ഇതിഹാസപുരാണാദികളിലെ സ്ത്രീകഥാപാത്രങ്ങള്‍ നമുക്ക് പറഞ്ഞു തരുന്നത്
ക്ഷമയുടെയും സഹനത്തിന്റെയും പാഠങ്ങളാണ്. പക്ഷേ ഈ പാഠങ്ങള്‍ അവര്‍ക്കെന്നും നല്‍കിയത്
ദുരിതങ്ങള്‍ മാത്രമാണ് .ദമയന്തിയും ശകുന്തളയും സാവിത്രിയുമെല്ലാം അഗ്നി
പരീക്ഷണങ്ങളിലൂടെ ജീവിത വിജയം കൈവരിച്ചു. പക്ഷേ പരീക്ഷണങ്ങള്‍ മേല്‍ക്കുമേല്‍
ഏറ്റുവാങ്ങി ദഗ്ദ്ധമനസ്കകളായി ത്തീര്‍ന്ന പല സ്ത്രീകഥാപാത്രങ്ങളേയും നാം
പുരാണ ത്തില്‍ കാണുന്നുണ്ട്. അച്ഛന്‍ , ഭര്‍ത്താവ് , മകന്‍ എന്നിവരുടെ
സംരക്ഷണത്തില്‍ സ്ത്രീ സുരക്ഷിതയാണെന്നു മനുസ്മൃതി അനുശാസി യ്ക്കുന്നു.
ഇവരിലൊരാളുടെ ദുഷ്ടത തന്നെ സ്ത്രീജന്മം നരകതുല്യമാക്കാന്‍ ധാരാളമാണെന്നിരിയ്ക്കേ
അച്ഛന്റേയും സഹോദരന്റേയും ഭര്‍ത്താവിന്റേയും പുത്രരുടേയും ദുഷ്ടത കൊണ്ട് ജന്മം
മുഴുവന്‍ എരിഞ്ഞു തീര്‍ന്ന ഒരു സ്ത്രീയെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അമ്മ
എന്ന് മാത്രം പറഞ്ഞാല്‍ മതി ആ കഥാപാത്രത്തെപ്പറ്റി. കാരണം അത്ര കനത്ത
പുത്രസമ്പത്തിന്റെ ഉടമയാണവള്‍. ഓരോ പുരുഷനും യഥാകാലം മാനസികമായി നല്‍കിയ
ദുരിതങ്ങള്‍ക്കിരയാണവള്‍. എവിടെ നിന്നും അവള്‍ക്കൊരിയ്ക്കലും സംരക്ഷണം ലഭിച്ചില്ല.
സമ്പല്‍സമൃദ്ധമായ രാജ്യവും , രാജകീയ സുഖഭോഗങ്ങളും , രാജപത്നി, രാജമാതാവ്, എന്നീ
പദവികളും ലഭിച്ചിട്ടും മനഃശാന്തി എന്തെന്നറിയാത്തവള്‍ - ഗാന്ധാരി.
![]() |
നൂറു പുത്രര്‍ക്കമ്മയാകും എന്ന ശിവാനുഗ്രഹം ലഭിച്ചവളാണ് ഗാന്ധാരി. സംഹാരദേവന്‍
നല്‍കിയ സൃഷ്ടിയുടെ വരദാനം – അതാണ് അടിസ്ഥാനപരമായി ഗാന്ധാരിയുടെ ദുരിതങ്ങള്‍ക്ക്
കളമൊരുക്കിയത്. കുലാഭിവൃദ്ധി ലക്ഷ്യമാക്കിയാണ് ഭീഷ്മര്‍ ഗാന്ധാരിയെ ധൃതരാഷ്ട്രര്‍ക്ക്
വധുവായി ആവശ്യപ്പെട്ടത്. സുബലന്‍ വംശം, പ്രശസ്തി, നാട്ടുനടപ്പ് എന്നിവ മുന്‍നിര്‍ത്തി
ഇഷ്ടമില്ലെങ്കിലും ആ ബന്ധം അംഗീകരിച്ചു.
