ഏതൊരു വ്യക്തിയുടെയും സങ്കല്പലോകത്തിന്റെ നിറവു അയാളുടെ കുട്ടിക്കാലം
മുതല്‍ക്കേ പരിചിതമായ ചുറ്റുപാടായിരിയ്ക്കും. എപ്പോഴും എന്തെഴുതുമ്പോഴും ഉണ്ടാക്കി
യെഴുതുമ്പോഴും ആ തട്ടകം ഓര്‍മ്മകള്‍ നിരത്തി സാന്നിദ്ധ്യമറിയിച്ചുകൊണ്ട് അയാളുടെ ചുറ്റും
വന്നു നില്‍ക്കും - സാന്ത്വനമായി,ശകാരമായി, പ്രണയമായി, പരാതിയായി, വാത്സല്യമായി .
അതിന്റെ സമൃദ്ധി അയാള്‍ക്ക് അഭിമാനമാകും , സന്തോഷമാകും .അതിന്റെ വറുതികള്‍ ആ
മനസ്സില്‍ ആവലാതികളാകും.അതിന്റെ ഓരോ തുടിപ്പും താളവും അയാളുടെ
ഹൃദ്സ്പന്ദനങ്ങളാകും.ഈ പ്രവണത ശക്തമായിത്തന്നെ കാണുന്നു മുണ്ടൂര്‍ സേതുമാധവന്റെ
‘മുണ്ടൂര് ’ എന്ന കഥാസമാഹാരത്തില്‍. പുസ്തകത്തിനു കൊടുത്ത ശീര്‍ഷകം തന്നെ
ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പുസ്തകം സമര്‍പ്പിച്ചിരിയ്ക്കുന്നത് കല്ലടിക്കോടന്‍ മലയ്ക്ക് !

മല കരുത്താണ്, കനിവാണ്, കാവലാണ്, ധൈര്യമാണ്
– ഒരു നാടിന്റെ തന്നെ രക്ഷകനാണ്. അതിന്റെ എല്ലാ
കര്‍മ്മങ്ങള്‍ക്കും സാക്ഷിയാണ്. തന്റെ മനസ്സില്‍
പോറലുകളുണ്ടാക്കിയ, ഒന്ന് ശ്രദ്ധിയ്ക്കൂ എന്ന്
പിന്‍വിളി വിളിച്ചു തന്റെ മുഖം തിരിപ്പിച്ച
എല്ലാ ചെത്തങ്ങളുടെയും മിടിപ്പുകള്‍ ആ കടുപ്പത്തില്‍
ഉള്ളൊതുങ്ങുന്നുണ്ടെന്നു കഥാകാരനറിയുന്നു.
നന്മയുടെ സമൃദ്ധി
അണുകുടുംബങ്ങള്‍ സങ്കല്പവും യാഥാര്‍ത്ഥ്യവുമാകുന്നതിനുമുമ്പേ കൂട്ടായ്മയുടേതായ ഒരു
ജീവിതം നമുക്കുണ്ടായിരുന്നു. അസൂയയും, പിണക്കവും, പരദൂഷണവും,
ദേഷ്യവുമെല്ലാമുണ്ടെങ്കിലും അതിനെയെല്ലാം അതിവര്‍ത്തിയ്ക്കാന്‍ പര്യാപ്തമായ
സ്നേഹബന്ധങ്ങളുള്ള ഒരു ജീവിതം, അതിര്‍ കവിഞ്ഞ ആഗ്രഹങ്ങളില്ലാത്ത പരസ്പരം
സഹായിയ്ക്കാന്‍ മടി കാണിയ്ക്കാത്ത നന്മയുടെ സമൃദ്ധിയുള്ള ജീവിതം – അത് കാണാന്‍
കഴിയുക നാട്ടിന്‍പുറങ്ങളിലാണ്. കൃത്രിമതകളുടെ വെച്ചുകെട്ടലുകളില്ലാത്ത പെരുമാറ്റവും ,
തുറന്ന മനസ്സുമുള്ള അത്തരം ജീവിതം – താന്‍ കുട്ടിക്കാലം മുതല്‍ക്കേ കണ്ടു ശീലിച്ച ആ
സ്വച്ഛത കഥാകാരന്‍ മുണ്ടൂരിന്റെ പശ്ചാത്തലത്തില്‍ വിവരിയ്ക്കുന്നു. പാട്ടച്ചെണ്ടകളുടെ
മുഴക്കവും, പൊറാട്ടിന്റെ ഈണവും ഗ്രാമ്യാനുഭൂതികള്‍ക്ക് താളക്കൊഴുപ്പേകുന്നു.
