ്ഡവര്‍  സന്ധിശ്രമം നടത്തുമ്പോള്‍ എതിര്‍ത്തു നിന്ന ദുര്യോധനനെ ഉപദേശിയ്ക്കാന്‍ ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടാണാവശ്യപ്പെട്ടത് .മകനെ പിന്താങ്ങി ദുര്‍മാര്‍ഗ്ഗിയാക്കിയത് അച്ഛന്‍ തന്നെയാണെന്ന് ഗാന്ധാരി കുറ്റപ്പെടുത്തി. വിഫലയത്ന മെങ്കിലും മകനെ ലോഭമടക്കി ശമം കൈവരിയ്ക്കാന്‍ ഉപദേശിച്ചു.

ധര്‍മ്മപക്ഷത്തായിരുന്നു നിലയെങ്കിലും ചില അധര്‍മ്മങ്ങള്‍  പാണ്ഡവര്‍ക്ക് പ്രവര്‍ത്തി യ്ക്കേണ്ടി  വന്നിട്ടുണ്ട്. അതിനു ചില ന്യായീകരണങ്ങളുണ്ടായിരുന്നിരിയ്ക്കാം. പക്ഷേ വിജയം കൈവരിച്ച അവര്‍ ഗാന്ധാരിയുടെ മുന്നില്‍ ചെല്ലാന്‍ ഭയന്നു. യുധിഷ്ഠിരന്‍ കൃഷ്ണ നോട് ആദ്യം ചെന്ന് ഗാന്ധാരിയെ സമാധാനിപ്പിയ്ക്കാനപേക്ഷിച്ചു.
“ ക്രോധരക്താക്ഷയായ്  പുത്രശോകം പൂണ്ടവളെപ്പരം
നോക്കാനാരൊരുവന്‍ ശക്തന്‍ നീയെന്യേ പുരുഷോത്തമാ
അവിടേയ്ക്കങ്ങു പോകേണമെന്നു തോന്നുന്നു മാധവ”
കൃഷ്ണനും വ്യാസനും ഗാന്ധാരിയെ ഉപദേശിച്ചു സമാധാനിപ്പിയ്ക്കുന്നുണ്ട് . ആ തപോബലത്തെ അവരും ഭയാശങ്കയോടെ അംഗീകരിച്ചിരുന്നുവെന്നു സാരം. ആധി കൊണ്ട് തന്റെ ബുദ്ധി ചലിച്ചുവെന്ന്  ഗാന്ധാരി ഏറ്റുപറഞ്ഞു.

“കുന്തിയെപ്പോലെ കൌന്തേയരെന്നാലും പാല്യരാണിവര്‍
എന്നാലെന്ന വിധം രക്ഷ്യരാണല്ലോ ധൃതരാഷ്ട്രനാല്‍
ദുര്യോധനന്റെ കുറ്റത്താല്‍  ശകുനിത്തെറ്റിനാലുമേ
കര്‍ണ്ണദുശ്ശാസനത്തെറ്റു കൊണ്ടും പറ്റീ കുരുക്ഷയം” 
എന്ന് ഗാന്ധാരി ശരിയാംവിധം ഗ്രഹിച്ചിരുന്നു. പക്ഷേ പാണ്ഡവര്‍  മുന്നിലെത്തിയപ്പോള്‍ ഗാന്ധാരിയ്ക്ക് മനസ്സടക്കാനായില്ല. ദുര്യോധനനെ അധര്‍മ്മമാര്‍ഗ്ഗത്തില്‍  തച്ചുവീഴ്ത്തി യതിനായിരുന്നു ദേഷ്യം. ഭീമന്‍ താനത്  ആത്മരക്ഷാര്‍ത്ഥം ചെയ്തതാണെന്ന് പറഞ്ഞു ക്ഷമായാചനം ചെയ്തു. ദുര്യോധനന്‍ തങ്ങളോടു ചെയ്ത അധര്‍മ്മങ്ങളോരോന്നും എടുത്തു പറഞ്ഞു ഭീമന്‍ സ്വയം ന്യായീകരിച്ചു. നിവൃത്തിയില്ലാതെയാണ് താനാ കൊല ചെയ്ത തെന്ന് പറഞ്ഞു. ദുശ്ശാസനന്റെ ചോര കുടിച്ചത് ശരിയായില്ലെന്നായിരുന്നു ഗാന്ധാരിയുടെ അടുത്ത ആരോപണം. ചോര കുടിച്ചില്ലെന്നു ഭീമന്‍ നിഷേധിച്ചു. അന്ന് പുത്രരെ നിയന്ത്രിച്ചു നിര്‍ത്താതെ ഇന്നെന്തിനു തങ്ങളെ കുറ്റപ്പെടുത്തുന്നുവെന്നും ഭീമന്‍ ചോദിച്ചു.
വൃദ്ധന്റെ നൂറാത്മജരെക്കൊല്‍വോന്‍ നീയപരാജിതന്‍
കുറ്റം കുറഞ്ഞൊരുവനെശ്ശേഷിപ്പിയ്ക്കാഞ്ഞതെന്തുവാന്‍
ഉണ്ണീ, നീ രാജ്യം പോയ വൃദ്ധരായ ഞങ്ങള്‍ക്കു സന്തതി
അന്ധദ്വയത്തിനു വടിയൊന്നെന്തേ വിട്ടിടാഞ്ഞു നീ  
എന്ന ഗാന്ധാരിയുടെ അടുത്ത ചോദ്യത്തില്‍ ആ അമ്മയുടെ മാനസികാവസ്ഥ തികച്ചും പ്രകടമാകുന്നുണ്ട്. അതിന്റെ മറുപടിയ്ക്കായി ഗാന്ധാരി കാത്തുനില്‍ക്കുന്നില്ല. ഭീമന്‍ മുമ്പ് പറഞ്ഞ മറുപടികള്‍ തന്നെ ഒരമ്മയെന്ന നിലയ്ക്ക് ഗാന്ധാരിയുടെ പരാജയത്തെ എടുത്തു കാണിയ്ക്കുന്നതാണ്. അതവര്‍ക്ക് സ്വയം ബോദ്ധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം. ധാര്‍ത്തരാ ഷ്ട്രരെ മുഴുവന്‍ കൊന്നൊടു ക്കിയതിനാലാകാം ഭീമനോടാണ് ഗാന്ധാരി സംസാരിച്ചത്. അര്‍ജ്ജുനന്‍ ഭയന്ന് കൃഷ്ണന്റെ പിന്നിലൊളിച്ചു നില്‍ക്കുകയായിരുന്നു. കണ്‍കെട്ടിനിടയിലൂ ടെ ഗാന്ധാരിയുടെ ദൃഷ്ടി പതിഞ്ഞ യുധിഷ്ഠിരന്റെ കാല്‍നഖം കറുത്തു പോയി.കുരുക്ഷേത്ര യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണക്കാരാരായിരുന്നുവെന്ന് ഗാന്ധാരിയ്ക്കറിയാമായിരുന്നു. തന്റെ തെറ്റും മനസ്സിലാക്കിയിരുന്നു. പക്ഷേ മക്കളുടെ മരണത്തിനു കാരണക്കാര്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ അവര്‍ക്ക് സ്വയം നിയന്ത്രിയ്ക്കാനായില്ല. മക്കള്‍ അധര്‍മ്മചാരികളാ ണെങ്കിലും അവരെല്ലാവരും നഷ്ടപ്പെട്ടപ്പോള്‍ ധര്‍മ്മബോധത്തിനു മേലെയായി മാതൃദുഃഖം ആ മനസ്സിനെ ഭരിയ്ക്കുന്നത് കാണാം.  

യുദ്ധക്കളത്തില്‍ ദാരുണമായ കാഴ്ചകള്‍ കണ്ട ഗാന്ധാരി അവിടെ ജീവനറ്റു കിടന്ന എല്ലാ വര്‍ക്കും വേണ്ടിയാണ് വിലപിച്ചത്. എല്ലാവരുടെയും വിധവകള്‍ക്കു വേണ്ടിയാണ് കര ഞ്ഞത്. മനസ്സ് തുറന്നു സംസാരിയ്ക്കാനാകാത്ത വിധം ബന്ധനസ്ഥരായ, വാക്കുകള്‍ക്ക ല്പം പോലും വില കല്പിയ്ക്കാതെ പിന്‍ തള്ളപ്പെടുന്ന സ്ത്രീകള്‍ തന്നെയാണെപ്പോഴും ദുഃഖിയ്ക്കുന്നതെന്ന് മനസ്സിലാ ക്കാന്‍ ആ സ്ത്രീഹൃദയത്തിന് , മാതൃഹൃദയത്തിന് കഴിഞ്ഞു. പാണ്ഡവരോടുണ്ടായ ദേഷ്യം പാണ്ഡവപക്ഷ ത്തെ വിധവകളോട് ഗാന്ധാരിയ്ക്ക് തോന്നിയില്ല. കൃഷ്ണന്‍ യുദ്ധത്തിനു മുമ്പ് സന്ധിശ്രമത്തിനായി ഹസ്തിനപുരത്ത് ചെന്നി രുന്നു. അന്ന് ദുര്യോധനന്‍ കൃഷ്ണനെ ബന്ധനസ്ഥനാക്കാനും അധിക്ഷേപിയ്ക്കാനും ശ്രമി യ്ക്കുകയും ചെയ്തിരുന്നു. പക്ഷേ അതോര്‍ക്കാനുള്ള മനഃസന്നിദ്ധ്യം ആ കൊലക്കള ത്തിനു നടുവില്‍ നില്‍ക്കേ ഗാന്ധാരിയ്ക്കുണ്ടായില്ല. ആ മരണങ്ങള്‍ക്ക് മുഴുവന്‍ ഉത്തര വാദി കൃഷ്ണനാണെന്നും , കൃഷ്ണന്‍ ശ്രമിച്ചിരുന്നെങ്കില്‍ യുദ്ധമൊഴിഞ്ഞേനെ എന്നും കുറ്റപ്പെ ടുത്തി കൃഷ്ണനെ ശപിച്ചു.