ധൃതരാഷ്ട്രനു കണ്ണില്ലെന്നഥ ഗാന്ധാരി കേട്ടുതേ
തന്നെക്കൊടുക്കിന്നതവന്നച്ഛനമ്മകളെന്നുമേ
ഉടന്‍ പട്ടൊന്നെടുത്തിട്ടു മടക്കീട്ടവള്‍ തന്നുടെ
കണ്ണില്‍ കാഴ്ച കെടും വണ്ണം കണ്ണു കെട്ടീ പതിവ്രത
ഭര്‍ത്താവിന്നഭ്യസൂയയ്ക്കു വര്‍ത്തിയ്ക്കില്ലെന്നുറച്ചവള്‍
- ഗാന്ധാരി സഹധര്‍മ്മമാചരിച്ചു എന്നാണു വാച്യമായി പറയുന്നതെങ്കിലും
പ്രതിഷേധത്തി ന്റെ അംശം ഇവിടെ തെളിഞ്ഞു കിടപ്പുണ്ട്. തനിയ്ക്ക് കിട്ടിയ വരം പോലും
ശാപമായി ത്തീര്‍ന്നപ്പോഴും തന്റെ
ആഗ്രഹങ്ങളെല്ലാം നിഷ്പ്രഭമായിത്തീര്‍ന്നപ്പോഴും ഗാന്ധാരിയ്ക്ക് പ്രതിഷേധവും നിരാശയും
തോന്നുന്നുണ്ട്. പക്ഷേ ആ പ്രതിഷേധം പ്രകടമാകുന്നില്ല. ഗാന്ധാരി അത് കടിച്ചമര്‍ത്തുകയാണ്
ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതിങ്ങനെ പൊട്ടിത്തെറിയ്ക്കുന്നുവെന്നു മാത്രം.
കുന്തി ആദ്യം അമ്മയായതറിഞ്ഞപ്പോള്‍ ദേഷ്യവും നിരാശയും സഹിയ്ക്കാനാകാതെ തന്റെ
വയറ്റത്താഞ്ഞിടിച്ചതാണ് മറ്റൊരു സന്ദര്‍ഭം.
ധൃതരാഷ്ട്രരുടെ പത്നിയായതു കൊണ്ട് ഗാന്ധാരിയ്ക്ക് ലഭിച്ച മഹാറാണീപദം യഥാര്‍ത്ഥ ത്തില്‍ അനര്‍ഹമായിരുന്നു. പാണ്ഡുവിന്റെ യാത്രയും
മരണവുമൊക്കെയാണ് ധൃതരാ ഷ്ട്രര്‍ക്ക് രാജ്യം ഭരിയ്ക്കാനുള്ള അവസരം നല്‍കിയത് – പ്രതിപുരുഷസ്ഥാനം. ജന്മാ ന്ധനായ
ധൃതരാഷ്ട്രരെപ്പോലെ ഗാന്ധാരിയും തന്റെ മകന്
രാജ്യാവകാശം ലഭിയ്ക്കണ മെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണിത്ര
അവിവേകം പ്രകടിപ്പിയ്ക്കത്ത ക്കതായ കോപതാപാദികള്‍ക്കടിമയായത്. തന്റെ മകന് രാജ്യാവകാശം ലഭിയ്ക്കണമെ ന്ന ആഗ്രഹത്തിന്റെ
തകര്‍ച്ചയാണിവിടെ പ്രകടമായത്. ആ തകര്‍ച്ച പൂര്‍ണ്ണമായത് മക്കള്‍ അധര്‍മ്മികളായി
വളരുന്നത് കണ്ടപ്പോഴാണ്. അത് പറഞ്ഞു തിരുത്താന്‍ ഗാന്ധാരിയ്ക്കാ യതുമില്ല.
അര്‍ഹിയ്ക്കാത്തത് കൈവശപ്പെടുത്താന്‍ ഗാന്ധാരി ഒരിയ്ക്കലും ശ്രമിച്ചില്ല.