നന്മയ്ക്കും മാനുഷികമൂല്യങ്ങള്‍ക്കും ആകരമായി കഥാകാരന്‍ കാണുന്നത്
നാട്ടിന്‍പുറത്തെയാണെന്നതിന്റെ പ്രധാന തെളിവ് ഇതിലെ ‘ മുണ്ടൂര്‍ ’ എന്ന കഥ തന്നെ.
പറഞ്ഞ ദിവസത്തിനു മുമ്പ് തന്നെ ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ കുറച്ചു കാശിനു വേണ്ടി കുഞ്ചു അലഞ്ഞു.
നാട്ടുകാര്‍ക്കാണെങ്കില്‍ വിശേഷം മുഴുവനറിയണം. വഴിയില്‍ കാണുന്നവരുടെയൊക്കെ
ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി കാശിനും കാറിനും വഴി കിട്ടാതെ ഒടുവില്‍
ദേഷ്യത്തോടെയും നിരാശയോടെയും കുഞ്ചു വീട്ടിലെത്തിയപ്പോള്‍ ഭാര്യ
പ്രസവിച്ചിരിയ്ക്കുന്നു. കുഴപ്പമൊന്നുമില്ല.അവിടെ താന്‍ വഴിയില്‍ കണ്ട എല്ലാവരും , ഗ്രാമം
മുഴുവനും എത്തിയിട്ടുണ്ട്. കാറ് കൊണ്ടുവരാമെന്ന് പറങ്ങോടന്‍ പറഞ്ഞപ്പോള്‍ ആ
കള്ളുകുടിയനെ വിശ്വാസമില്ലാത്തതുകൊണ്ട് കുഞ്ചു അരിശത്തോടെ ഒഴിഞ്ഞു
മാറിയതായിരുന്നു.ആ പറങ്ങോടനാണ് ഡോക്ടറെ വിളിച്ചു കൊണ്ടുവന്നത്. കൂട്ടായ്മയുടെ
നിഷ്കളങ്കമായ സ്നേഹത്തിന്റെ ഊഷ്മളത ഇവിടെ അനുഭൂതമാകുന്നു. ‘ഏട്ടന്‍ വന്നു’ എന്ന
കഥയില്‍ അനുജത്തിയുടെ സ്നേഹം മനസ്സിലാക്കിയ ഏട്ടത്തിയമ്മ തന്റെ
സ്വാര്‍ത്ഥചിന്തയില്‍ പശ്ചാത്തപിയ്ക്കുന്നു.ബന്ധങ്ങളുടെ ആത്മാര്‍ത്ഥത ഇല്ലായ്മയും
അത്യാവശ്യങ്ങളെയും മറികടന്നപ്പോള്‍ മനസ്സിലെ നന്മയ്ക്ക് മുന്‍തൂക്കം ലഭിയ്ക്കുന്ന
കാഴ്ചയാണിവിടെ കാണുന്നത്. മനസ്സില്‍ മൌനനൊമ്പരമുണര്‍ത്തുന്ന സ്നേഹത്തിന്റെയും,
വാത്സല്യത്തിന്റെയും, പ്രണയത്തിന്റെയുമൊക്കെ മധുരമാണ് ‘പുടവ’ എന്ന കഥയില്‍.
നഗരം നാട്യപ്രധാനം
നഗരജീവിതത്തിന്റെ മുഖമുദ്രകളാണ് വിശ്വാസരാഹിത്യവും ,ഉല്‍ക്കര്‍ഷേച്ഛയാലുള്ള
പരസ്പര മാത്സര്യവും , പരപീഡനോത്സുകതയും . സ്വാഭാവികമായും മനുഷ്യനെ
അതെത്തിയ്ക്കുക തിന്മയിലേയ്ക്കാണ്. ദുഷ് പ്രവൃത്തികള്‍ ചെയ്യാന്‍ മടിയില്ലാത്ത ഒരു
സമൂഹത്തിന്റെ ആപത്കരമായ വളര്‍ച്ചയാണ് പിന്നെ സംഭവിയ്ക്കുക. വേരുകളറുത്ത്
കൊണ്ടുള്ള വളര്‍ച്ച നിലനില്പില്ലാത്തതാണെന്നു നഗരജീവിതത്തിന്റെ ജടിലത
വ്യക്തമാക്കുന്നു.