പതിവ്രത, മഹാഭാഗ, സഹധര്‍മ്മം ചരിപ്പവള്‍, ഉഗ്രമാകും തപസ്സുള്ളോള്‍, നിത്യവും സത്യവാദിനി, സര്‍വ്വഭൂതഹിതൈഷിണി – എന്നൊക്കെയാണ് വ്യാസമുനി ഗാന്ധാരിയെ വിശേഷിപ്പിച്ചിട്ടുള്ളത്. തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കവിയുടെ സങ്കല്പങ്ങളാണിവിടെ പ്രകടമാകുന്നത്. തന്റെ ധര്‍മ്മ ബോധത്തിനനുസരിച്ച് ജീവിയ്ക്കാന്‍ നിഷ്ക്കര്‍ഷയോടെ  പാലിച്ച നിഷ്ഠയാണ് ഗാന്ധാരിയെ ദുഃഖിപ്പിച്ചത്. മക്കള്‍ അധര്‍മ്മികളായി വളരുന്നത്‌ കണ്ടപ്പോള്‍ ആ അമ്മ വേദനിച്ചു.  യുദ്ധത്തിനു പോകും മുമ്പ് അനുഗ്രഹമര്‍ത്ഥിച്ചു വന്ന ദുര്യോധനനോട് ധര്‍മ്മമുള്ളിടത്താണ് ജയം എന്നാണു ഗാന്ധാരി പറഞ്ഞത്. പുത്രനെ ആശംസിയ്ക്കാന്‍ കഴിയാതെ , പുത്രന് വിപരീതമായി ഭവിയ്ക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ ധര്‍മ്മത്തിന് ജയമാശംസിയ്ക്കേണ്ടി വന്ന അമ്മയുടെ വേദന ഗാന്ധാരി സഹി ച്ചതും ധര്‍മ്മബോധം നല്‍കിയ ആത്മബലം  കൊണ്ടുതന്നെ. ഗാന്ധാരിയുടെ രോഷം തന്റെ വിധിയോട് തന്നെയായിരുന്നു. മനസ്സിലുള്ള ആ രോഷവും , പുത്രോല്‍ക്കര്‍ഷേച്ഛയും പ്രകടമാ ക്കാന്‍ ഗാന്ധാരിയ്ക്കൊരിയ്ക്കലും കഴിഞ്ഞില്ല. കാരണം അത് ധര്‍മ്മവിരുദ്ധ മായിരുന്നു. ആ വൈരുദ്ധ്യം അവരെ എന്നും ദുഃഖിപ്പിച്ചു.

(കാളീചക്ര 2011
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍) 

Sunday 8 December 2013

പരിത്യക്ത പര്‍വ്വം

     ഇതിഹാസത്തിലെ ശ്രേഷ്ഠരായ സ്ത്രീ കഥാപാത്രങ്ങളായി നാം പലരെയും പരിചയപ്പെട്ടിട്ടുണ്ട് – സര്‍വ്വംസഹകളും , സഹധര്‍മ്മവും സ്വധര്‍മ്മവുമൊക്കെ ആച രിയ്ക്കുന്നതില്‍ നിഷ്ഠയുളളവരുമായ സ്ത്രീകള്‍. പലരും മാതൃകകളായി നമ്മുടെ സങ്കല്പങ്ങ ളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ജീവിതത്തില്‍ കടുത്ത ദു:ഖങ്ങളും അവമതി കളുമുണ്ടായിട്ടും  ത്യാഗം കൊണ്ടോ ഭോഗം കൊണ്ടോ ജീവിതസാഗരം നീന്തിക്കടന്നവര്‍. എല്ലാവര്‍ക്കും പറയാനുണ്ട് ഒരുപാടു ദു:ഖാനുഭവങ്ങള്‍. പക്ഷേ അവരില്‍ വെച്ച് ഏറ്റവുമധികം ദു:ഖങ്ങള നുഭവിച്ച , രാജപുത്രിയും ,രാജപത്നിയും, രാജമാതാവുമായിട്ടും നിശ്ശബ്ദതയുടെ ആവരണ ങ്ങള്‍ക്ക് പിറകെ നിശ്ചലമായി ജീവിച്ച സ്തീ ഒന്നേയുള്ളൂ – കുന്തി. പരിത്യക്ത എന്ന വാക്ക്  ഏറ്റവുമധികം യോജിയ്ക്കുന്നത്  ഈ കഥാപാത്രത്തിനാണ്.
     
     വ്യാസഭാരതത്തില്‍  ഒരു ദീര്‍ഘകാലത്തേയ്ക്ക് തന്നെ കുന്തിയുടെ സാന്നിദ്ധ്യമുണ്ട് – മകളായി, കുമാരിയായി, ഭാര്യയായി ,സപത്നിയായി ,അമ്മയായി, പോറ്റമ്മയായി, ശ്വശ്രു വായി,അനുജത്തിയായി . പക്ഷേ രാജകുമാരിയായോ, രാജപത്നിയായോ, രാജമാതാവാ യോ കാണുന്നുമില്ല. ഓരോ അവസ്ഥയിലും ദു:ഖിതയെങ്കിലും സ്വധര്‍മ്മം  വെടിയാത്ത ,ധര്‍മ്മാനുഷ്ഠാനങ്ങളില്‍ പിഴവ് വരുത്താത്ത നിഷ്ഠയുടെ ദാര്‍ഢ്യം കുന്തിയുടെ സ്വഭാവൌ ന്നത്യത്തിന്റെ പ്രധാന ഘടകമാണ്. കൃതിയുടെ സംക്ഷിപ്തത വിവരിയ്ക്കുന്നിടത്തു തന്നെ കുന്തിയെപ്പറ്റി പറയുമ്പോള്‍ ധീര എന്നൊരു വിശേഷണം മുനി നിബന്ധിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന്റെ അനുഭവങ്ങളിലേയ്ക്കും നിലപാടുകളിലേയ്ക്കുമുള്ള ഒരു വഴിയടയാളമാണീ പ്രയോഗം.


പുത്രജനനം

     ജനനം മുതല്‍ക്കേ നിരാസങ്ങളിലൂടെയാണ് കുന്തി ജീവിച്ചത്. യാദവരാജാവായ ശൂരസേനന്റെ മകളായാണവള്‍  ജനിച്ചത് – പൃഥ. പണ്ടു കൊടുത്ത ഒരു വാക്കനുസരിച്ച് ശൂരസേനന്‍ അവളെ തന്റെ അച്ഛന്‍പെങ്ങളുടെ മകനും അനപത്യനുമായ കുന്തീഭോജന് നല്‍കി. അവള്‍ക്കു നഷ്ടപ്പെട്ടത്  സ്വന്തം അച്ഛനമ്മമാര്‍ മാത്രമല്ല , സ്വന്തം പേര് കൂടിയായിരുന്നു – അസ്തിത്വം തന്നെ കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ. അന്നുതൊട്ട വള്‍  കുന്തിയായി. ഒരു പക്ഷേ ആ കൈമാററമാകും അവളില്‍ നിശ്ശബ്ദതയും ഉള്‍വലിവും സഹനശക്തിയുമൊക്കെയുണ്ടാക്കിയത്. കൌമാരത്തിലെയ്ക്കെത്തുന്ന കുന്തിയെ ഉഗ്രതേജസ്വിയായ ദുര്‍വ്വാസാവിന്റെ  ശുശ്രൂഷയ്ക്കയച്ചത്  കുന്തീഭോജന് അവളിലുള്ള വിശ്വാസം കൊണ്ടോ ദത്തുപുത്രിയോടുള്ള അനാസ്ഥ കൊണ്ടോ ?എന്തു തന്നെയായാലും അവളുടെ സഹിഷ്ണുത ദുര്‍വ്വാസാവിനെ പ്രീതനാക്കി. ദുര്‍വ്വാസാവ് നല്‍കിയ സമ്മാനം ദേവാവാഹന മന്ത്രമായിരുന്നു.

          അവള്‍ക്കാപദ് ധര്‍മ്മമോര്‍ത്തിട്ടവന്‍ താന്‍ മന്ത്രമേകിനാന്‍           
         
          ആഭിചാരവിധിയ്ക്കൊത്തിട്ടരുളീ  പിന്നെയിങ്ങനെ

          ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ് വു നീ                               
         
          അതതു ദേവപ്രീത്യാ തേ പുത്രനുണ്ടായി  വന്നിടും                                                           

ഈ മന്ത്രം അനന്തരഫലചിന്തനയില്ലാതെ സൂര്യദേവന് നേര്‍ക്കു പ്രയോഗിച്ചുവെന്നതാണ് കുന്തിയ്ക്ക് ജീവിതത്തില്‍ പറ്റിപ്പോയ ഒരേയൊരു തെറ്റ് . പക്ഷേ അത് ആജീവനാന്തം മനസ്സിനെ മഥിയ്ക്കുന്ന സംഭവപരമ്പരകള്‍ക്ക് തന്നെ വഴിയൊരുക്കുകയായിരുന്നു.