കുലാന്തക നായ പുത്രനെ ഉപേക്ഷിയ്ക്കുകയാണ് നല്ലതെന്ന ഉപദേശത്തോട് ധൃതരാഷ്ട്രരോളം
വിസമ്മതം ഗാന്ധാരിയ്ക്കുണ്ടായിരുന്നില്ല. മക്കളുടെ ദുഷ്കൃത്യങ്ങളെ ഗാന്ധാരി
ഒരിയ്ക്ക ലും പ്രോത്സാഹിപ്പിച്ചിട്ടില്ല. സഹോദരീസ്നേഹത്തിന്റെ പേരില്‍
അനന്തരവന്മാരോടു ചേര്‍ന്നു നിന്ന ശകുനി ഗാന്ധാരിയെ പരിഗണിച്ചിട്ടേയില്ല എന്നതാണ്
സത്യം. സമ്പദ് സമൃദ്ധമായ , വിശാലമായ ഹസ്തിനപുരം അവരുടെ കൈവശത്തിലെത്തണമെന്ന തായിരുന്നു
ശകുനിയുടെ താല്പര്യം. പെങ്ങളുടെ നീറുന്ന മനസ്സ് കാണാന്‍ ആ കുടിലബുദ്ധി ഒരിയ്ക്കലും
ശ്രമിച്ചിട്ടില്ല. ആ ഒരൊറ്റ വ്യക്തിയുടെ അഭാവത്തില്‍ ഗാന്ധാരിയുടെ ജീവിതം സമാധാനപൂര്‍ണ്ണമാകുമായിരുന്നു. പുത്രവാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രര്‍ അവരുടെ ദുഷ്ചെയ്തികളെ
വിലക്കിയില്ലെന്നേയുള്ളൂ , പ്രേരിപ്പിച്ചിട്ടില്ല. ധര്‍മ്മിഷ്ഠയായ ഗാന്ധാരിയ്ക്ക്
ഭര്‍ത്താവിനേയും മക്കളേയും ഒരിയ്ക്കലും ധര്‍മ്മമാര്‍ഗ്ഗത്തിലേയ്ക്കാന യിയ്ക്കാന്‍
കഴിയാതെ പോയതും ശകുനി കാരണമാണ്.
വ്യാസമുനി ധൃതരാഷ്ട്രര്‍ക്കും
ഗാന്ധാരിയ്ക്കും നല്‍കിയ കണ്‍കെട്ട്
വെറുമൊരു അന്ധ തയല്ല ന്യായാന്യായങ്ങള്‍
കണ്ടറിയാനുള്ള ശേഷി ജന്മനാ ഇല്ലാത്തവനാണ് ധൃതരാ ഷ്ട്രര്‍ .കര്‍മ്മം
കൊണ്ട് അത് വെടിയേണ്ടി വന്നവളാണ് ഗാന്ധാരി. ന്യായാന്യായങ്ങള്‍ മനസ്സിലാക്കാനുളള വിവേകമുണ്ടായിട്ടും ഗാന്ധാരിയ്ക്ക് യാതൊന്നും ചെയ്യാനായില്ല. വസ്ത്രാക്ഷേപവേളയില്‍ ദുര്‍ന്നിമിത്തങ്ങള്‍
കണ്ടു ഭയന്ന ഗാന്ധാരി ധൃതരാഷ്ട്രരോട് ദുര്യോധനനെ പിന്തിരിപ്പിയ്ക്കാനാവശ്യപ്പെട്ടു
; മക്കള്‍ അനുദ്യൂതത്തിനൊരുങ്ങുന്നത് കണ്ടപ്പോള്‍
ധൃതരാഷ്ട്രരോട് കുലവൈരിയായ പുത്രനെ ഉപേക്ഷിയ്ക്കാന്‍ പറഞ്ഞു. ധൃതരാഷ്ട്രര്‍ ഗാന്ധാരിയുടെ വാക്കുകള്‍ ഒരിയ്ക്കലും
ചെവിക്കൊണ്ടില്ല. പക്ഷേ ധൃതരാഷ്ട്രര്‍ക്കും, വ്യാസനും, സഞ്ജയനുമൊക്കെ ഗാന്ധാരിയുടെ
ധര്‍മ്മനിഷ്ഠയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. യുദ്ധമുണ്ടായാല്‍ ആര്‍ തോല്‍ക്കുമെന്ന്
ധൃതരാഷ്ട്രര്‍ ചോദിച്ച പ്പോള്‍ സഞ്ജയന്‍
പറഞ്ഞത് വ്യാസന്റേയും ഗാന്ധാരിയുടേയും
സാന്നിദ്ധ്യത്തില്‍ താന്‍ മറുപടി പറയാം, അവര്‍ക്ക് തീര്‍പ്പ് പറയാനും അസൂയയകറ്റാനും
കഴിയുമെന്നാണ്. യുദ്ധത്തിനു മുമ്പ്
പാണ്ഡവര്‍ സന്ധിശ്രമം നടത്തുമ്പോള്‍
എതിര്‍ത്തു നിന്ന ദുര്യോധനനെ ഉപദേശിയ്ക്കാന്‍ ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടാണാവശ്യപ്പെട്ടത്
.മകനെ പിന്താങ്ങി ദുര്‍മാര്‍ഗ്ഗിയാക്കിയത് അച്ഛന്‍ തന്നെയാണെന്ന് ഗാന്ധാരി കുറ്റപ്പെടുത്തി.