കല്യാണി-ചില പ്രശ്നങ്ങള്‍ എന്ന കഥയിലെ സിനിമ തുടങ്ങും മുമ്പേ ഗേറ്റ് പൂട്ടാഞ്ഞത്
കഷ്ടമായി എന്ന് കരുതുന്ന മാധവന്‍കുട്ടി നഗരജീവിതത്തിന്റെ പ്രതിനിധിയാണ്.
അയാളുടെയും ഭാര്യ അമ്മുവിന്റെയും ഞായറാഴ്ചകളിലേയ്ക്ക് അഭയം ചോദിച്ചെത്തിയ
കല്യാണിയും മകള്‍ രമണിയും അവര്‍ക്ക് ഭയമാണ് നല്‍കിയത്. പിറ്റേന്ന് ഒരു പകല്‍
മുഴുവന്‍ അപ്രത്യക്ഷയായ രമണിയുടെ സന്ധ്യയ്ക്ക് ജീപ്പിലുള്ള വരവും , തനിയ്ക്ക് ജോലി
കിട്ടിയെന്നു പറഞ്ഞു ധൃതിയിലുള്ള പോക്കും നമ്മിലുളവാക്കുന്ന അസാന്മാര്‍ഗ്ഗികതയുടെ
ഭയാശങ്കകള്‍ നഗരജീവിതത്തിന്റെ ജീര്‍ണ്ണത സമ്മാനിയ്ക്കുന്നതാണ്. ഇവിടെ വിശ്വ
സിയ്ക്കാവുന്ന ഒരു രക്ഷകനുമില്ലെന്നു ഓര്‍മ്മിപ്പിയ്ക്കുന്ന കഥയാണ് ‘ ഉണ്ണിയാര്‍ച്ച
കരയുന്നു ’. വീട്ടില്‍ കാത്തിരിയ്ക്കുന്ന വിശക്കുന്ന വയറുകളെക്കുറിച്ചോര്‍ത്ത് ഇരുട്ടാവും
മുമ്പേ കടല വിറ്റുതീര്‍ക്കാന്‍ തിടുക്കപ്പെടുന്ന സീത അവളെ ആക്രമിയ്ക്കാനെത്തിയ ഒരു
സംഘത്തെ ഉണ്ണിയാര്‍ച്ചയുടെ വീര്യത്തോടെ കീഴ്പ്പെടുത്തി. എന്നിട്ട് ഇരുട്ടിലേയ്ക്ക്
നടന്നകന്ന അവള്‍ ഒറ്റയ്ക്ക് നിന്ന് കരഞ്ഞു – ആ സംഘത്തിന്റെ തലവന്‍ അവള്‍ക്കൊരു
നല്ല ജീവിതം വാഗ്ദാനം ചെയ്ത അവളുടെ രാഘവേട്ടനായിരുന്നു ! പഴനിമലയുടെ
പൊറാട്ട്പാട്ട് കേട്ട് ആസ്വദിച്ചുകൊണ്ട് , കുറെ കാലത്തിനു ശേഷം നാട്ടിലേയ്ക്ക്
തിരിച്ചുവരുന്ന ശേഖരന്‍ കുട്ടി കാര്‍ത്ത്യായനിയേയും , വെളിച്ചപ്പാടിനേയും ദേവകി
വാരസ്യാരെയുമൊക്കെ കണ്ടു സംസാരിച്ചു. ഗ്രാമനന്മകളുടെ ആ മാധുര്യം
നുകര്‍ന്നുകഴിഞ്ഞപ്പോഴേയ്ക്കും അയാളുടെ ആവേശം തണുത്തു. തന്റെ അനാഥമായ
വീട്ടിലേയ്ക്ക് പോകാതെ അയാള്‍ തിരിച്ചു പട്ടണത്തിലേയ്ക്ക് തന്നെ യാത്രയായി.