     നിരാസങ്ങളേറെ അനുഭവിച്ചതു കൊണ്ടാകാം വളരെ പക്വമതിയായിരുന്നു കുന്തി. കൌതുകം കൊണ്ട് താന്‍ പ്രയോഗിച്ച മന്ത്രം സൂര്യദേവനെ തന്റെ മുന്നിലെത്തിച്ചപ്പോള്‍  ഭയന്നുപോയ കുന്തി ദേവനെ താന്‍ കന്യകയാണെന്നോര്‍മ്മിപ്പിച്ച് പിന്തിരിയാനപേക്ഷി യ്ക്കുന്നിടത്തു തന്നെ അവളുടെ ധര്‍മ്മബോധം വ്യക്തമാകുന്നുണ്ട്. സൂര്യദേവന്‍ തനിയ്ക്ക് ഇനി തിരിയെപ്പോകാനാകില്ലെന്നും തനിയ്ക്ക് വിധേയയായില്ലെങ്കില്‍ അവളെയും ,അവളുടെ അച്ഛനെയും ,വരം തന്ന ഋഷിയെയും താന്‍ ശപിയ്ക്കുമെന്നും ക്ഷോഭിച്ചപ്പോള്‍ ,ഗത്യന്തരമില്ലാത്ത ആ അവസ്ഥയിലും  അവള്‍ തനിയ്ക്കുണ്ടാകുന്ന പുത്രന് കവച കുണ്ഡലങ്ങള്‍ വേണമെന്നും , അവന്‍  ധര്‍മ്മിഷ്ഠനായിരിയ്ക്കണമെന്നും നിബന്ധനകള്‍ മുന്നോട്ടു വെച്ചു. ആ പടച്ചട്ട എന്നും തനിയ്ക്കവനെ തിരിച്ചറിയാനൊരടയാളമാകുമെന്നും കുന്തി പറയുന്നുണ്ട്. പിന്നീട് കുന്തി തന്റെ ദുര്‍വ്വിധിയ്ക്കനുസരിച്ചു വന്നുചേര്‍ന്ന ഓരോ ആപദ്സന്ധിയും വളരെ മുന്‍കരുതലോടെ ആസൂത്രണം ചെയ്താണ് അഭിമുഖീകരിച്ചത്.   
     ശാപഗ്രസ്തനായ പാണ്ഡുവിനോടും സപത്നിയായ മാദ്രിയോടുമൊപ്പം വനവാസം സ്വീകരിച്ചപ്പോഴും പാണ്ഡുവിന്റെ ജീവന്റെ കാര്യത്തില്‍ ദത്തശ്രദ്ധയായിരുന്നു കുന്തി. പാണ്ഡു തന്നെ അനപത്യതാദു:ഖത്തില്‍ നിന്ന് മോചിപ്പിയ്ക്കാനപേക്ഷിച്ചപ്പോള്‍ കുന്തി അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് പിന്മാററാനാണ് ശ്രമിച്ചത്. പാണ്ഡുവിന്റെ നിര്‍ബ്ബന്ധം അസഹ്യമായപ്പോള്‍ മാത്രമാണവള്‍  ദുര്‍വ്വാസാവിന്റെ വരദാനത്തെക്കുറിച്ച് പറഞ്ഞത്. അപ്പോഴും തന്റെ സൂര്യപുത്രനെക്കുറിച്ച് അവള്‍ പറഞ്ഞില്ല. അന്നത്തെ നിയമ മനുസരിച്ച് കര്‍ണ്ണനും പാണ്ഡു പുത്രനാകുമായിരുന്നു.  പാണ്ഡുവിന്റെ നീരസത്തേക്കാള്‍  അവള്‍ ഭയന്നത് ഹസ്തിനപുരത്തി ന്റെ നിരാസമായിരിയ്ക്കും. തന്റെ സല്‍പ്പേരും ഹസ്തിനപുരരാജവംശത്തിന്റെ യശസ്സും അവളെ പിന്തിരിപ്പിച്ചതായിരിയ്ക്കാം. ധര്‍മ്മവും കരുത്തും ധൈര്യവും മക്കളായി പിറന്നപ്പോള്‍  പാണ്ഡു വീണ്ടും തന്റെ പുത്രമോഹം പറഞ്ഞു .പക്ഷേ നാലാമതൊരു പുത്രനെ ആഗ്രഹിയ്ക്കുന്നത് അധര്‍മ്മ മാണെന്നു പറഞ്ഞ് കുന്തി ആ അപേക്ഷ നിരാകരിച്ചു. ദേവാവാഹനമന്ത്രം മാദ്രിയ്ക്കും ഉപദേശിയ്ക്കാന്‍  പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ കുന്തി മടിച്ചില്ല. പക്ഷേ മാദ്രി  ആ മന്ത്രം അശ്വിനീ ദേവന്മാരെ പ്രീതിപ്പെടുത്തി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ അതിലെ അനൌചിത്യം കുന്തിയെ ക്ഷുബ്ധയാക്കി. വീണ്ടും മാദ്രിയ്ക്ക് മന്ത്രോപദേശം നല്‍കാന്‍ പാണ്ഡു ആവശ്യപ്പെട്ടപ്പോള്‍ മാദ്രിയുടെ വക്രപ്രവൃത്തിയെക്കുറിച്ച് പറഞ്ഞ് തന്നെ ഇനിയും അതിനു നിര്‍ബ്ബന്ധിയ്ക്കില്ലെന്ന് കുന്തി പാണ്ഡുവില്‍ നിന്ന് വരം നേടുകയാണ്‌ ചെയ്തത്. ഇത് കുന്തിയുടെ അസൂയയല്ല, ആ ദിവ്യമന്ത്രത്തെ ദുരുപയോഗം ചെയ്തതിലുള്ള രോഷ മാണ്‌ പ്രകടമാകുന്നത്.   അസൂയാലുവാണെങ്കില്‍ അവളാ മന്ത്രോപദേശത്തിനു തന്നെ മുതിരില്ലായിരുന്നു. മാദ്രി കാരണം പാണ്ഡു മരിച്ചപ്പോള്‍ കുന്തി  മാദ്രിയെ കുറ്റപ്പെടുത്തുക യുണ്ടായി. പാണ്ഡുവിന്റെ ആയുസ്സിനു വേണ്ടി താന്‍ ചെയ്തതെല്ലാം വിഫലമായിപ്പോയ തിലുള്ള രോഷം അങ്ങനെ പ്രകടമായെങ്കില്‍ അതില്‍ കുറ്റം പറയേണ്ടതില്ല. പാണ്ഡുവി നോടോപ്പം കുന്തിയും മരണം വരിയ്ക്കാനൊരുങ്ങിയതായിരുന്നു. പക്ഷേ അത്  മാദ്രി ഏറ്റെടുത്തു. മക്കളെ സമഭാവനയോടെ കാണാന്‍ തന്നെക്കാള്‍ കുന്തിയ്ക്കാണ് കഴിയുകയെന്ന് മാദ്രിയ്ക്ക്  വിശ്വാസമുണ്ടായിരുന്നു. കുന്തി അത് തെററിച്ചതുമില്ല. കൌന്തേയരെന്നും  മാദ്രേയരെന്നും വേറിട്ടു കാണാതെ പാണ്ഡവരായി ഒരുമിച്ചു വളര്‍ത്താന്‍  അവള്‍ക്കു കഴിഞ്ഞു. മക്കള്‍ക്കവകാശപ്പെട്ട രാജ്യം അവര്‍ക്ക് നേടിക്കൊടുക്കുക എന്ന കടമ കൂടിയാണ് കുന്തി ഇവിടെ ഏറ്റെടുത്തത്.


വിശ്വാസം വിദുരനീതിയില്‍

     ഹസ്തിനപുരത്തെത്തിച്ചേര്‍ന്ന കുന്തി പാണ്ഡവരുടെ ശത്രുക്കളാരെന്നു ശരിയ്ക്കു മനസ്സിലാക്കിയിരുന്നു. പക്ഷേ അവളൊരിയ്ക്കലും ദുര്യോധനാദികളുടെ അക്രമങ്ങള്‍ക്കെ തിരെ പ്രതികരിച്ചില്ല. പ്രതികരിയ്ക്കാന്‍ മക്കളെ ഉപദേശിച്ചതുമില്ല. ജാഗരൂകരായിരി യ്ക്കാന്‍  പറയുക മാത്രമേ ചെയ്തുള്ളൂ. പിതാമഹന്മാരോടോ ഗുരുക്കന്മാരോടോ പരാതിപ്പെടുന്നുമില്ല. ഒരിയ്ക്കല്‍ ഭീമനെ പ്രമാണകോടിയില്‍ വെച്ച് കാണാതായപ്പോള്‍ മാത്രം ദുര്യോധനന്‍ അപായപ്പെടുത്തിയിരിയ്ക്കാമെന്നൊരാശങ്ക വിദുരരോടു പറയുന്നുണ്ട്. വിദുരര്‍ എന്നും പാണ്ഡ വപക്ഷത്ത് നിന്ന, അവരുടെ സംരക്ഷണമേറ്റെടുത്ത നീതിജ്ഞ നായിരുന്നു. ആ നീതിബോധത്തില്‍ കുന്തിയ്ക്ക് ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. 

          മഹാത്മാവാ മഹാബുദ്ധി ഗംഭീരന്‍ വിദുരന്നുടെ                                                      
          ലോകത്തിന്മേലെ നില്‍ക്കുന്നു കൃഷ്ണാ ശീലം വിഭൂഷണം 

എന്ന് കുന്തി പറയുന്നുമുണ്ട്. അരക്കില്ലത്തില്‍ കാട്ടാളത്തിയേയും അഞ്ചു മക്കളെയും ബലി കഴിച്ചതിനു കൂട്ടു നിന്നുവെന്നതാണ്  കുന്തിയുടെ ഒരേയൊരു ക്രൂരതയായി നമുക്ക് കാണാനാകുന്നത്. മക്കളുടെ പരിപാലനവും രാജ്യപ്രാപ്തിയും കര്‍ത്തവ്യമായി കരുതിയ കുന്തിയ്ക്ക്  ദുര്യോധനാദികളുടെ ദുഷ്ടതകളില്‍ നിന്ന്  രക്ഷ നേടാന്‍ അതൊരു മാര്‍ഗ്ഗമായിരുന്നു. പോരെങ്കില്‍ നിഷാദഹത്യ അക്കാലത്തൊരു തെറ്റായി കണക്കാക്കിയിരുന്നുമില്ല.