വിഫലയത്ന മെങ്കിലും മകനെ ലോഭമടക്കി ശമം കൈവരിയ്ക്കാന്‍ ഉപദേശിച്ചു.
ധര്‍മ്മപക്ഷത്തായിരുന്നു നിലയെങ്കിലും ചില അധര്‍മ്മങ്ങള്‍ പാണ്ഡവര്‍ക്ക് പ്രവര്‍ത്തി യ്ക്കേണ്ടി വന്നിട്ടുണ്ട്. അതിനു ചില
ന്യായീകരണങ്ങളുണ്ടായിരുന്നിരിയ്ക്കാം. പക്ഷേ വിജയം കൈവരിച്ച അവര്‍ ഗാന്ധാരിയുടെ
മുന്നില്‍ ചെല്ലാന്‍ ഭയന്നു. യുധിഷ്ഠിരന്‍ കൃഷ്ണ നോട് ആദ്യം ചെന്ന് ഗാന്ധാരിയെ
സമാധാനിപ്പിയ്ക്കാനപേക്ഷിച്ചു.
“ ക്രോധരക്താക്ഷയായ് പുത്രശോകം
പൂണ്ടവളെപ്പരം
നോക്കാനാരൊരുവന്‍ ശക്തന്‍ നീയെന്യേ പുരുഷോത്തമാ
അവിടേയ്ക്കങ്ങു പോകേണമെന്നു തോന്നുന്നു മാധവ”
കൃഷ്ണനും വ്യാസനും ഗാന്ധാരിയെ ഉപദേശിച്ചു സമാധാനിപ്പിയ്ക്കുന്നുണ്ട് . ആ
തപോബലത്തെ അവരും ഭയാശങ്കയോടെ അംഗീകരിച്ചിരുന്നുവെന്നു സാരം. ആധി കൊണ്ട് തന്റെ
ബുദ്ധി ചലിച്ചുവെന്ന് ഗാന്ധാരി
ഏറ്റുപറഞ്ഞു.
“കുന്തിയെപ്പോലെ കൌന്തേയരെന്നാലും പാല്യരാണിവര്‍
എന്നാലെന്ന വിധം രക്ഷ്യരാണല്ലോ ധൃതരാഷ്ട്രനാല്‍
ദുര്യോധനന്റെ കുറ്റത്താല്‍
ശകുനിത്തെറ്റിനാലുമേ
കര്‍ണ്ണദുശ്ശാസനത്തെറ്റു കൊണ്ടും പറ്റീ കുരുക്ഷയം”
എന്ന് ഗാന്ധാരി ശരിയാംവിധം ഗ്രഹിച്ചിരുന്നു. പക്ഷേ പാണ്ഡവര്‍ മുന്നിലെത്തിയപ്പോള്‍ ഗാന്ധാരിയ്ക്ക്
മനസ്സടക്കാനായില്ല. ദുര്യോധനനെ അധര്‍മ്മമാര്‍ഗ്ഗത്തില്‍ തച്ചുവീഴ്ത്തി യതിനായിരുന്നു ദേഷ്യം. ഭീമന്‍
താനത് ആത്മരക്ഷാര്‍ത്ഥം ചെയ്തതാണെന്ന്
പറഞ്ഞു ക്ഷമായാചനം ചെയ്തു. ദുര്യോധനന്‍ തങ്ങളോടു ചെയ്ത അധര്‍മ്മങ്ങളോരോന്നും
എടുത്തു പറഞ്ഞു ഭീമന്‍ സ്വയം ന്യായീകരിച്ചു. നിവൃത്തിയില്ലാതെയാണ് താനാ കൊല
ചെയ്ത തെന്ന് പറഞ്ഞു. ദുശ്ശാസനന്റെ ചോര കുടിച്ചത് ശരിയായില്ലെന്നായിരുന്നു
ഗാന്ധാരിയുടെ അടുത്ത ആരോപണം. ചോര
കുടിച്ചില്ലെന്നു ഭീമന്‍ നിഷേധിച്ചു. അന്ന് പുത്രരെ നിയന്ത്രിച്ചു നിര്‍ത്താതെ
ഇന്നെന്തിനു തങ്ങളെ കുറ്റപ്പെടുത്തുന്നുവെന്നും ഭീമന്‍ ചോദിച്ചു.