നാട്ടിന്‍പുറത്തെ വേരുകള്‍ മുറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നഗരത്തിന്റെ
ചിലന്തിവലയിലേയ്ക്ക് തന്നെ തിരിച്ചു പോകുകയെന്ന അനിവാര്യതയാണ് ‘വീട്ടിലേയ്ക്ക്
പോകുന്നു’ എന്ന ഈ കഥയ്ക്ക് പറയാനുള്ളത്. ഭൌതികമായ അന്യവല്‍ക്കരണം എങ്ങനെ
മനുഷ്യനെ അധ:പതനത്തിലേയ്ക്ക് നയിയ്ക്കുന്നുവെന്നു ഓര്‍മ്മിപ്പിയ്ക്കുകയാണ്
'നമുക്കും മുണ്ട് മുറുക്കിയുടുക്കാം ' എന്ന കഥയും. ഗതികേടുകളെ പൊങ്ങച്ചം കൊണ്ട്
മറയ്ക്കുകയല്ല മുണ്ട് മുറുക്കിയുടുത്ത് നേരിടുകയാണ് വേണ്ടതെന്ന ' സെല്‍ഫ്
റിലയന്‍സാ 'ണ് മനുഷ്യനുണ്ടാകേണ്ടതെന്ന സന്ദേശവും കഥാകാരന്‍ ഈ കഥയിലൂടെ
നല്‍കുന്നു.സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ അഭാവം മനുഷ്യ മനസ്സിനേയും
ജീവിതത്തെയും എങ്ങനെ നാശത്തിലേയ്ക്ക് നയിയ്ക്കുന്നുവെന്നു ‘ഇടവഴിയില്‍ വസന്തം’
എന്ന കഥയില്‍ കാണുന്നു.
ആത്മപീഡകമായ വിഹ്വലതകള്‍
ആധുനികതയുടെ പ്രധാനലക്ഷണം അവ്യക്തതയാണെന്ന ധാരണ പലപ്പോഴും
എഴുത്തുകാരേയും വായനക്കാരേയും വഴി തെറ്റിയ്ക്കാറുണ്ട്. പക്ഷേ ഭാഷയ്ക്ക്
സര്‍വ്വപ്രാധാന്യം കൈവരുമ്പോള്‍ ഇതിവൃത്തം അവ്യാഖ്യേയമാവുകയല്ല , മറിച്ച്
വ്യാഖ്യാനഭിന്നതകള്‍ക്ക് കളമൊരുക്കുകയാണ് ചെയ്യുന്നത് . മൂല്യച്യുതിയ്ക്കിരയാകുന്ന
സമൂഹത്തില്‍ മനുഷ്യന്‍ പലപ്പോഴും പരപീഡനത്തിനെന്നല്ല ആത്മപീഡനത്തിനു തന്നെ
വിധേയനാവുകയാണ്. ലക്ഷ്യബോധവും പ്രതീക്ഷയും പ്രത്യാശയുമില്ലാതെ നിരാര്‍ദ്രമാകുന്ന
മനസ്സിന്റെ വിഹ്വലതകള്‍ അവനവനുതന്നെ ഇഴപിരിച്ചെടുക്കാന്‍ കഴിയാത്ത
കുരുക്കുകളാകും. അവ്യക്തതയ്ക്ക് , അപൂര്‍ണ്ണതയ്ക്ക് ഈ അസ്വസ്ഥത സൃഷ്ടിയ്ക്കാന്‍
കഴിവേറുന്നു. അത് ദാര്‍ശനികമായ തലത്തിലേയ്ക്കുയരുന്നു, അഭയം പ്രാപിയ്ക്കുന്നു.
വായനക്കാരന്റെ മനസ്സിലുയരുന്ന ചോദ്യങ്ങള്‍ സംവാദങ്ങളാകുന്നു. അവ
ആത്മപരിശോധനയ്ക്കും , സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യംചെയ്യാനുമൊക്കെ
വായനക്കാരനെ പ്രേരിപ്പിയ്ക്കുന്നു.