സ്നേഹമയിയായ ഭര്‍തൃമാതാവ്

     ഹിഡിംബിയോട് കുന്തി യാതൊരു നീരസവും കാണിയ്ക്കുന്നില്ല. ഭീമനെ തനിയ്ക്ക് ഭര്‍ത്താവായി നല്‍കണമെന്ന  ഹിഡിംബിയുടെ അര്‍ത്ഥന സ്വീകരിച്ചു. ഘടോല്‍ക്കചന്‍  ജനിച്ചപ്പോള്‍ ഐവര്‍ക്കും മൂത്തമകനായ അവന്‍ യഥാകാലം സഹായത്തിനെത്തണ മെന്നു പറഞ്ഞു. അര്‍ജ്ജുനന്‍ സ്വയംവരമണ്ഡപത്തില്‍ ജയിച്ച് ദ്രൌപദിയേയും നേടി ഐവരും തിരിച്ചു വന്നപ്പോള്‍ ഭീമന്‍  ‘ ഇന്നത്തെ ഭിക്ഷ ’ കാണാന്‍ അമ്മയെ വിളിച്ച പ്പോള്‍  അത് ദ്രൌപദിയാണെന്നറിയാതെയാണ് കുന്തി  ഐവരോടും പങ്കിട്ടെടുക്കാന്‍ പറഞ്ഞത്. തന്റെ വാക്ക് തെറ്റിപ്പോകാതെ പരിഹരിയ്ക്കാന്‍ കുന്തി വളരെ ദു;ഖത്തോടെ തന്നെയാണ് യുധിഷ്ഠിരനോട് ആവശ്യപ്പെട്ടതും. ദ്രുപദനും വ്യാസനും പാണ്ഡവരും അതെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ‘ അനൃതത്തില്‍ബ്ഭയമെനിയ്ക്കതൊഴിയ്ക്കുവതെ ങ്ങനെ ’ എന്ന് കുന്തി ആരായുന്നുണ്ട്. പാണ്ഡവര്‍ വനവാസമനുഷ്ഠിയ്ക്കുന്ന കാലത്തും പുത്രരെ വിട്ട് പത്നീധര്‍മ്മമനുഷ്ഠിയ്ക്കുന്ന ദ്രൌപദിയുടെ ദു:ഖമെന്തെന്നു കുന്തിയ്ക്ക് മനസ്സിലാകുന്നുണ്ട്. യുദ്ധത്തിനു മടിയ്ക്കുന്ന യുധിഷ്ഠിരന്റെ വീര്യം ഉജ്ജ്വലിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നിടത്ത് ദ്രൌപദിയ്ക്ക് സഭയിലേററ അപമാനം തനിയ്ക്ക് മറക്കാനാകി ല്ലെന്നു പറയുന്നു. അവസാനയാത്രയ്ക്കൊരുങ്ങി നില്‍ക്കുമ്പോള്‍  യുധിഷ്ഠിരനു ഉപദേശം കൊടുക്കുന്ന സമയത്തും  ദ്രൌപദിയുടെ ഇഷ്ടങ്ങള്‍ പരിഗണിയ്ക്കണമെന്നോര്‍മ്മി പ്പിയ്ക്കുന്നു.


മാതൃത്വം

     കുന്തിയുടെ മാതൃത്വവും അവള്‍ക്കു വിധി നല്‍കിയ സവിശേഷമായ ഒരനുഭവമാണ്. മകനെ ഉപേക്ഷിച്ച അമ്മയായും ,മൂന്നു മക്കള്‍ക്ക്‌ പെററമ്മയായും ,രണ്ടു മക്കള്‍ക്ക്‌ പോറ്റമ്മയായും കുന്തിയ്ക്ക് ജീവിയ്ക്കേണ്ടി വന്നു. കര്‍ണ്ണനെ അപവാദഭീതികൊണ്ടു പേക്ഷിയ്ക്കുന്ന സമയത്തെ പ്രാര്‍ത്ഥനയിലും അവന്റെ  വളര്‍ച്ചയെക്കുറിച്ചുള്ള ചിന്തയിലും ഒരമ്മയുടെ മനോവ്യഥ മുഴുവന്‍ പ്രകടമാകുന്നുണ്ട്. കര്‍ണ്ണനെവിടെയെത്തിച്ചെര്‍ന്നുവെന്നു കുന്തി രഹസ്യമായന്വേഷിച്ച് മനസ്സിലാക്കുന്നുണ്ട്. പാണ്ഡവരെ ഒരുമിച്ചു നിര്‍ത്തുന്ന കുന്തി യ്ക്ക് പരാജയമറിയേണ്ടിവന്നിട്ടില്ല. വനവാസത്തിനൊരുങ്ങി നില്‍ക്കവേ ദ്രൌപദിയോട് സഹദേവനെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നുപദേശിയ്ക്കുമ്പോള്‍  പോറ്റമ്മയുടേതല്ല പെററമ്മയുടെ വാത്സല്യം തന്നെയാണ് കാണുന്നത്.തന്റെ മക്കളുടെ ദുര്‍വ്വിധിയോര്‍ത്ത് കന്തി കരഞ്ഞു , ജ്യേഷ്ഠന്മാര്‍ പോയ്ക്കൊള്ളട്ടെ നീയെന്റെ കൂടെ നില്‍ക്കണം ’ എന്ന് സഹദേവനോടാവശ്യപ്പെട്ടു. തന്റെ അഞ്ചുമക്കളോടുള്ള സ്നേഹം സഹദേവനില്‍ കാണാന്‍ കുന്തിയ്ക്ക് കഴിയുന്നുവെന്നല്ലേ അതിന്റെ അര്‍ത്ഥം . അജ്ഞാതവാസവും പൂര്‍ത്തിയായ തിനു ശേഷം യുധിഷ്ഠിരന്‍ യുദ്ധമൊഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കേ , ഒരവസാനശ്രമ മെന്ന നിലയ്ക്ക്  കൃഷ്ണനെ ദൂതനായയച്ച പ്പോഴാണ് ഒരു ക്ഷത്രിയസ്ത്രീയെന്ന നിലയ്ക്ക് കുന്തി തന്റെ മൌനം ഭഞ്ജിയ്ക്കുന്നത്. ക്ഷത്രിയന്റെ ധര്മ്മമെന്തെന്നു വിദുളയുടെ കഥ യിലൂടെ ഓര്‍മ്മിപ്പിയ്ക്കുന്നിടത്ത് ആ ക്ഷാത്രവീര്യം മുഴുവന്‍ സകല ശക്തിയോടെ ബഹിര്‍ഗ്ഗമിയ്ക്കുന്നു.

     യുദ്ധം ഉറപ്പായതിനു ശേഷം കുന്തി താന്‍ മറച്ചു വെച്ച രഹസ്യം തന്റെ മൂത്ത പുത്രനോടു പറയാന്‍ തയ്യാറായി. കൃഷ്ണന്റെ വാക്കുകള്‍ കേട്ടിട്ടും കര്‍ണ്ണന്റെ മനസ്സ് മാറിയിരുന്നില്ല. മറുപക്ഷമേ ജയിയ്ക്കൂ എന്നുറപ്പുണ്ടായിട്ടു പോലും കര്‍ണ്ണന്‍ തനിയ്ക്ക് ദുര്യോധനനോടുള്ള ഋണബദ്ധതയോര്‍ത്തും , ഭീരുത്വഭീതിയോര്‍ത്തും കൃഷ്ണന്റെ ക്ഷണം നിരസിച്ചു. അക്കാര്യമറിയാതെയാണ്  കുന്തി കര്‍ണ്ണനെ ചെന്ന കണ്ടത്. അമ്മ കണ്മുന്നില്‍ വന്നു കരഞ്ഞപേക്ഷിച്ചപ്പോള്‍  ആ അപേക്ഷ നിരാകരിച്ചുവെങ്കിലും അര്‍ജ്ജുനനൊഴികെ മറ്റ് നാല്‍വരേയും താന്‍ വധിയ്ക്കില്ലെന്നു കര്‍ണ്ണനുറപ്പു കൊടുത്തു ; അര്‍ജ്ജുനനെ വധിയ്ക്കാന്‍ കഴിഞ്ഞാല്‍ കുന്തിയുടെ അടുക്കലെയ്ക്കെത്തിക്കൊള്ളാമെന്നും. കുന്തിയുടെ ഈ പ്രവൃത്തി യഥാര്‍ത്ഥത്തില്‍ പാണ്ഡവരെ രക്ഷിയ്ക്കാനായിരുന്നുവോ ? കൃഷ്ണന്‍ കൂടെയുണ്ടായിരിയ്ക്കെ പാണ്ഡവരുടെ ജീവന് അപായം വരുമെന്ന് കുന്തി ഭയക്കാനിട യില്ല ; ഭയന്നത് കര്‍ണ്ണന് സംഭവിച്ചേയ്ക്കാവുന്ന മരണത്തെത്തന്നെയായിരിയ്ക്കണം. തുറന്നുപറഞ്ഞാല്‍ വീരനായ കര്‍ണ്ണന്‍ അതംഗീകരിയ്ക്കില്ലെന്ന് കുന്തിയ്ക്ക് നന്നായി അറിയാം. കര്‍ണ്ണന്‍ പാണ്ഡവ പക്ഷത്തേയ്ക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍  ആ ജന്മരഹസ്യം എല്ലാവരും അറിയുമായിരുന്നു. കുന്തി തന്റെ സല്‍പ്പേരിനേക്കാള്‍ മാതൃത്വ ത്തിന് തന്നെയാണ് പ്രാധാന്യം കൊടുത്തതെന്നതിനു തെളിവാണിത്. അപ്പോഴും അവള്‍ ധര്‍മ്മനിഷ്ഠയ്ക്ക് തന്നെ മുന്‍ ഗണന കൊടുത്തുവെന്നു മാത്രം. അല്ലങ്കില്‍ തന്റെ വാക്കുകള്‍ നിരസിയ്ക്കില്ലെന്നുറപ്പുള്ള  യുധിഷ്ഠിരനോടിക്കാര്യം പറയാമായിരുന്നു. അതറിഞ്ഞാല്‍ യുധിഷ്ഠിരന്‍ യുദ്ധത്തില്‍ നിന്ന് പിന്‍ മാറുകയും രാജ്യം കര്‍ണ്ണന് നല്‍കുകയും ചെയ്യും.  കര്‍ണ്ണനത് ദുര്യോധനനു സമര്‍പ്പിയ്ക്കും. അങ്ങനെ ജയം അധര്‍മ്മപക്ഷത്തിനാകും. അതൊഴിവാക്കാനായിരുന്നു കുന്തിയുടെ ഈ പ്രവൃത്തി . അംഗീകൃതരായ മക്കളെ രക്ഷിയ്ക്കാന്‍ തന്റെ അഭിമാനത്തിന്റെ പേരില്‍ ഒരിയ്ക്കല്‍ താനുപേക്ഷിച്ച മകനെ, അവന്റെ ആയുധപാടവമോര്‍ത്തു ഭയന്ന്  മാതൃത്വത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനൊ രുങ്ങിയതാണ് കുന്തി എന്ന് കരുതുന്നത് നിരര്‍ത്ഥകമാണ്. അഭ്യാസപ്രകടന വേളയില്‍ വേദിയിലെത്തിയ കര്‍ണ്ണനെ കണ്ടു ബോധമറ്റ്‌ നിലം പതിച്ച , ബോധം വന്നപ്പോള്‍ യുദ്ധോദ്യുക്തരായി നില്‍ക്കുന്ന തന്റെ മക്കളെക്കണ്ട് പരിഭ്രാന്തയായ കുന്തിയുടെ മാതൃത്വ ത്തെ സംശയിയ്ക്കേണ്ടതില്ല.