വൃദ്ധന്റെ നൂറാത്മജരെക്കൊല്‍വോന്‍ നീയപരാജിതന്‍
കുറ്റം കുറഞ്ഞൊരുവനെശ്ശേഷിപ്പിയ്ക്കാഞ്ഞതെന്തുവാന്‍
ഉണ്ണീ, നീ രാജ്യം പോയ വൃദ്ധരായ ഞങ്ങള്‍ക്കു സന്തതി
അന്ധദ്വയത്തിനു വടിയൊന്നെന്തേ വിട്ടിടാഞ്ഞു നീ
എന്ന ഗാന്ധാരിയുടെ അടുത്ത ചോദ്യത്തില്‍ ആ അമ്മയുടെ മാനസികാവസ്ഥ തികച്ചും
പ്രകടമാകുന്നുണ്ട്. അതിന്റെ മറുപടിയ്ക്കായി ഗാന്ധാരി കാത്തുനില്‍ക്കുന്നില്ല.
ഭീമന്‍ മുമ്പ് പറഞ്ഞ മറുപടികള്‍ തന്നെ ഒരമ്മയെന്ന നിലയ്ക്ക് ഗാന്ധാരിയുടെ
പരാജയത്തെ എടുത്തു കാണിയ്ക്കുന്നതാണ്. അതവര്‍ക്ക് സ്വയം ബോദ്ധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം.
ധാര്‍ത്തരാ ഷ്ട്രരെ മുഴുവന്‍ കൊന്നൊടു ക്കിയതിനാലാകാം ഭീമനോടാണ് ഗാന്ധാരി
സംസാരിച്ചത്. അര്‍ജ്ജുനന്‍ ഭയന്ന്
കൃഷ്ണന്റെ പിന്നിലൊളിച്ചു നില്‍ക്കുകയായിരുന്നു. കണ്‍കെട്ടിനിടയിലൂ ടെ
ഗാന്ധാരിയുടെ ദൃഷ്ടി പതിഞ്ഞ യുധിഷ്ഠിരന്റെ കാല്‍നഖം കറുത്തു പോയി.കുരുക്ഷേത്ര യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണക്കാരാരായിരുന്നുവെന്ന് ഗാന്ധാരിയ്ക്കറിയാമായിരുന്നു.
തന്റെ തെറ്റും മനസ്സിലാക്കിയിരുന്നു. പക്ഷേ മക്കളുടെ മരണത്തിനു കാരണക്കാര്‍
മുന്നില്‍ വന്നു നിന്നപ്പോള്‍ അവര്‍ക്ക് സ്വയം നിയന്ത്രിയ്ക്കാനായില്ല. മക്കള്‍
അധര്‍മ്മചാരികളാ ണെങ്കിലും അവരെല്ലാവരും നഷ്ടപ്പെട്ടപ്പോള്‍ ധര്‍മ്മബോധത്തിനു
മേലെയായി മാതൃദുഃഖം ആ മനസ്സിനെ ഭരിയ്ക്കുന്നത് കാണാം.
യുദ്ധക്കളത്തില്‍ ദാരുണമായ കാഴ്ചകള്‍ കണ്ട ഗാന്ധാരി അവിടെ ജീവനറ്റു കിടന്ന
എല്ലാ വര്‍ക്കും വേണ്ടിയാണ് വിലപിച്ചത്. എല്ലാവരുടെയും വിധവകള്‍ക്കു വേണ്ടിയാണ്
കര ഞ്ഞത്. മനസ്സ് തുറന്നു സംസാരിയ്ക്കാനാകാത്ത വിധം ബന്ധനസ്ഥരായ, വാക്കുകള്‍ക്ക ല്പം
പോലും വില കല്പിയ്ക്കാതെ പിന്‍ തള്ളപ്പെടുന്ന സ്ത്രീകള്‍ തന്നെയാണെപ്പോഴും
ദുഃഖിയ്ക്കുന്നതെന്ന് മനസ്സിലാ ക്കാന്‍ ആ സ്ത്രീഹൃദയത്തിന് , മാതൃഹൃദയത്തിന് കഴിഞ്ഞു.