‘ രാമന്‍കുട്ടി പറഞ്ഞത് ’ എന്ന കഥയിലെ കഥാനായകന് അനാഥനും സ്വതന്ത്രനുമായ
രാമന്‍കുട്ടിയുടെ ആശയങ്ങളുമായി ഒരിയ്ക്കലും യോജിയ്ക്കാനായില്ല. ബന്ധങ്ങളുടെ
കെട്ടുപാടുകള്‍ക്കുള്ളില്‍ കഴിയുന്ന അയാള്‍ക്ക് സ്വസ്ഥത ലഭിച്ചില്ല. ഒടുവില്‍
എല്ലാമുപേക്ഷിച്ചു പോകാനൊരുങ്ങുന്ന അയാളെ ആ ബന്ധങ്ങളുടെ മൂല്യമെന്തെന്നു
ബോദ്ധ്യപ്പെടുത്തി തിരിച്ചയയ്ക്കാന്‍ രാമന്‍കുട്ടിയെത്തുന്നു. രാമന്‍കുട്ടി എന്ത് പറഞ്ഞു ,
എന്തൊക്കെ പറഞ്ഞു എന്ന് കഥയിലൊരിടത്തും പറയുന്നില്ല. പക്ഷേ അതെന്താണെന്നത്
സുവ്യക്തമാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. ‘ ഗായത്രി ’ എന്ന കഥയില്‍
ചെറുകുടലില്‍ ഒരു ഗ്രോത്തിന്റെ വേദനയുമായി ജീവിയ്ക്കുന്ന ഭാര്യ ഗായത്രിയുടെ
ഓപ്പറേഷനെക്കുറിച്ചോര്‍ത്ത് ആധിയിലായിരുന്നു ദിവാകരന്‍. തന്റെ സഹപാഠി
യാണെന്നും താനൊരിയ്ക്കല്‍ കത്ത് നല്കിയവളാണെന്നും പറഞ്ഞുകൊണ്ട് മറ്റൊരു
ഗായത്രി മുന്നിലെത്തിയപ്പോള്‍ അയാള്‍ക്കവളെ മനസ്സിലായില്ല. പക്ഷേ ആ
കാന്തശക്തിയുള്ള രൂപം അയാളുടെ മനസ്സില്‍ പേടിപ്പിയ്ക്കുന്ന ഒരു രഹസ്യം പോലെ
നുഴഞ്ഞുകയറി. വീട്ടിലെത്തിയപ്പോള്‍ വാതില്‍ക്കല്‍ ഗായത്രി – അപര ! ഭാര്യയ്ക്ക് വേദന
കൂടിയപ്പോള്‍ അവളുടെ ജ്യേഷ്ഠന്‍ വന്നു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിയ്ക്കുക
യാണെന്നും താന്‍ യാദൃച്ഛികമായി ഇവിടെയെത്തിയതാണെന്നും ഗായത്രി പറഞ്ഞു. കാപ്പി
കൊണ്ടുവരാമെന്ന് പറഞ്ഞു അവള്‍ അടുക്കളയിലേയ്ക്ക് പോയപ്പോള്‍ അയാള്‍
സംശയിച്ചു – താന്‍ പോകേണ്ടത് അകത്തേയ്ക്കോ പുറത്തേയ്ക്കോ ? ആ രണ്ടു മുഖങ്ങളും
അയാള്‍ക്കു പരിചിതം തന്നെ. ഒന്നയാള്‍ ആഗ്രഹിച്ചത്. മറ്റേതയാള്‍ക്ക് ലഭിച്ചത്. ഒന്ന്
ആകര്‍ഷണം , മറ്റേത് ഇഷ്ടം.
ആരോടും പറയാതെ ഒരു ഇറക്കിക്കൊണ്ടുവരലിനും കല്യാണത്തിനുമൊരുങ്ങിയ
പ്രഭാകരന്‍ ആ ദിവസം പല്ലുവേദനയോടെയാണുണര്‍ന്നത് . തന്റെ കാഴ്ച
മങ്ങിയിരിയ്ക്കുന്നുവെന്നു കൂടി അറിഞ്ഞപ്പോള്‍ , ആ ദു:ഖത്തോടെ നടക്കുമ്പോഴാണ് തന്റെ
പരിചയക്കാരനായ വടക്കേലെ രാമന്‍കുട്ടിയെ കണ്ടത്. പക്ഷേ മനസ്സിലായില്ല. രാമന്‍കുട്ടി ,
പ്രഭാകരന്‍ റിട്ടയര്‍ ചെയ്തിരിയ്ക്കുന്നുവെന്നും മുടി ഡൈ ചെയ്യണമെന്നുമോര്‍മ്മിപ്പിച്ച്
താന്‍ ലക്ഷ്മിയുടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് തിരക്കോടെയകന്നു. താന്‍
പത്തുമണിയ്ക്ക് മുമ്പ് ചെന്നു കൂടെ കൊണ്ടുപോരാനുറപ്പിച്ചിരുന്ന തന്റെ ലക്ഷ്മി !