ധര്‍മ്മപരായണയായ കുന്തി

കുന്തിയുടെ ധര്‍മ്മബോധം ഏറ്റവും പ്രകടമാകുന്നത് ധൃതരാഷ്ട്രരും ഗാന്ധാരിയും വാനപ്രസ്ഥത്തിനൊരുങ്ങുന്ന വേളയിലാണ്. ഒരു സര്‍വ്വനാശകരമായ യുദ്ധത്തിനു ശേഷം മക്കള്‍ താനുദ്ദേശിച്ചപോലെ അര്‍ഹിച്ച രാജ്യാവകാശം നേടിയപ്പോള്‍ രാജമാതാവായി രിയ്ക്കുന്നതിനു പകരം ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും , ഒരനുജത്തിയെന്ന നിലയ്ക്ക് ഗുരുജനങ്ങളാക്കി കണക്കാക്കി കൂടെ വാനപ്രസ്ഥത്തിനൊരുങ്ങുകയാണ് കുന്തി ചെയ്തത്. അവര്‍ കൂടി ഉപദേശിച്ചിട്ടും ,മക്കള്‍ കരഞ്ഞപേക്ഷിച്ചിട്ടും കുന്തി പിന്തിരിഞ്ഞില്ല. ജനിച്ച കാലം തൊട്ട് തനിയ്ക്ക് നിഷേധിയ്ക്കപ്പെട്ട രാജൈശ്വര്യങ്ങള്‍ കുറച്ചു കാലത്തേയ്ക്കെ ങ്കിലും അനുഭവിയ്ക്കാമെന്ന ഭോഗാസക്തി  കുന്തിയ്ക്കുണ്ടായിരുന്നില്ല.അവിടെയും സ്വധര്‍മ്മപരിപാലനത്തില്‍ കുന്തി വീഴ്ച വരുത്തിയില്ല. എങ്കില്‍ എന്തിനു തങ്ങളെ ക്കൊണ്ട് സര്‍വ്വവിനാശകരമായ യുദ്ധം ചെയ്യിച്ചു , കാടു തന്നെ മതിയായിരുന്നില്ലേ എന്ന് യുധിഷ്ഠിരനും ഭീമനും ചോദിച്ചപ്പോള്‍                                          

          എന്‍  ഭര്‍ത്താവിന്റെ വന്‍ രാജ്യഫലം പണ്ടേറ്റു മക്കളേ                                           
          മഹാദാനം നല്‍കി വിധി പോലെ ഹോമം കഴിച്ചു ഞാന്‍                                         
          എനിയ്ക്ക് വേണ്ടിയല്ലാ ഞാന്‍ പ്രേരിപ്പിച്ചിതു കൃഷ്ണനെ                                           
          വിദുളാ വാക്കു വഴിയായ് പാലനയ്ക്കതു ചെയ് വു ഞാന്‍                                                 

എന്നാണ് കുന്തി പ്രതിവചിച്ചത് . കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്നെ കാണാനെത്തിയ യുധിഷ്ഠിരനും സഹദേവനും തന്നോടൊപ്പം കാട്ടിലേയ്ക്കു വരികയാണെന്ന് നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍  ‘ സഹദേവനോട് മുഷിയരുത്‌ , കര്‍ണ്ണനെ ഓര്‍ക്കണം ,പാഞ്ചാലിയ്ക്കി ഷ്ടമായ രീതിയില്‍ നില്‍ക്കണം ,അനുജന്മാരെ ഒന്നിച്ചു നിര്‍ത്തണം ,കുലഭാരം നിന്നിലാണ് ’ എന്നുപദേശിച്ച്  കുന്തി യുധിഷ്ഠിരനെ പിന്തിരിപ്പിച്ചു. സഹദേവനേയും അവന്റെ സ്നേഹം തന്റെ തപസ്സിനു വിഘാതമാവുകയാണ്‌ എന്ന് പറഞ്ഞ് തിരിച്ചയച്ചു. ഇവിടെയും ആ അചഞ്ചലമായ ധര്‍മ്മബോധമാണ് പ്രകടമാകുന്നത്.


വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?

     വിധിയെ പൌരുഷം കൊണ്ട് ജയിയ്ക്കാനാവില്ല എന്ന് മഹാഭാരതത്തില്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതിനൊരുത്തമ ദൃഷ്ടാന്തമാണ് കുന്തിയുടെ ജീവിതം. ദുര്‍വ്വാസാവിനു ഇത്തരമൊരു മന്ത്രം തന്നെ കൌമാരത്തിലെയ്ക്ക് കാലൂന്നുന്ന കുന്തിയ്ക്ക് കൊടുക്കാന്‍ തോന്നിയത്  ദേവകാര്യം നിര്‍വ്വഹിയ്ക്കാന്‍  പ്രാപ്തരായ മക്കള്‍ക്ക്‌ ജന്മം നല്‍കാന്‍  പ്രാപ്തിയുള്ളവളാണ് കുന്തിയെന്നു തോന്നിയത്  കൊണ്ടാകണം. ധര്‍മ്മിഷ്ഠ നായിരിയ്ക്കണം തന്റെ മകനെന്നു പ്രാര്‍ത്ഥിച്ചിട്ട് സൂര്യദേവനില്‍ നിന്ന് ലഭിച്ച മകന്‍ അധര്‍മ്മികളുടെ പക്ഷത്ത് പെട്ടു പോയതും വിധിയുടെ കളി തന്നെ. പാണ്ഡുവില്‍ നിന്നൊ രവസരം ലഭിച്ചിട്ട് പോലും കര്‍ണ്ണന്റെ ജന്മരഹസ്യത്തെപ്പറ്റി പറയാന്‍ തോന്നാതിരുന്നതും, ആ മകന്‍ തന്നെ തന്റെ മക്കള്‍ക്ക്‌ ശത്രുവായിത്തീര്‍ന്നതും , ധര്‍മ്മത്തിനു വേണ്ടി ഇത്ര അടിയുറച്ചു  നിന്നിട്ടും ഒടുവില്‍ സ്വന്തം മകനില്‍ നിന്നു പോലും – യുധിഷ്ഠിരന്‍ – ശാപ മേല്‍ക്കേണ്ടി വന്നതും വിധി വൈപരീത്യം തന്നെ. ഇത്ര കടുത്ത നിരാസങ്ങള്‍ കുന്തിയ്ക്ക് വിധി ഒരുക്കിയതുതന്നെ താന്‍ കരുതിവെച്ചിരിയ്ക്കുന്ന ഓരോ ദുരനുഭവവും ശാന്തമായി ,നിശ്ശബ്ദമായി അനുഭവിയ്ക്കാനവള്‍ക്ക് ശക്തി നല്‍കാനാകണം. ദുര്‍വ്വാസാവിന്റെ സല്‍ക്കാരം മുതല്‍ അവസാനം കാട്ടുതീയിലുള്ള ആത്മസമര്‍പ്പണം വരെ ഓരോ സന്ദര്‍ഭവും അവളുടെ കരുത്തിനു നിദര്‍ശനങ്ങളാണ്.