പാണ്ഡവരോടുണ്ടായ ദേഷ്യം പാണ്ഡവപക്ഷ ത്തെ വിധവകളോട് ഗാന്ധാരിയ്ക്ക് തോന്നിയില്ല.
കൃഷ്ണന്‍ യുദ്ധത്തിനു മുമ്പ് സന്ധിശ്രമത്തിനായി ഹസ്തിനപുരത്ത് ചെന്നി രുന്നു. അന്ന്
ദുര്യോധനന്‍ കൃഷ്ണനെ ബന്ധനസ്ഥനാക്കാനും അധിക്ഷേപിയ്ക്കാനും ശ്രമി യ്ക്കുകയും
ചെയ്തിരുന്നു. പക്ഷേ അതോര്‍ക്കാനുള്ള മനഃസന്നിദ്ധ്യം ആ കൊലക്കള ത്തിനു നടുവില്‍
നില്‍ക്കേ ഗാന്ധാരിയ്ക്കുണ്ടായില്ല. ആ മരണങ്ങള്‍ക്ക് മുഴുവന്‍ ഉത്തര വാദി കൃഷ്ണനാണെന്നും
, കൃഷ്ണന്‍ ശ്രമിച്ചിരുന്നെങ്കില്‍ യുദ്ധമൊഴിഞ്ഞേനെ എന്നും കുറ്റപ്പെ ടുത്തി
കൃഷ്ണനെ ശപിച്ചു.
പതിവ്രത, മഹാഭാഗ, സഹധര്‍മ്മം ചരിപ്പവള്‍, ഉഗ്രമാകും തപസ്സുള്ളോള്‍, നിത്യവും സത്യവാദിനി,
സര്‍വ്വഭൂതഹിതൈഷിണി – എന്നൊക്കെയാണ് വ്യാസമുനി ഗാന്ധാരിയെ
വിശേഷിപ്പിച്ചിട്ടുള്ളത്. തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കവിയുടെ സങ്കല്പങ്ങളാണിവിടെ
പ്രകടമാകുന്നത്. തന്റെ ധര്‍മ്മ ബോധത്തിനനുസരിച്ച് ജീവിയ്ക്കാന്‍ നിഷ്ക്കര്‍ഷയോടെ പാലിച്ച നിഷ്ഠയാണ് ഗാന്ധാരിയെ ദുഃഖിപ്പിച്ചത്.
മക്കള്‍ അധര്‍മ്മികളായി വളരുന്നത് കണ്ടപ്പോള്‍ ആ അമ്മ വേദനിച്ചു. യുദ്ധത്തിനു പോകും മുമ്പ് അനുഗ്രഹമര്‍ത്ഥിച്ചു
വന്ന ദുര്യോധനനോട് ധര്‍മ്മമുള്ളിടത്താണ് ജയം എന്നാണു ഗാന്ധാരി പറഞ്ഞത്. പുത്രനെ
ആശംസിയ്ക്കാന്‍ കഴിയാതെ , പുത്രന് വിപരീതമായി ഭവിയ്ക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ
ധര്‍മ്മത്തിന് ജയമാശംസിയ്ക്കേണ്ടി വന്ന അമ്മയുടെ വേദന ഗാന്ധാരി സഹി ച്ചതും ധര്‍മ്മബോധം
നല്‍കിയ ആത്മബലം കൊണ്ടുതന്നെ. ഗാന്ധാരിയുടെ
രോഷം തന്റെ വിധിയോട് തന്നെയായിരുന്നു. മനസ്സിലുള്ള ആ രോഷവും , പുത്രോല്‍ക്കര്‍ഷേച്ഛയും
പ്രകടമാ ക്കാന്‍ ഗാന്ധാരിയ്ക്കൊരിയ്ക്കലും കഴിഞ്ഞില്ല. കാരണം അത് ധര്‍മ്മവിരുദ്ധ മായിരുന്നു.
ആ വൈരുദ്ധ്യം അവരെ എന്നും ദുഃഖിപ്പിച്ചു.
(കാളീചക്ര 2011
ശ്രീ രുധിരമഹാകാളിക്കാവ് പൂരം സ്മരണിക
കുമരനെല്ലൂര്‍)