പ്രഭാകരന് സംശയമായി – താന്‍ ലക്ഷ്മിയെ എന്നെങ്കിലും കാണുകയുണ്ടായോ ?
വേദനകളും അസ്വസ്ഥതകളും നിറഞ്ഞ മനസ്സിന്റെ വിഭ്രമാത്മകമായ വിഹ്വലതകളാണ്
' നാളേയ്ക്കു നീളുന്ന സ്വപ്നം ’ എന്ന ഈ കഥയില്‍ കാണുന്നത്.
ഗുണത്രയത്തിന്റെ ഉപരിപ്ലവതയിലൊതുക്കി നിര്‍ത്താന്‍ കഴിയില്ല മനുഷ്യന്റെ
ഭാവഭേദങ്ങള്‍. കാലവും ഭൂമികയും അവനില്‍ സൃഷ്ടിയ്ക്കുന്ന ഭിന്നവികാരങ്ങള്‍ തീവ്രമായി,
രൂക്ഷമായി, സൌമ്യമായി ആവിഷ്ക്കരിയ്ക്കപ്പെടുന്നു. പതിനെട്ടു കഥകളാണീ
സമാഹാരത്തിലുള്ളത്. ഓരോന്നും ഈ പറഞ്ഞതിന്റെ പാഠഭേദങ്ങള്‍ തന്നെ.
ഭാഷ കവിതയാകുമ്പോള്‍
മുണ്ടൂര്‍ സേതുമാധവന്റെ കൃതിയെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്തത്ര
പ്രധാനമായി മുന്നിലെത്തുന്ന ഒരു ഘടകമുണ്ട് - അദ്ദേഹത്തിന്റെ ഭാഷ. വ്യംഗ്യത്തിന്റെ
വക്രത ഭാഷയ്ക്ക് സൗന്ദര്യവും ആശയത്തിന് ഗാംഭീര്യവുമേകും എന്നതിന്റെ സാക്ഷ്യമാണി
ദ്ദേഹത്തിന്റെ ഭാഷ. കഥയുടെ ശില്പഭദ്രതയ്ക്ക് മിഴിവേകുന്നു കവിതയുടെ മാസ്മരികത.
വളരെ കാലത്തിനു ശേഷം നാട്ടില്‍ വന്നപ്പോള്‍ മനസ്സില്‍ ഓര്‍മ്മകളുണരുന്നതിനെപ്പറ്റി
പറയുന്നത് ‘ രൂപം കേട്ട വരമ്പുകളില്‍ ചത്തുവീണ കാലം പിടഞ്ഞെഴുനേല്ക്കുന്നു ’
എന്നാണ്. ‘ മുളയുള്ള കാലുകള്‍ നിലത്തൂന്നി ആടിയാടി നടക്കും പോലെ’ യാണ്
അസ്വസ്ഥത പൂണ്ട ദിവസങ്ങള്‍ പതുക്കെ കടന്നുപോകുന്നത്. മനസ്സില്‍
അസ്വസ്ഥതയുണര്‍ത്തുന്ന ഇരുട്ട് പെട്ടെന്ന് പരന്നതിനു ‘ സന്ധ്യയുടെ കണ്ണുകള്‍ പെട്ടെന്ന്
പൊട്ടി ’ എന്നാണ് പറയുന്നത് . മനസ്സില്‍ നേരിയ പ്രതീക്ഷയുണരുന്നത് ‘ ഉള്ളിലെ ഏതോ
കോണില്‍ എണ്ണ കുറഞ്ഞ ഒരു തിരി കത്തുന്നത് ’ പോലെ .സാമ്പത്തിക കലഹങ്ങള്‍
ബന്ധങ്ങള്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ടിയ്ക്കുമ്പോള്‍ ‘ മുഖങ്ങളില്‍ മുണ്ടിട്ടുമൂടിയ
കല്ലടിക്കോടന്‍ പാറകള്‍ ’ കാഠിന്യമാകുന്നു.