     മക്കളെ ശരിയ്ക്കു മനസ്സിലാക്കിയ അമ്മയായിരുന്നു കുന്തി. കര്‍ണ്ണനോട്  മാത്രമായി അവന്റെ ജന്മരഹസ്യം പറഞ്ഞതും , യുധിഷ്ഠിരനോടത് പറയാതിരുന്നതും വിദുളയുടെ കഥ പറഞ്ഞു കൊടുത്ത്  ‘ ക്ഷത്രിയസ്ത്രീ പെറ്റിടുന്നതെന്തിനക്കാലമായിതേ ’ എന്നു പറഞ്ഞ്  യുധിഷ്ഠിരന്റെ യുദ്ധവീര്യം വളര്‍ത്തിയതും , ഭീമനെ ബകവധത്തിനയച്ചതുമൊക്കെ അവരുടെ വീര്യവും ധര്‍മ്മബോധവും, കരുത്തുമൊക്കെ ശരിയ്ക്കു മനസ്സിലാക്കിയതു കൊണ്ടു തന്നെ. കൃഷ്ണന്റെ ആശ്രിതവാത്സല്യത്തിലും  കുന്തിയ്ക്ക് ഉറച്ച വിശ്വാസമുണ്ടായി രുന്നു. അച്ഛന്‍പെങ്ങളുടെ വാത്സല്യത്തേക്കാള്‍ ഭക്തിയാണ് കൃഷ്ണനോടുള്ള ബന്ധത്തില്‍  മുന്നിട്ടു നില്‍ക്കുന്നത്. അച്ഛന്റെ നിരാസം തൊട്ട് താനനുഭവിച്ച ദു:ഖങ്ങളെല്ലാമെടുത്തു പറയുന്നതും ഒരു നീണ്ടകാലം വിദുരഗൃഹത്തില്‍ കഴിയേണ്ടി വന്ന തന്റെ പരാശ്രയത്തെ ക്കുറിച്ച്  പറഞ്ഞു കരയുന്നതും കുന്തി തന്റെ കരുത്തരായ മക്കളുടെ മുന്നില്‍ വെച്ചല്ല , കൃഷ്ണന്റെ മുന്നിലാണ്. തന്റെ മക്കളുടെ വിജയത്തിനു വിശ്വാസമര്‍പ്പിയ്ക്കുന്നതും കൃഷ്ണനില്‍  ത്തന്നെ. ഇത്ര മൂകമായി, ഇത്ര  ധര്‍മ്മനിഷ്ഠയോടെ, ഇത്ര കരുത്തോടെ ജീവിച്ച  മറ്റൊരു സ്ത്രീയില്ല പുരാണത്തിലെന്നു പറയാം. മകളായാലും, ഭാര്യയായാലും, അമ്മയായാലും കുന്തി അനന്വയ തന്നെ.


(കാളീചക്ര 2010
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക

കുമരനെല്ലൂര്‍) 


Sunday 27 October 2013

ഗന്ധങ്ങള്‍ സംവദിയ്ക്കുന്നത്


                                                                            


                          

     ള്ളത്തോള്‍ക്കവിതകളിലെ സവിശേഷതകളെപ്പറ്റി വിവരിയ്ക്കുമ്പോള്‍ 


എ.പി.പി. നമ്പൂതിരി ഒരു വാക്കുപയോഗിച്ചിട്ടുണ്ട് – ‘ സര്‍വ്വേന്ദ്രിയ സന്ദര്‍പ്പകത്വം ’

വായനക്കാരന്റെ അഞ്ചിന്ദ്രിയങ്ങളേയും സംതൃപ്തമാക്കുന്ന സാഹിത്യത്തിന്റെ 

ശ്രേഷ്ഠതയാണിവിടെ വ്യക്തമാക്കുന്നത്. ഇതില്‍ ഒരു പക്ഷേ ഗൃഹാതുരത ഏറ്റവുമധികം 

സംവേദ്യമാക്കാന്‍ കഴിയുന്നത് ഗന്ധത്തിനാകും. ഒരു മാത്ര കൊണ്ട് നമ്മെ 

ഭൂതകാലത്തിലേയ്ക്കെത്തിച്ച് ഒരു ദീര്‍ഘയാത്ര ചെയ്യിയ്ക്കാന്‍  നാമൊരിയ്ക്കലേറെ 

ഇഷ്ടപ്പെട്ട , പിന്നെ മറന്നു പോയ ഗന്ധങ്ങള്‍ക്കാകും. മുണ്ടൂര്‍ സേതുമാധവന്റെ 

വയല്പ്പച്ചയുടെ  ഗന്ധം എന്ന കൃതി നിറവേററുന്നതീ കൃത്യമാണ്. പഴമയുടെ 

നിറവിന്റേയും വറുതിയുടേയും സ്നേഹത്തിന്റെ ലാഭങ്ങളുടേയും നഷ്ടങ്ങളുടേയുമൊക്കെ 

കണക്കുകള്‍ ഈ ഗന്ധം നമ്മുടെ മനസ്സില്‍ കോറിയിടുന്നു , ഒപ്പം ഒരു ഹരിതാഭയും.കണ്ണീരിന്റെ നനവുള്ള കാലം


     
     വിട്ടുവീഴ്ച്ചകളില്ലാത്ത വിധി കല്പിയ്ക്കുന്ന ശക്തിയാണ് കാലം. നമ്മോടൊപ്പം 

സഞ്ചരിയ്ക്കുന്ന , നമ്മള്‍ ശ്രദ്ധിയ്ക്കാത്ത നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും മൂകസാക്ഷി 

യായി നില്‍ക്കുന്ന കാലം അത്ഭുതമായി ,ആകസ്മികതയായി, കുററപ്പെടുത്തലായി , 

ഓര്‍മ്മപ്പെടുത്തലായി , ചില നിമിഷങ്ങളില്‍ പൊടുന്നനെ വെളിപാടുകളായി മുന്നില്‍ 

അവതരിയ്ക്കുന്നു. സമൃദ്ധിയുടെ നിറവില്‍  മതിമറന്നാഹ്ളാദിയ്ക്കുന്നവര്‍  അപ്പുറത്ത്  

വരള്‍ച്ചയുടെ വറുതി കാത്തിരിയ്ക്കുന്നത് പലപ്പോഴും അറിയില്ല. അദ്ധ്യാപനവും പ്രസംഗ 

വുമൊക്കെയായി  തിരക്കിലാഴ്ന്നു നടന്നിരുന്ന നാരായണന്‍ മാഷുടെ കഥയാണ്‌  

‘ മണ്ണോട്ടുകരയിലേയ്ക്കുള്ള വഴി ' .റിട്ടയര്‍മെന്റിന്റെ ആഘോഷങ്ങള്‍  


നടന്നു കൊണ്ടിരിയ്ക്കെ ഒരു ഫോണ്‍കോള്‍.കഴിഞ്ഞ 

വര്‍ഷം വിരമിച്ച സുകുമാരന്‍ മാഷാണ്. മാഷിപ്പോള്‍ 

മണ്ണോട്ടു കരയിലെ  വൃദ്ധസദനത്തിലാണ്  താമസം. 

ഒരു വലിയ ചിരിയോടെ താനും വരുന്നോ എന്നൊരു 

ചോദ്യമെറിഞ്ഞ്  മാഷ്‌ സംസാരമവസാനിപ്പിച്ചു. 

പതിവുരീതിയിലുള്ള പ്രസംഗങ്ങളും ഉപഹാര സമര്‍പ്പ 

വുമൊക്കെയായി ചടങ്ങ്  ഭംഗിയായി നടന്നു. 

വലിയൊരു തറവാട്,  ഭാര്യ മരിച്ചതോടെ ഒററയ്ക്കുളള 

ജീവിതം, തിരക്കുകള്‍ക്കിടയിലൂടെ കൂടെ  വരാന്‍ 

ക്ഷണിയ്ക്കുന്ന മക്കള്‍ - സഹപ്രവര്‍ത്തകരുടേയും  

ശിഷ്യരുടേയും സ്നേഹത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍  മാഷുടെ മനസ്സില്‍ ചിന്തകളു 

ണര്‍ന്നു. വീട്ടില്‍ കൊണ്ടുപോയാക്കുക എന്ന ചടങ്ങിന്  ഉത്സാഹത്തോടെ അദ്ധ്യാപക 

രൊരുങ്ങി  കാറില്‍ കയറിയപ്പോള്‍ മാഷ് പറഞ്ഞു – കാറ് മണ്ണോട്ടു കരയിലേയ്ക്ക്  

വിടാന്‍. പ്രാരാബ്ദ്ധങ്ങളെ കുറിച്ച്  വേവലാതിപ്പെടാതെ സംതൃപ്തനായി വിരമിയ്ക്കാന്‍ 

സാധിച്ച അദ്ദേഹത്തിനു കാലം കരുതിവെച്ചത്  അതായിരുന്നു.


     കാലം- അനിവാര്യമായ യാത്ര .എല്ലാം തട്ടിപ്പറിച്ച് പ്രായവും അതിന്റെ മോഹങ്ങളുമെ 

ല്ലാം തകര്‍ത്തെറിഞ്ഞ് എല്ലാവരെയും വൃദ്ധരാക്കിക്കൊണ്ടുള്ള യാത്ര. പിടിച്ചു നിര്‍ത്താന്‍ 

മോഹിച്ചാലും പറ്റാത്ത , നില്‍ക്കാന്‍ കാലത്തിനു മോഹമുണ്ടായാലും നില്‍ക്കാനാകാത്ത 

യാത്ര . അവിടെ നാമൊന്നറിയുന്നു. നാം തന്നെയാണ് കാലം. മനുഷ്യനും കാലവും 

തമ്മിലുള്ള ഈ അദ്വൈതഭാവം വ്യക്തമാക്കുന്ന കഥയാണ്‌  ‘ 2010 ഉം ഞാനും ’. ചില 

സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രിയപ്പെട്ട കാലം പിന്‍വിളിയായെത്തും. മനസ്സിന്റെ 

ആഴങ്ങളിലേയ്ക്ക് തിരുകി മാറ്റിവെച്ച ഓര്‍മ്മകളിലൂടെ കൈ പിടിച്ചു പിച്ച വെപ്പിയ്ക്കും. 