കഥകള്‍ക്ക് നല്‍കുന്ന ശീര്‍ഷകങ്ങളിലെ വൈരുദ്ധ്യവും ഇവിടെ പുതുമയാകുന്നു.
രാമന്‍കുട്ടി പറഞ്ഞത് എന്താണെന്ന് പറയാത്ത കഥയുടെ പേര് ‘ രാമന്‍കുട്ടി പറഞ്ഞത് ’,

നാട്ടിലെത്തിയിട്ടും വീട്ടിലേയ്ക്ക് പോകാതെ
നഗരത്തിലേയ്ക്ക് തിരിയ്ക്കുന്നയാളുടെ
കഥയുടെ പേര് ‘ വീട്ടിലേയ്ക്ക് പോകുന്നു’ . ഏട്ടന്‍ വരാത്ത
കഥയുടെ പേര് ‘ഏട്ടന്‍ വന്നു’ !
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും താനറിഞ്ഞ അന്തരീക്ഷം ,
അതിന്റെ ഭാവപ്പകര്‍ച്ചകള്‍ , ഋതുഭേദങ്ങള്‍ , താളങ്ങള്‍ ,
ഭൂമിശാസ്ത്രം ,ഭാഷ, വ്യക്തികള്‍ , അവരുടെ
ഭാവഹാവാദികള്‍ - എല്ലാം വ്യക്തിമനസ്സില്‍
ആര്‍ക്കിടൈപ്പുകളായി തന്നെ സ്ഥാനം പിടിയ്ക്കാനിടയുണ്ട്. സ്വന്തമായൊരു
സ്ഥലപുരാണം സൃഷ്ടിയ്ക്കുമ്പോള്‍ ഇവയോരോന്നും സജീവസാന്നിദ്ധ്യമായുയര്‍ന്നുവരും.
വാക്കുകളില്‍ , ആശയങ്ങളില്‍ കേരളവും, പാലക്കാടും, മുണ്ടൂരും സ്ഥൂലത്തില്‍ നിന്ന്
സൂക്ഷ്മത്തിലേയ്ക്കെന്ന പോലെ യാത്ര ചെയ്യുന്നു. കടുത്ത ചൂടും പൊടിക്കാറ്റും
പാലക്കാടിന്റെ സവിശേഷമായ അസ്വസ്ഥതകളാണ്. വൃശ്ചികക്കുളിരും, മേടച്ചൂടും,
വറുതിക്കര്‍ക്കിടകവും ഇവിടെ പകര്‍ന്നാട്ടം നടത്തുന്നു.കല്ലടിക്കോടന്‍ മലയും, കാളിക്കുന്നും,
പൊറാട്ടും മുണ്ടൂരിന്റെ വാഴ്ത്തുപാട്ടുകളാകുന്നു. ഒരു ദീര്‍ഘമായ രചനാകാലത്തിനു ശേഷവും
നന്മയ്ക്കാധാരമായി തന്റെ ഗ്രാമത്തെയും , കൃതജ്ഞതയ്ക്കാധാരമായി കല്ലടിക്കോടന്‍
മലയേയും കാണുന്നുവെന്നതിന്റെ അര്‍ത്ഥം കഥാകാരന്റെ മനനങ്ങളില്‍
അത്രയ്ക്കഗാധമായ, കരുത്തുള്ള, മൃദുലമായ ഒരിടം ഈ വലയം നേടിയിട്ടുണ്ടെന്നതാണ് .
തന്റെ പേരിനൊപ്പം മാത്രമല്ല ജീവിതത്തോടും ഹൃദയത്തോടും തന്നെയാണ് ഇദ്ദേഹം
മുണ്ടൂരിനെ ചേര്‍ത്തുപിടിച്ചതെന്ന് വ്യക്തമാകുന്നു. മുണ്ടൂര് ലോകമാകുന്നതോടൊപ്പം
ലോകത്തിലെ ഏതു ഗ്രാമവും മുണ്ടൂരാണ് എന്ന കഥാകാരന്റെ വീക്ഷണം തന്റെ
മില്യുവിനോടുള്ള അദ്ദേഹത്തിന്റെ വിധേയത്വത്തിന്റെ സാകല്യമാണ്.
(സമകാലിക മലയാളം വാരിക 22 ഏപ്രില്‍ 2011)