ഗൃഹാതുരത്വമെന്തെന്നു അനുഭവിപ്പിച്ച് പഠിപ്പിയ്ക്കും. ഉപയോഗ്യശൂന്യമായി കിടന്ന 

പഴയ തറവാട് വില്‍ക്കാന്‍ ശ്രമിയ്ക്കുന്ന അനുജനോടൊപ്പം വന്ന ജ്യേഷ്ഠന്  ആ 

തറവാടിനോടുള്ള ആത്മബന്ധം വിച്ഛേദിയ്ക്കാന്‍ കഴിയുന്നില്ല. തറവാട് 

നശിപ്പിയ്ക്കരുതെന്ന അമ്മയുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കേ 

പട്ടണത്തില്‍ സ്ഥലവും വീടും സ്വപ്നം കാണുന്ന അനുജന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടി 

വന്നു. കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍ ഗതകാലത്തോടുള്ള മമതയെ നിമജ്ജനം 

ചെയ്യേണ്ടി വന്നെങ്കിലും ഈ ചൈതന്യം നിറഞ്ഞ പ്രശാന്തത തന്നില്‍ എന്നും 

അവശേഷിയ്ക്കും എന്നുറപ്പിച്ചു സ്വയം പറയാന്‍ മാത്രമേ അയാള്‍ക്കായുള്ളൂ. 

മനസ്സില്ലാമാനസ്സോടെ സ്വന്തം വേരുകള്‍  വെട്ടിമുറിയ്ക്കുന്നവന്റെ ധര്‍മ്മസങ്കടങ്ങളാണ്  

' തറവാട് ' എന്ന കഥയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.


തിരിച്ചറിവുകള്‍


     സ്വന്തം ജീവിതത്തിലേയ്ക്കുററു നോക്കിക്കൊണ്ട്  ജീവിയ്ക്കുന്ന വ്യക്തിയ്ക്ക് 

ആത്മവിശകലനം ചെയ്തുനോക്കിയാല്‍ അറിയാവുന്ന കാര്യമാണ് താന്‍ തന്റെ 

സദ്ഗുണങ്ങളെന്ന് വാഴ്ത്തുന്ന സഹതാപവും ബഹുമാനവുമെല്ലാം ബാദ്ധ്യതയുടെ 

ഘനമേശാത്തവയാണെന്ന്. അങ്ങനെയൊരു ഭാരത്തെക്കുറിച്ചുള്ള സൂചന കിട്ടുന്ന 

നിമിഷം ഇല്ലാതാകുന്ന ക്ഷണികതകളാണവ .കാപട്യത്തിന്റെ വൈകൃതം 

പുറത്തറിയാതിരിയ്ക്കാന്‍ ധരിയ്ക്കുന്ന മുഖംമൂടികള്‍. സ്വന്തം തിരിച്ചറിവിലേയ്ക്ക് 

ചൂണ്ടുന്ന വിരലുകള്‍. കുട്ടിക്കാലത്ത് തനിയ്ക്ക് വാത്സല്യവും അംഗീകാരവും തന്ന 

രാഘവന്‍ മാഷെ ഉദ്യോഗസ്ഥനായി ക്കഴിഞ്ഞിട്ടും ലീവില്‍ ചെല്ലുമ്പോഴെല്ലാം ദാമോദരന്‍ 

പോയിക്കാണുമായിരുന്നു – ആവശ്യപ്പെടാതെത്തന്നെ. പക്ഷേ ഒന്ന് കാണണമെന്ന്  

മാഷ്‌ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം തോന്നി. ചെടിപ്പും അത്ഭുതവും തോന്നി. 

പണം, വിവാഹപ്രായമെത്തിയ പെണ്മക്കള്‍ ,സഹായം – എന്തായിരിയ്ക്കും മാഷുടെ 

ഉന്നമെന്നായിരുന്നു ആശങ്ക. ബാങ്ക് ലോണ്‍ സംഘടിപ്പിയ്ക്കാനുള്ള സഹായമാവശ്യപ്പെട്ട 

മാഷുടെ മുന്നില്‍  കുടുംബത്തോടെ ആത്മഹത്യ ചെയ്ത വൈസ് പ്രസിഡന്റിന്റെ കഥ 

അവതരിപ്പിച്ചു. അടുത്ത ലീവിന് നാട്ടിലെത്തിയപ്പോള്‍ മാഷെ കാണാന്‍  

സംശയത്തോടെ ചെന്നു. വഴി മദ്ധ്യേ തന്നെ തിരക്കി വരുന്ന മാഷ്‌! താന്‍ കഴിഞ്ഞ 

പ്രാവശ്യം പറഞ്ഞു കൊടുത്ത കഥ ഇഷ്ടമായെന്ന് പറഞ്ഞു ചിരിയ്ക്കുന്ന മാഷ്‌ ! തന്നെ 

സ്വാധീനിച്ച വ്യക്തിയെന്ന ഉയരത്തില്‍ പ്രതിഷ്ഠിച്ച മനുഷ്യന്‍ പ്രാരാബ്ദ്ധങ്ങളെക്കുറിച്ച് 

സാധാരണക്കാരനായി നിന്ന് സംസാരിച്ചപ്പോള്‍ വളരെ ചെറുതായിപ്പോയി എന്ന് 

ചിന്തിയ്ക്കുന്നവന്‍ ഭൌതികതയുടെ കഷ്ടപ്പാടുകള്‍  മുന്നിലെത്തുമ്പോള്‍ ആദര്‍ശങ്ങളുടെ 

പൊള്ളത്തരങ്ങള്‍  സ്വയം തിരിച്ചറിയുന്ന കാപട്യക്കാരനാണ്. മുഖംമൂടിയ്ക്കുള്ളിലെ 

അഹംബോധത്തിന്റെ പൊളിച്ചെടുത്തു കാണിയ്ക്കലാണ്  ‘ രാഘവന്‍ മാഷ്‌ ’  എന്ന കഥ.


     വിശ്വാസരാഹിത്യം ആത്മാര്‍ത്ഥതയെ കവച്ചുവെച്ചു പുച്ഛച്ചിരിയോടെ മുന്നേറുമ്പോള്‍ 

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുന്നു. മുതലാളി കൂലി കൊടുക്കില്ലെന്നുറപ്പിച്ച 

പ്പോള്‍ പാവങ്ങള്‍ അവകാശത്തിനു വേണ്ടി സമരത്തിനിറങ്ങി. മുതലാളി പുതിയ 

പണിക്കാരെ ഇറക്കി. സമരം രൂക്ഷമായി. പിക്കററിങ്ങും അറസ്ററുമൊക്കെ മുറയ്ക്ക് 

നടന്നു. വിശ്രമമെന്യേ പ്രവര്‍ത്തിയ്ക്കാനിറങ്ങിയ നേതാവ് മുതലാളിയും തനിയ്ക്ക് 

വിവരങ്ങള്‍ ചോര്‍ത്തിത്തരുന്ന തൊഴിലാളിയും രാത്രിയുടെ മറവില്‍ ഒന്നിച്ചു ചിരിച്ചു 

നില്‍ക്കുന്ന കാഴ്ച കണ്ടു സ്തബ്ധനായി – സമരം ആര്‍ക്കു വേണ്ടി ?  ആര്‍ ജയിച്ചു ? 

ആര്‍ തോററു ? ഏതൊരു കാലത്തും ഉത്തമ ലക്ഷ്യത്തോടെ സംഘടിച്ചു നില്‍ക്കുന്ന 

വിപ്ലവശക്തികള്‍ക്കിടയില്‍  നമുക്ക് കാണാവുന്നതാണ് ഇരുപുറവും നില്‍ക്കുന്ന 

നട്ടെല്ലില്ലാത്ത സ്വാര്‍ത്ഥതല്‍പരരായ  വഞ്ചകരെ. ഈ യാഥാര്‍ത്ഥ്യത്തിന്റെ നിശിതമായ 

ആവിഷ്ക്കാരമാണ് ‘ അണികള്‍ ’ എന്ന കഥ.  


     ഈ പൊയ്മുഖങ്ങള്‍ക്കും , കാപട്യങ്ങള്‍ക്കും ,വഞ്ചനകള്‍ക്കുമൊക്കെയപ്പുറം 

മനുഷ്യത്വം തീരെയില്ലാതായിട്ടില്ല എന്ന പ്രത്യാശ ജനിപ്പിയ്ക്കുന്ന കഥയാണ്‌ ‘ വഴിപാട് ’.

ആറു കൊല്ലം കാത്തിരുന്നുണ്ടായ ഉണ്ണി ജനിച്ചയുടന്‍  കരഞ്ഞില്ല എന്ന് കണ്ടു നേര്‍ന്ന 

വഴിപാട് – പഴം കൊണ്ട് തുലാഭാരം . രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചെയ്യാനായില്ല. ഒരു 

ദുഃസ്വപ്നമുണര്‍ത്തിയ  പേടി കൊണ്ട് ഉടന്‍ വഴിപാട് ചെയ്യണമെന്നു കരുതി  മാല 

പണയം വെച്ചുണ്ടാക്കിയ കാശുമായി ഒരുങ്ങിയിറങ്ങിയപ്പോള്‍  ഭാര്യയ്ക്ക് പ്രസവവേദന 

തുടങ്ങിയെന്നു പറഞ്ഞ് പരിഭ്രമിച്ചോടിയെത്തിയ സുഹൃത്ത് . അയാള്‍ക്ക്‌  ആ പണം 

കൊടുത്തു. സഹായിയ്ക്കാന്‍ കൂടെ ചെന്നു. അതാണ്‌ ദൈവത്തിനു കൊടുക്കേണ്ട 

ശരിയായ വഴിപാടെന്നയാളെ തോന്നിച്ചത്  അയാളിലെ മനുഷ്യത്വമാണ്‌. അന്യന്റെ 

സങ്കടം കണ്ടറിയാനും സ്വന്തം കാര്യം മാറ്റിവെച്ച്  അവനെ സഹായിയ്ക്കാനുമുള്ള 

സന്നദ്ധത എല്ലാ നന്മകളും തകര്‍ന്നടിഞ്ഞ ഊഷരതയില്‍ ഒട്ടെങ്കിലും കാണാവുന്ന 

ആര്‍ദ്രതയാണ്.ഓര്‍മ്മകള്‍ക്ക് പറയാനുള്ളത്     
     ഓര്‍മ്മകള്‍ക്ക് മനസ്സില്‍ കൊണ്ടുവരാനുള്ളത് ഒരു സംഭവമല്ല , സംഭവ പരമ്പരകള്‍  

തന്നെയായിരിയ്ക്കും. അപ്രിയമുണ്ടാക്കുന്നവയാണെങ്കില്‍  പോലും അവയെ മനസ്സിന്റെ 

പടിയിറക്കി വിടാന്‍ മിക്കപ്പോഴും ആര്‍ക്കും കഴിയില്ല.  ഒരു പുതിയ മുറിവ് പോലെ കാല 

പ്പഴക്കത്തിലും നീറിക്കൊണ്ടിരിയ്ക്കുന്ന ഓര്‍മ്മകള്‍  മനസ്സൊന്നു വിശ്രമിയ്ക്കുന്ന ഒരു 

ഞൊടിയിടയില്‍ പിന്‍വിളിയുമായെത്തുന്ന കഥയാണ്‌  ‘ ദുഃഖത്തിന്‍റെ തീരഭൂമിയില്‍ ’ . 

യോഗ്യതക്കുരവ് അപ്രാപ്തനാക്കിയതിനാല്‍  ഒരിയ്ക്കലുപേക്ഷിയ്ക്കേണ്ടിവന്ന കാമുകിയെ 

കാലങ്ങള്‍ക്ക് ശേഷം കാണുന്നത് വിധവയും ദരിദ്രയുമായാണ് . കുട്ടിയ്ക്ക്  മരുന്ന് 

വാങ്ങാന്‍  അഞ്ചുരൂപ ചോദിച്ചെത്തിയ  അവളെ വീട്ടുജോലിയ്ക്ക്  നിര്‍ത്താമെന്ന് 

വേലക്കാരി നിര്‍ദ്ദേശിച്ചുവെങ്കിലും  അയാള്‍ക്ക്‌ സമ്മതിയ്ക്കാനായില്ല. അതവള്‍ക്ക്‌  

സഹായമാകുമെന്നറിയാമായിരുന്നുവെങ്കിലും ആരുമറിയാത്ത സത്യം തുറന്നു പറയാന്‍  

കഴിയാത്ത അയാള്‍ക്ക്‌  ഒഴിഞ്ഞു മാറേണ്ടി വന്നു. രൊമ്പതാം ക്ലാസ്സുകാരന്റെ 

ആദ്യാനുരാഗം – കൌമാരചാപല്യമെന്നു വിളിയ്ക്കാവുന്ന ആ അനുഭവത്തിന്റെ 

ഓര്‍മ്മകളാണ്  ‘ ഓര്‍മ്മയുടെ ചതുരം ’ എന്ന കഥയില്‍ . വര്‍ഷങ്ങള്‍ക്കുശേഷം 

ഭാര്യയുമൊത്ത് നാട്ടിലെത്തിയ അയാള്‍ക്ക്‌ അവള്‍ പറയുമ്പോലെ തന്റെ നാടിനെ ഒരു 

കാട്ടുമുക്കായി കാണാനായില്ല. മനസ്സില്‍ ഒരു സര്‍ക്കസ്സുകൂടാരവും , രഹസ്യമായി നുഴഞ്ഞു 

കയറി താന്‍ കണ്ടിരുന്ന ഒറ്റക്കമ്പിയില്‍ നൃത്തം ചെയ്യുന്ന പെണ്‍കിടാവും , സര്‍ക്കസ്സുകാര്‍ 

പരിപാടി കഴിഞ്ഞു മറ്റെങ്ങോട്ടോ പോയപ്പോഴുണ്ടായ സങ്കടവും നിരാശയും 

ഉയിര്‍ത്തെഴുനേററു. ഇന്നവിടെ വലിയൊരു ബംഗ്ലാവാണ്. അവിടെ എന്തൊക്കെയോ 

സര്‍ക്കസ്  നടക്കുന്നുണ്ടെന്ന ദ്വയാര്‍ത്ഥത്തിലുള്ള അഭിപ്രായം കേട്ടപ്പോള്‍ 

മനസ്സിലുയര്‍ന്നു വന്നിരുന്ന അയഥാര്‍ത്ഥമോഹങ്ങളുടെ ഓര്‍മ്മകള്‍ തകര്‍ന്നു. മനസ്സിന്റെ 

അനിയന്ത്രിതമായ യാത്ര സമ്മാനിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് പറയാനൊരുപാട് 

കാര്യങ്ങളുണ്ട്.      അദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യം     ജീവിതത്തില്‍ ഏതു ദുഃഖവും അതെത്ര മനസ്സിനെ മഥിയ്ക്കുന്നതായാലും 

തല്ക്കാലത്തേയ്ക്കെങ്കിലുമൊന്നു മാറ്റിവെയ്ക്കാന്‍  മനസ്സ് തയ്യാറാകുന്ന സന്ദര്‍ഭമുണ്ട്‌ - 

സ്വന്തം കര്‍ത്തവ്യം യഥാവിധി പാലിയ്ക്കുന്ന അവസരങ്ങള്‍. അത് ശരിയായി ചെയ്യാന്‍ 

കഴിഞ്ഞു എന്ന സാര്‍ത്ഥകത നല്‍കുന്ന സംതൃപ്തിയുടെ നിമിഷങ്ങള്‍ - തന്റെ 

കലിയുഗമെന്ന  നോവല്‍ സിനിമയാകാനൊരുക്കങ്ങള്‍  നടക്കുന്ന കാലം, 

നാല്പത്തേഴുദിവസത്തെ എന്‍. ജി. ഒ – അദ്ധ്യാപകസമരത്തിന്റെ കാലം – ഒരേ സമയം 

ആഹ്ലാദത്തിന്റേയും അസ്വസ്ഥതയുടേയും ഭാരം പേറി നടന്ന ദിവസങ്ങള്‍. 

 സമരമവസാനിച്ചപ്പോള്‍  പരീക്ഷയ്ക്ക് മുമ്പുള്ള കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 

പാഠങ്ങളെടുത്തു തീര്‍ക്കാനുള്ള തിരക്കിലായി. മറ്റെല്ലാം മറന്നു. നഷ്ടപ്പെട്ട ദിവസങ്ങള്‍  

കൂടുതല്‍ സമയം അദ്ധ്വാനിച്ച് പരിഹരിച്ചപ്പോള്‍  കുട്ടികള്‍ക്ക് കനത്ത വിജയശതമാനം ! 

സമരം വേണ്ടി വന്നാലും മനസ്സില്‍ ക്ലാസ്സും കുട്ടികളും ഉണ്ടായിരിയ്ക്കണം എന്ന 

ഉപദേശമാണ്  ‘ ശങ്കരന്‍കുട്ടി വായിയ്ക്കാന്‍ ’  എന്ന ആത്മകഥാപരമായ ഈ കഥയി 

ലൂടെ കഥാകൃത്തിന് മുന്നോട്ടു വെയ്ക്കാനുളളത് .  ‘ മണ്ണോട്ടു കരയിലേയ്ക്കുള്ള വഴി ’ 

എന്ന കഥയിലും നിറഞ്ഞു നില്‍ക്കുന്നത്   ഒരദ്ധ്യാപകന്റെ ചാരിതാര്‍ത്ഥ്യമാണ് . 

കഥാകൃത്തിന്റെ ഉള്ളിലെ അദ്ധ്യാപകന്‍  നേരിട്ടെത്തി പറയും പോലെ പ്രത്യക്ഷാനുഭൂതി 

ഉളവാക്കുന്ന കഥകള്‍.


    പതിനഞ്ച്  കഥകളാണീ സമാഹാരത്തില്‍. പുസ്തകത്തിന്റെ ആദ്യപേജില്‍  കഥാകൃത്ത്  

കുറിച്ചിട്ടിരിയ്ക്കുന്നു – ‘ കണ്ണീരിന്റെ നനവുള്ള കാലമേ, നിനക്ക് ’ . മനസ്സില്‍ 

ഉര്‍വ്വരതയുടെ ഗന്ധം നിറയ്ക്കുന്ന ഭാവവൈവിദ്ധ്യം പൂണ്ട കഥകള്‍  സമര്‍പ്പിയ്ക്കേണ്ടത് 

അനാദിയും അക്ഷയവുമായ കാലത്തിനല്ലാതെ മറ്റാര്‍ക്ക്  ? യാന്ത്രികതയുടേയോ 

നിരാര്‍ദ്രതയുടേയോ ലാഞ്ഛനയില്ലാത്ത കാവ്യഭംഗിയാര്‍ന്ന ഭാഷ ഉയിര്‍ നല്‍കുന്ന 

കഥകള്‍ക്ക്  ആദ്യസാക്ഷ്യം ‘ വയല്‍പ്പച്ചയുടെ ഗന്ധം ’ എന്ന ശീര്‍ഷകം തന്നെ. ഒരു 

കഥാസമാഹാരത്തിന്റെ ശീര്‍ഷകം അതിലെ എല്ലാ കഥകളുടേയും അന്തര്‍ഭാവം 

സംവഹിയ്ക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. പ്രത്യേകിച്ച് ആ പേരിലൊരു കഥ ഈ 

കൃതിയില്‍ ഇല്ലെന്നിരിയ്ക്കെ.                                                   

                                  വയല്‍പ്പച്ചയുടെ  ഗന്ധം
                             
                                  മുണ്ടൂര്‍ സേതുമാധവന്‍ 
                                                
                                                എസ്ച്വറി ബുക്സ് , ഒറ്റപ്പാലം
                                                         
                                                പേജ് : 136   വില : 75/-


(മലയാളസമീക്ഷ ഒക്ടോബര്‍ 15- നവംബര്‍ 15/ 2013)